---
title: "ഗുജറാത്തിൽ 21 കോടി രൂപ ചിലവിൽ നിർമ്മിച്ച വാട്ടർ ടാങ്ക് ഉദ്ഘാടനത്തിന് മുമ്പ് തന്നെ തകർന്നുവീണു"
english_title: "Water tank built at a cost of Rs 21 crore in Gujarat collapses before inauguration"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337588/water-tank-built-at-a-cost-of-rs-21-crore-in-gujarat-collapses-before-inauguration"
published_at: "2026-01-22T08:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69718ebc65099_GUJARAT.jpg"
keywords: []
---

# ഗുജറാത്തിൽ 21 കോടി രൂപ ചിലവിൽ നിർമ്മിച്ച വാട്ടർ ടാങ്ക് ഉദ്ഘാടനത്തിന് മുമ്പ് തന്നെ തകർന്നുവീണു

> **Lead Summary:** **ഗുജറാത്ത്:** ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ 21 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച വാട്ടർ ടാങ്ക് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തകർന്നുവീണു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

## Article Content

**ഗുജറാത്ത്:** ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ 21 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച വാട്ടർ ടാങ്ക് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തകർന്നുവീണു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

സൂറത്ത് ജില്ലയിലെ 33 ഗ്രാമങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച പദ്ധതിയാണ് തകർന്നത്. നിലവാരമില്ലാത്ത വസ്തുക്കൾ കൊണ്ടാണ് ടാങ്ക് നിർമിച്ചതെന്നും വൻ അഴിമതിയാണ് ഇതിൽ നടന്നതെന്നുമാണ് നാട്ടുക്കാരുടെ ആരോപണം.

സംസ്ഥാനത്തെ ഗേപാഗ്ല ഗ്രൂപ്പ് ജലവിതരണ പദ്ധതി പ്രകാരമുള്ള മാണ്ഡ്വി താലൂക്കിലെ തഡ്കേശ്വർ ഗ്രാമത്തിലാണ് ടാങ്ക് തകർന്നത്. ജനുവരി 19ന് പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം നിറയ്ക്കുന്നതിനിടെ 15 മീറ്റർ ഉയരവും 11 ലക്ഷം ലിറ്റർ ശേഷിയുമുള്ള വാട്ടർ ടാങ്ക് തകർന്നുവീഴുകയായിരുന്നു. അവശിഷ്ടങ്ങളിൽ നിന്ന് സിമന്റ് പാളികൾ അടർന്നു വീണു.

ജയന്തി സ്വരൂപ് എന്ന ഏജൻസിക്കാണ് കരാർ നൽകിയിരുന്നത്. സംസ്ഥാന ഭരണകൂടത്തിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഗുജറാത്ത് പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് നടപടികൾ ആരംഭിക്കുകയും ചെയ്തു.

ഏഴുസംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥനും അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജലവിതരണ വകുപ്പിലെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർ ജയ് സോമാഭായ് ചൗധരിയും കേസിൽ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337588/water-tank-built-at-a-cost-of-rs-21-crore-in-gujarat-collapses-before-inauguration)