---
title: " 'യാതൊരുവിധ സമ്മാനങ്ങളും താൻ കൈപ്പറ്റിയിട്ടില്ല, ഒരു തവണ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയത്' -  കടകംപള്ളി സുരേന്ദ്രൻ"
english_title: "Sabarimala gold robbery, Unnikrishnan went to Potty's house only once, KadakampallySurendran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337616/sabarimala-gold-robbery-unnikrishnan-went-to-pottys-house-only-once-kadakampallysurendran-new"
published_at: "2026-01-22T10:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971b2df69859_potty.jpg"
keywords: []
---

#  'യാതൊരുവിധ സമ്മാനങ്ങളും താൻ കൈപ്പറ്റിയിട്ടില്ല, ഒരു തവണ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയത്' -  കടകംപള്ളി സുരേന്ദ്രൻ

> **Lead Summary:** **തിരുവനന്തപുരം: ശ**ബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ.

## Article Content

**തിരുവനന്തപുരം: ശ**ബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ.

ഒരു തവണ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയതെന്നാണ് കടകംപള്ളിയുടെ വിശദീകരണം. എന്നാൽ, സന്ദർശന വേളയിൽ അദ്ദേഹത്തിൽ നിന്ന് യാതൊരുവിധ സമ്മാനങ്ങളും താൻ കൈപ്പറ്റിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഗൺമാനും ഒപ്പമാണ് ഒരിക്കല്‍ പോറ്റിയുടെ വീട്ടില്‍ പോയത്. ഒരു പരിപാടിക്ക് പങ്കെടുക്കാനാണ് പോയത്. കുട്ടിയുടെ പരിപാടി എന്ന് ഇന്നലെ പറഞ്ഞത് പിശക് പറ്റിയതാണെന്നും പോറ്റിയുടെ അച്ഛൻ്റെ എന്തോ ചടങ്ങിലാണ് പോയതെന്നും കടകംപള്ളി ഇന്ന് തിരുത്തി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ ഇ.ഡി ഉടന്‍ ചോദ്യം ചെയ്യും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ഇയാൾക്ക് സാമ്പത്തിക ഇടപാടുകളുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇ ഡി ഉടന്‍ ചോദ്യം ചെയ്യും.

ആദ്യ ഘട്ടത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക, രണ്ടാം ഘട്ടത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഉന്നതരുമായി പോറ്റിക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുക എന്ന തരത്തിലാണ് ഇഡി അന്വേഷണം നടത്താനിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337616/sabarimala-gold-robbery-unnikrishnan-went-to-pottys-house-only-once-kadakampallysurendran-new)