---
title: "പാൽക്കപ്പക്ക് ഇത്ര രുചിയോ..? കപ്പയുടെയും തേങ്ങാപ്പാലിന്റെയും മധുരസംഗമം; ഇതാ ഒരു നാടൻ പാൽക്കപ്പ റെസിപ്പി"
english_title: "Is milk this tasty? A sweet combination of milk and coconut milk; Here is a traditional milk recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337542/is-milk-this-tasty-a-sweet-combination-of-milk-and-coconut-milk-here-is-a-traditional-milk-recipe"
published_at: "2026-01-21T17:31:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970c0b608dc0_Here_is_a_traditional_milk_recipe.jpg"
keywords: []
---

# പാൽക്കപ്പക്ക് ഇത്ര രുചിയോ..? കപ്പയുടെയും തേങ്ങാപ്പാലിന്റെയും മധുരസംഗമം; ഇതാ ഒരു നാടൻ പാൽക്കപ്പ റെസിപ്പി

> **Lead Summary:** നാവിൽ അലിഞ്ഞുചേരുന്ന പാകത്തിൽ തേങ്ങാപ്പാലിൽ വേവിച്ചെടുത്ത പാൽക്കപ്പ ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട. നോൺവെജ് കറികൾക്കൊപ്പമോ എരിവുള്ള അച്ചാറിനൊപ്പമോ കഴിക്കാവുന്ന ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

## Article Content

നാവിൽ അലിഞ്ഞുചേരുന്ന പാകത്തിൽ തേങ്ങാപ്പാലിൽ വേവിച്ചെടുത്ത പാൽക്കപ്പ ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട. നോൺവെജ് കറികൾക്കൊപ്പമോ എരിവുള്ള അച്ചാറിനൊപ്പമോ കഴിക്കാവുന്ന ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ചേരുവകൾ

1. കപ്പ - ഒരു കിലോ

2. ഉപ്പ് - ആവശ്യത്തിന്

3. തേങ്ങ ചിരകിയത് - ഒന്നര കപ്പ്

4. ചുവന്നുള്ളി - 10 അല്ലി

5. വെളുത്തുള്ളി - നാല് അല്ലി

6. പച്ചമുളക് - 4 എണ്ണം

7. കറിവേപ്പില - ഒരു തണ്ട്

8. ജീരകം - അര ടീസ്പൂൺ

9. വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ

10. ചുവന്നുള്ളി അരിഞ്ഞത് - കാൽ കപ്പ്

11. വറ്റൽമുളക് - 4 എണ്ണം

12. കറിവേപ്പില - രണ്ടു തണ്ട്

തയാറാക്കുന്ന വിധം

കപ്പ ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് കഴുകി വൃത്തിയാക്കി വയ്ക്കുക. തേങ്ങ ചിരകിയതിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ച് ഒന്നാം തേങ്ങപ്പാൽ പിഴിഞ്ഞെടുക്കുക. ഇതിലേക്ക് വീണ്ടും മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് രണ്ടാം പാലും പിഴിഞ്ഞെടുക്കുക. രണ്ടു പാലും കൂടി ഒന്നിച്ചു രണ്ട് കപ്പ് വേണം. നാല് മുതൽ എട്ട് വരെയുള്ള ചേരുവകൾ മിക്സിയിൽ ചതച്ചുവയ്ക്കുക. ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് കപ്പ ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല മയത്തിൽ വേവിച്ചെടുക്കുക. കപ്പയിലെ വെള്ളം ഊറ്റി കളഞ്ഞതിനുശേഷം ചതച്ച മസാലയും, തേങ്ങാപാലും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. നന്നായി കുറുകുന്നതുവരെ തിളപ്പിച്ച് വറ്റിക്കുക. ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽ മുളകും ചുവന്നുള്ളിയും മൂപ്പിക്കുക. ഉള്ളി നല്ല ബ്രൗൺ നിറം ആയി കഴിയുമ്പോൾ വേവിച്ച കപ്പയിലേക്ക് ചേർത്ത് യോജിപ്പിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337542/is-milk-this-tasty-a-sweet-combination-of-milk-and-coconut-milk-here-is-a-traditional-milk-recipe)