---
title: "പപ്പായ ഉണ്ടോ? എങ്കിൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ; നാവിൽ കപ്പലോടിക്കുന്ന  രുചിയോടെ പപ്പായ മസാല കറി "
english_title: "Do you have papaya? Then try making this; Papaya Masala Curry with a mouth-watering taste"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337917/do-you-have-papaya-then-try-making-this-papaya-masala-curry-with-a-mouth-watering-taste"
published_at: "2026-01-23T16:36:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6973565475393_Do_you_have_papaya.jpg"
keywords: []
---

# പപ്പായ ഉണ്ടോ? എങ്കിൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ; നാവിൽ കപ്പലോടിക്കുന്ന  രുചിയോടെ പപ്പായ മസാല കറി 

> **Lead Summary:** **[** പപ്പായ കൊണ്ട് വെറും ഉപ്പേരിയോ മെഴുക്കുപുരട്ടിയോ ഉണ്ടാക്കി മടുത്തോ? എങ്കിൽ ഇറച്ചി കറിയെപ്പോലും വെല്ലുന്ന രുചിയിൽ ഒരു പപ്പായ മസാല കറി പരീക്ഷിക്കൂ. തേങ്ങ അരച്ചു ചേർത്ത് മസാലകൾ സമം ചേർത്ത ഈ കറി ചോറിനും ചപ്പാത്തിക്കും ബെസ്റ്റ് കോമ്പിനേഷനാണ്.

## Article Content

**[** പപ്പായ കൊണ്ട് വെറും ഉപ്പേരിയോ മെഴുക്കുപുരട്ടിയോ ഉണ്ടാക്കി മടുത്തോ? എങ്കിൽ ഇറച്ചി കറിയെപ്പോലും വെല്ലുന്ന രുചിയിൽ ഒരു പപ്പായ മസാല കറി പരീക്ഷിക്കൂ. തേങ്ങ അരച്ചു ചേർത്ത് മസാലകൾ സമം ചേർത്ത ഈ കറി ചോറിനും ചപ്പാത്തിക്കും ബെസ്റ്റ് കോമ്പിനേഷനാണ്.

കുഴച്ചുവെക്കാൻ ആവശ്യമായ ചേരുവകൾ

പപ്പായ - 500 ഗ്രാം

മുളകുപൊടി - 1/2 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

ഉപ്പ് - പാകത്തിന്

വെളിച്ചെണ്ണ - 1 ടീസ്പൂൺ

കറിവേപ്പില

**വഴറ്റാൻ ആവശ്യമായ ചേരുവകൾ**

വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ

കറുവപ്പട്ട - 2 ചെറുത്

ചെറിയ ഉള്ളി - 25 മുതൽ 30 വരെ

ഇഞ്ചി അരിഞ്ഞത് - 1/4 കപ്പ്

വെളുത്തുള്ളി അരിഞ്ഞത് - 1/4 കപ്പ്

പച്ചമുളക് - 2

കറിവേപ്പില

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ

കശ്മീരി മുളകുപൊടി - ഒന്നര ടീസ്പൂൺ

തക്കാളി - 2 ഇടത്തരം

**അരപ്പിന് ആവശ്യമായ ചേരുവകൾ**

തേങ്ങ ചിരകിയത് - 1 കപ്പ്

ചെറിയ ഉള്ളി - 4

ഉപ്പ് - പാകത്തിന്

ജീരകം - 1/4 ടീസ്പൂൺ

**താളിക്കാൻ ആവശ്യമായ ചേരുവകൾ**

വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

കടുക് - 1 ടീസ്പൂൺ

ഉണക്കമുളക് - 3

ചെറിയ ഉള്ളി അരിഞ്ഞത് - 1/2 കപ്പ്

കറിവേപ്പില

**തയ്യാറാക്കുന്ന വിധം**

ആദ്യം പപ്പായ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം 1/2 ടീസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, ഉപ്പ്, 1 ടീസ്പൂൺ വെളിച്ചെണ്ണ, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് കുഴച്ചുവെക്കുക.

ഒരു ഫ്രൈയിങ് പാനിലേക്ക് 4 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്തു ചൂടാക്കുക, ഇതിലേക്ക് ഒരു കഷണം കറുവപ്പട്ട, ചെറിയ ഉള്ളി (രണ്ട് സവാള) അരിഞ്ഞത്, പച്ചമുളക് രണ്ടെണ്ണം, 1/4 കപ്പ് ഇഞ്ചി അരിഞ്ഞത്, 1/4 കപ്പ് വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേർത്തു കൊടുത്തു നല്ല ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റിയെടുക്കുക.

അടുത്തതായി പൊടികൾ ചേർക്കാം, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടിയും ഒന്നര ടീസ്പൂൺ കാശ്മീരി ചില്ലി മുളക് പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു യോജിപ്പിച്ചതിനു ശേഷം രണ്ട് തക്കാളി അരിഞ്ഞതു ചേർക്കാം. തക്കാളി നല്ല സോഫ്റ്റ് ആയി വന്നാൽ നേരത്തെ പുരട്ടി വച്ചിരിക്കുന്ന പപ്പായ ചേർക്കാം, എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക.

ശേഷം മിക്സിയുടെ ചെറിയ ജാറിലേക്കു 1 കപ്പ് തേങ്ങ ചിരകിയത്, 4 ചെറിയ ഉള്ളി, പാകത്തിന് ഉപ്പ്, 1/4 ടീസ്പൂൺ ജീരകം, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്തു നന്നായി അരച്ചെടുക്കുക.

പപ്പായ നന്നായി വെന്ത ശേഷം ഈ തേങ്ങാ അരപ്പ് കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്യാം.

ഒരു ചെറിയ ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കിയതിനുശേഷം കടുകും ചെറിയുള്ളിയും പൊടിയായി അരിഞ്ഞതും കറിവേപ്പില, ഉണക്കമുളക് എന്നിവയും ചേർത്തു നന്നായി മൂപ്പിച്ച് കറിയിലേക്കു ചേർക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337917/do-you-have-papaya-then-try-making-this-papaya-masala-curry-with-a-mouth-watering-taste)