---
title: "രഞ്ജി ട്രോഫി: മനൻ വോറയ്ക്കും അർജുൻ ആസാദിനും സെഞ്ചുറി; കേരളത്തിനെതിരെ ചണ്ഡീഗഡിന് കൂറ്റൻ ലീഡ്"
english_title: "Chandigarh has a huge lead against Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337926/chandigarh-has-a-huge-lead-against-kerala"
published_at: "2026-01-23T17:23:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6973617b4b0cc_truuu.jpg"
keywords: []
---

# രഞ്ജി ട്രോഫി: മനൻ വോറയ്ക്കും അർജുൻ ആസാദിനും സെഞ്ചുറി; കേരളത്തിനെതിരെ ചണ്ഡീഗഡിന് കൂറ്റൻ ലീഡ്

> **Lead Summary:** **[[truevisionnews.com]]** രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡീഗഡിനെതിരായ മത്സരത്തിൽ കേരളം കടുത്ത പ്രതിസന്ധിയിലേക്ക്. ആദ്യ ഇന്നിംഗ്‌സിൽ വെറും 139 റൺസിന് പുറത്തായ കേരളത്തിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ചണ്ഡീഗഡ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്.

## Article Content

**[[truevisionnews.com]]** രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡീഗഡിനെതിരായ മത്സരത്തിൽ കേരളം കടുത്ത പ്രതിസന്ധിയിലേക്ക്. ആദ്യ ഇന്നിംഗ്‌സിൽ വെറും 139 റൺസിന് പുറത്തായ കേരളത്തിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ചണ്ഡീഗഡ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്.

രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 367 റൺസ് എന്ന ശക്തമായ നിലയിലാണ് അവർ. നിലവിൽ അഞ്ച് വിക്കറ്റുകൾ ശേഷിക്കെ ചണ്ഡീഗഡിന് 229 റൺസിന്റെ നിർണ്ണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ട്.

മത്സരത്തിന്റെ രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ചണ്ഡീഗഡിനായി ക്യാപ്റ്റൻ മനൻ വോറയും അർജുൻ ആസാദും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇരുവരും സെഞ്ചുറി നേടി കേരള ബൗളർമാരെ സമ്മർദ്ദത്തിലാക്കി. 206 പന്തിൽ നിന്ന് 113 റൺസെടുത്ത മനൻ വോറയും 123 പന്തിൽ 102 റൺസ് നേടിയ അർജുൻ ആസാദും ചേർന്ന് രണ്ടാം വിക്കറ്റിൽ 161 റൺസാണ് കൂട്ടിച്ചേർത്തത്.

ഈ കൂട്ടുകെട്ടാണ് മത്സരത്തിൽ കേരളത്തിന്റെ പിടി അയയാൻ പ്രധാന കാരണമായത്. അർജുൻ ആസാദ് പുറത്തായതിന് പിന്നാലെ എത്തിയ ശിവം ബാംബ്രിയും (41) ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് സ്കോർ ബോർഡിലേക്ക് 82 റൺസ് കൂടി ചേർത്തു.

അപകടകാരികളായ മനൻ വോറയെയും ശിവം ബാംബ്രിയെയും വിഷ്ണു വിനോദ് പുറത്താക്കി കേരളത്തിന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും, പിന്നീട് വന്ന തരണ്‍പ്രീത് സിംഗും (25) അർജിത് സിംഗും ചേർന്ന് ചണ്ഡീഗഡിനെ തകർച്ചയിൽ നിന്ന് കരകയറ്റി.

തരണ്‍പ്രീത് സിംഗിനെ ശ്രീഹരി എസ് നായർ പുറത്താക്കിയെങ്കിലും, ക്രീസിലുള്ള അർജിത് സിംഗും (51*) വിഷുവും (11*) ചേർന്ന് ടീമിനെ 370-ന് അടുത്തെത്തിച്ചു. കേരളത്തിന് വേണ്ടി വിഷ്ണു വിനോദ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337926/chandigarh-has-a-huge-lead-against-kerala)