---
title: "കേരളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി ലുലു; കളമശ്ശേരിയിൽ ഭക്ഷ്യസംസ്‌കരണ കേന്ദ്രം വരുന്നു!"
english_title: "Food processing center coming up in Kalamassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337918/food-processing-center-coming-up-in-kalamassery"
published_at: "2026-01-23T16:43:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697357ee985a6_tru8.jpg"
keywords: []
---

# കേരളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി ലുലു; കളമശ്ശേരിയിൽ ഭക്ഷ്യസംസ്‌കരണ കേന്ദ്രം വരുന്നു!

> **Lead Summary:** **[[truevisionnews.com] ] **സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ കേരള പവലിയൻ തുറന്നതോടെ സംസ്ഥാനത്തേക്ക് കൂടുതൽ വൻകിട നിക്ഷേപങ്ങൾ എത്തുന്നു. കേരളത്തിൽ ഭക്ഷ്യസംസ്‌കരണ കേന്ദ്രം ഉൾപ്പെടെയുള്ള വിപുലമായ പദ്ധതികൾ ലുലു ഗ്രൂപ്പ് യാഥാർഥ്യമാക്കുമെന്ന് ചെയർമാൻ എം.എ. യൂസഫലി ചടങ്ങിൽ പ്രഖ്യാപിച്ചു.

## Article Content

**[[truevisionnews.com] ] **സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ കേരള പവലിയൻ തുറന്നതോടെ സംസ്ഥാനത്തേക്ക് കൂടുതൽ വൻകിട നിക്ഷേപങ്ങൾ എത്തുന്നു. കേരളത്തിൽ ഭക്ഷ്യസംസ്‌കരണ കേന്ദ്രം ഉൾപ്പെടെയുള്ള വിപുലമായ പദ്ധതികൾ ലുലു ഗ്രൂപ്പ് യാഥാർഥ്യമാക്കുമെന്ന് ചെയർമാൻ എം.എ. യൂസഫലി ചടങ്ങിൽ പ്രഖ്യാപിച്ചു.

കൊച്ചി കളമശ്ശേരി കേന്ദ്രീകരിച്ചായിരിക്കും ഭക്ഷ്യസംസ്‌കരണ ശാല വരുന്നത്. കേരളത്തിന്റെ തനത് ഉൽപന്നങ്ങൾക്ക് ലോക വിപണി ഉറപ്പാക്കുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കേരളത്തിന് പുറമെ ഉത്തർപ്രദേശിലും വലിയ നിക്ഷേപങ്ങൾക്കാണ് ലുലു ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. നോയിഡയിൽ പുതിയ മാൾ ആരംഭിക്കുന്നതിനൊപ്പം ലക്നൗവിന്റെ വിവിധ ഭാഗങ്ങളിൽ ലുലു ഹൈപ്പർ എക്‌സ്പ്രസ് മാർക്കറ്റുകൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തർപ്രദേശിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.

വ്യവസായ മന്ത്രി പി. രാജീവാണ് ദാവോസിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്തത്. നിക്ഷേപകർക്ക് അനുയോജ്യമായ ഇടമായി കേരളം മാറിയെന്ന സന്ദേശമാണ് 'ഭാവി നിക്ഷേപങ്ങൾക്ക് അനുയോജ്യമായ കേരളം' എന്ന പ്രമേയത്തിലുള്ള പവലിയൻ പങ്കുവെക്കുന്നത്.

ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337918/food-processing-center-coming-up-in-kalamassery)