---
title: "വീണ്ടും ആൾക്കൂട്ടകൊലപാതകം: ഹിന്ദു സമുദായാംഗമായ യുവാവിനെ അജ്ഞാതർ ജീവനോടെ ചുട്ടുകൊന്നു"
english_title: "Mob murder: A young man belonging to the Hindu community was burnt alive by unknown persons"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338169/mob-murder-a-young-man-belonging-to-the-hindu-community-was-burnt-alive-by-unknown-persons"
published_at: "2026-01-25T12:10:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6975bb1f00045_fire.jpg"
keywords: []
---

# വീണ്ടും ആൾക്കൂട്ടകൊലപാതകം: ഹിന്ദു സമുദായാംഗമായ യുവാവിനെ അജ്ഞാതർ ജീവനോടെ ചുട്ടുകൊന്നു

> **Lead Summary:** **ധാക്ക : **ബംഗ്ലദേശിൽ വീണ്ടും ആൾക്കൂട്ടകൊലപാതകം. ഉറങ്ങിക്കിടക്കുകയായിരുന്ന ഹിന്ദു സമുദായാംഗമായ യുവാവിനെ അജ്ഞാതർ ജീവനോടെ ചുട്ടുകൊന്നു.

## Article Content

**ധാക്ക : **ബംഗ്ലദേശിൽ വീണ്ടും ആൾക്കൂട്ടകൊലപാതകം. ഉറങ്ങിക്കിടക്കുകയായിരുന്ന ഹിന്ദു സമുദായാംഗമായ യുവാവിനെ അജ്ഞാതർ ജീവനോടെ ചുട്ടുകൊന്നു.

ബംഗ്ലദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതിനിടെയാണ് ഒരു യുവാവ് കൂടി അതിദാരുണമായി കൊല്ലപ്പെട്ടത്. നർസിംഗ്ഡി എന്ന പട്ടണത്തിലാണു സംഭവം. കുമില്ല സ്വദേശിയായ ചഞ്ചൽ ചന്ദ്രയാണ് (23) കൊല്ലപ്പെട്ടത്.

ഖനാബാരി മോസ്‌ക് മാർക്കറ്റ് ഏരിയയിലെ ഗാരേജിലാണ് ചഞ്ചൽ ചന്ദ്ര ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി ഉറങ്ങാൻപോയ യുവാവിനെ അജ്ഞാതർ ചേർന്ന് ആക്രമിക്കുകയായിരുന്നു.

ഗാരേജിന് തീയിട്ടതോടെ അകപ്പെട്ടുപോയ യുവാവ് വൈകാതെ പൊള്ളലേറ്റ് മരിച്ചു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നു നാട്ടുകാരും ദൃക്‌സാക്ഷികളും പറയുന്നു. ഗാരേജിന് തീയിടുന്നത് സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമികളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

2022ലെ സെൻസസ് പ്രകാരം ഏകദേശം 1.31 കോടി ഹിന്ദുക്കൾ ബംഗ്ലദേശിൽ താമസിക്കുന്നതായാണ് കണക്ക്. ജനസംഖ്യയുടെ 7.95 ശതമാനമാണ് ഇത്. ബംഗ്ലദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ നേരത്തേ ഇന്ത്യ ആശങ്ക ഉന്നയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338169/mob-murder-a-young-man-belonging-to-the-hindu-community-was-burnt-alive-by-unknown-persons)