---
title: "ദീപക്കിൻ്റെ മരണം; ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ കിട്ടി, ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്"
english_title: "Deepak's death; Shimjita's remand report released"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337689/deepaks-death-shimjitas-remand-report-released-new-new"
published_at: "2026-01-22T14:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971e9e2ed330_shimna.jpg"
keywords: []
---

# ദീപക്കിൻ്റെ മരണം; ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ കിട്ടി, ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

> **Lead Summary:** കോഴിക്കോട്: ലൈം​ഗികാതിക്രമം ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജിവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്.

## Article Content

കോഴിക്കോട്: ലൈം​ഗികാതിക്രമം ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജിവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്.

ഷിംജിത വീഡിയോ ചിത്രീകരിച്ചതിൽ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബസിലെ സിസിടിവിയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.

ഷിംജിതയുടെ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു. മാനഹാനി ഉണ്ടായി എന്ന് പറഞ്ഞെങ്കിലും ഷിംജിത പൊലീസിൽ പരാതി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.

ഇന്നലെ വൈകുന്നേരം വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിത അറസ്റ്റിലാവുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പലതരത്തിലുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337689/deepaks-death-shimjitas-remand-report-released-new-new)