---
title: "'ഉപയോഗിച്ച വസ്ത്രം പോലെ മകളെ അവൻ ഉപേക്ഷിച്ചു'; കമലേശ്വരത്തെ ആത്മഹത്യയിൽ മരുമകനെതിരെ ഗുരുതര ആരോപണങ്ങൾ, ആത്മഹത്യാകുറിപ്പ് പുറത്ത്"
english_title: "'He abandoned his daughter like a used garment'; Serious allegations against son-in-law in Kamleshwaram suicide, suicide note released"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337598/he-abandoned-his-daughter-like-a-used-garment-serious-allegations-against-son-in-law-in-kamleshwaram-suicide-suicide-note-released"
published_at: "2026-01-22T09:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971a453ab432_Kamleshwaram_suicide,_suicide_note_released.jpg"
keywords: []
---

# 'ഉപയോഗിച്ച വസ്ത്രം പോലെ മകളെ അവൻ ഉപേക്ഷിച്ചു'; കമലേശ്വരത്തെ ആത്മഹത്യയിൽ മരുമകനെതിരെ ഗുരുതര ആരോപണങ്ങൾ, ആത്മഹത്യാകുറിപ്പ് പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: [**കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. മകളുടെ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. 6 വർഷത്തെ മാനസിക പീഡനവും അവഗണനയുമാണ് കടുത്ത നടപടിക്ക് കാരണമെന്നാണ് ആരോപണം.

## Article Content

**തിരുവനന്തപുരം: [**കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. മകളുടെ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. 6 വർഷത്തെ മാനസിക പീഡനവും അവഗണനയുമാണ് കടുത്ത നടപടിക്ക് കാരണമെന്നാണ് ആരോപണം.

മകൾ ഗ്രീമയും മരുമകൻ ഉണ്ണികൃഷ്ണനും 25 ദിവസമാണ് ഒന്നിച്ച് താമസിച്ചത്. ഉണ്ണികൃഷ്ണൻ ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചുവെന്നും മകൾ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ടെന്നും കുറിപ്പിൽ പറയുന്നു. പിരിയാൻ തക്ക കാരണങ്ങളൊന്നുമില്ലെന്നും എന്തൊക്കെയോ നിസാര കാരണങ്ങളാണ് പറയുന്നതെന്നും കുറിപ്പിലുണ്ട്.

അപമാനഭാരം ഇനിയും സഹിക്കാൻ വയ്യെന്നും മടുത്തു മതിയായെന്നും സജിതയും ഗ്രീമയും വ്യക്തമാക്കുന്നു. ഈ സ്വത്തുക്കൾ എല്ലാം ഒരു പെണ്ണിന്റെ ശാപം വീണതാണെന്നും ഉണ്ണിയും ഉണ്ണിയുടെ സഹോദരന്മാരും ഈ സ്വത്തുക്കൾ അനുഭവിക്കാൻ ഇടവരരുതെന്നും ആത്മഹത്യാക്കുറിപ്പിൽ വിശദമാക്കുന്നുണ്ട്.

കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ പരേതനായ രാജീവിന്റെ ഭാര്യ എസ്.എൽ. സജിത (54), മകൾ ഗ്രീമ എസ്. രാജ് (30) എന്നിവരെയാണ് ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ താഴത്തെ നിലയിലെ സോഫയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

200 പവനും വീടും സ്ഥലവും സ്ത്രീധനമായി നൽകി. ഇരുവരും ആത്മഹത്യ ചെയ്തത് സയനൈഡ് കഴിച്ചാണെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന മരുമകനെതിരെയാണ് ആരോപണം. ഇയാളിപ്പോൾ നാട്ടിലാണ്.ഇരുവരുടെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

ആത്മഹത്യയിൽ പൂന്തുറ പൊലീസ് കേസെടുത്തു. ബുധനാഴ്ച ഉച്ചയോടെ സജിതയും മകളും ബന്ധുക്കൾക്ക് വാട്സ്അപ്പ് ​ഗ്രൂപ്പിൽ സന്ദേശം അയച്ചിരുന്നു. മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ മൂലം ജീവനൊടുക്കുന്നുവെന്നും മരുമകൻ മകളെ ഉപേക്ഷിച്ചുവെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമായിരുന്നു ഇവരുടെ അവസാന സന്ദേശത്തിലുള്ളത്.

ഗ്രീമയുടെ വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി, ഭർത്താവ് അയർലാൻഡിൽ ജോലി ചെയ്യുകയാണെന്നാണ് ബന്ധുക്കൾ നൽകുന്നത്. 200 പവനും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നൽകിയായിരുന്നു വിവാഹം. എന്നാൽ ഭർത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നതായി യുവതി വിശദമാക്കിയതായാണ് ബന്ധുക്കൾ പറയുന്നത്. അടുത്തിടെ ഒരു മരണാന്തര ചടങ്ങിൽ വച്ച് കണ്ടപ്പോൾ വിവാഹ മോചനം നേടുന്ന കാര്യം ഭർത്താവ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപമാനഭാരം താങ്ങാനാവുന്നില്ലെന്ന് വിശദമാക്കി അമ്മയും മകളും ജീവനൊടുക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337598/he-abandoned-his-daughter-like-a-used-garment-serious-allegations-against-son-in-law-in-kamleshwaram-suicide-suicide-note-released)