---
title: "'മെഡിക്കൽ ഉപരിപഠനത്തിന് വഴിയൊരുങ്ങുന്നു: എൻബിഇഎംഎസ് ഫെലോഷിപ്പ് എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു'"
english_title: "NBEMS Fellowship Entrance Exam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337698/nbems-fellowship-entrance-exam"
published_at: "2026-01-22T15:06:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971efa13684a_tru4.jpg"
keywords: []
---

# 'മെഡിക്കൽ ഉപരിപഠനത്തിന് വഴിയൊരുങ്ങുന്നു: എൻബിഇഎംഎസ് ഫെലോഷിപ്പ് എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു'

> **Lead Summary:** **[[truevisionnews.com]] **മെഡിക്കൽ രംഗത്തെ ഉപരിപഠനത്തിന് അവസരമൊരുക്കിക്കൊണ്ട് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് , 2025-ലെ ഫെലോഷിപ്പ് എൻട്രൻസ് ടെസ്റ്റിനായി അപേക്ഷ ക്ഷണിച്ചു.

## Article Content

**[[truevisionnews.com]] **മെഡിക്കൽ രംഗത്തെ ഉപരിപഠനത്തിന് അവസരമൊരുക്കിക്കൊണ്ട് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് , 2025-ലെ ഫെലോഷിപ്പ് എൻട്രൻസ് ടെസ്റ്റിനായി അപേക്ഷ ക്ഷണിച്ചു.

ഇന്ത്യയിലെയും വിദേശത്തെയും ബിരുദാനന്തര ബിരുദധാരികളായ ഡോക്ടർമാർക്ക് മികച്ച നിലവാരത്തിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളിൽ പരിശീലനം നൽകുന്നതിനാണ് ഈ പരീക്ഷ സംഘടിപ്പിക്കുന്നത്.

ഈ എൻട്രൻസ് വഴിയാണ് ഫെലോ ഓഫ് നാഷണൽ ബോർഡ് (FNB), ഇന്റർനാഷണൽ കാർഡിഡേറ്റ്‌സിനായുള്ള ഫെലോഷിപ്പ് പ്രോഗ്രാം (FPIS) എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുന്നത്. വിവിധ സ്പെഷ്യാലിറ്റികളിൽ വിദഗ്ദ്ധ പരിശീലനം ആഗ്രഹിക്കുന്നവർക്ക് ഈ ഫെലോഷിപ്പ് വഴി അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം ഉറപ്പാക്കാം.

പ്രധാനമായും എംഡി, എംഎസ്, ഡിഎം, എംസിഎച്ച് പോലുള്ള അംഗീകൃത പോസ്റ്റ് ഗ്രാജ്യേറ്റ് മെഡിക്കൽ ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. അപേക്ഷകർ 2025 ഡിസംബർ 31-നകം ഈ യോഗ്യതകൾ നേടിയിരിക്കണം കൂടാതെ എൻഎംസി അല്ലെങ്കിൽ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്.

പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ യോഗ്യതയുള്ള ആർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഇന്ത്യക്കാർക്കായി 36 പ്രത്യേക സ്പെഷ്യാലിറ്റികളും വിദേശികൾക്കായി 16 സ്പെഷ്യാലിറ്റികളും ഇതിലൂടെ ലഭ്യമാണ്.

വരുന്ന മാർച്ച് 14-ന് കമ്പ്യൂട്ടർ അധിഷ്ഠിതമായിട്ടാണ് പരീക്ഷ നടക്കുക. ഒബ്ജക്റ്റീവ് രീതിയിലുള്ള 100 ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടാവുക. ഇതിൽ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗും ഉണ്ടായിരിക്കും.

കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. താൽപ്പര്യമുള്ളവർക്ക് ഫെബ്രുവരി മൂന്നിന് രാത്രി 11.55 വരെ www.nbe.edu.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. 3500 രൂപയാണ് അപേക്ഷാ ഫീസായി നിശ്ചയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337698/nbems-fellowship-entrance-exam)