---
title: "സ്ത്രീകൾക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞു; അജ്ഞാതനായി തിരച്ചിൽ"
english_title: "Explosive thrown at women; search underway for unidentified man"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337514/explosive-thrown-at-women-search-underway-for-unidentified-man"
published_at: "2026-01-21T15:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970a1dba139a_Explosive_thrown_at_women.jpg"
keywords: []
---

# സ്ത്രീകൾക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞു; അജ്ഞാതനായി തിരച്ചിൽ

> **Lead Summary:** **കൊച്ചി:[ **സെന്റ് മേരീസ് ബസിലിക്കയിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ സ്ത്രീകൾക്ക് നേരെ അജ്ഞാതൻ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. ഇന്നലെ രാത്രി 7.45ഓടെയാണ് സംഭവം. ബസിലിക്കയിലെ പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത ശേഷം ദേവാലയത്തിൽ നിന്നും പുറത്തിറങ്ങിയ 14ഓളം സ്ത്രീകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

## Article Content

**കൊച്ചി:[ **സെന്റ് മേരീസ് ബസിലിക്കയിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ സ്ത്രീകൾക്ക് നേരെ അജ്ഞാതൻ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. ഇന്നലെ രാത്രി 7.45ഓടെയാണ് സംഭവം. ബസിലിക്കയിലെ പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത ശേഷം ദേവാലയത്തിൽ നിന്നും പുറത്തിറങ്ങിയ 14ഓളം സ്ത്രീകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പരിശോധന നടത്തി. സമീപത്തെ ഫ്ലാറ്റുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ നാല്പതിലേറെ ദിവസങ്ങളായി കുർബാന തർക്കവുമായി ബന്ധപ്പെട്ട് സഭാ അനുകൂലികളായ വിശ്വാസികൾ തുടരുന്ന പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുത്ത് തിരിച്ചു വീടുകളിലേക്ക് പോകാനിറങ്ങിയ സ്ത്രീകൾക്ക് നേരെയായിരുന്നു അക്രമണം. പ്രതിയെ പിടികൂടാനായിട്ടില്ല. സമീപത്തെ ആൾ തിരക്കില്ലാത്ത റോഡിൽ നിന്നും ആക്രമണം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടതാകാമെന്നാണ് സമീപവാസികൾ പറയുന്നത്. വിവരം അറിഞ്ഞെത്തിയ പൊലീസ് രാത്രി തന്നെ സ്ഫോടനം നടന്ന സ്ഥലവും സമീപത്തെ കെട്ടിടങ്ങളിലെ സി.സി ടി.വികളിലും മറ്റും പ്രാഥമിക പരിശോധനകൾ നടത്തി. ഇന്ന് രാവിലെയും പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകളും അന്വേഷണവും നടത്തി.

സമീപത്തെ രണ്ട് കടകളിൽ നിന്നും സി.സി.ടി.വി ദൃശ്യങ്ങൾ കൂടി ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. ഏതാനും ദിവസങ്ങളായി വൈകുന്നേരങ്ങളിൽ ഒരു വിഭാഗം ആളുകൾ ഗേറ്റിന് സമീപം തമ്പടിച്ച് പ്രാർത്ഥന കൂട്ടായ്മയ്ക്ക് എത്തുന്നവർക്ക് നേരെ ആക്രമണ ശ്രമങ്ങൾ നടത്തുകയും മാരകായുധങ്ങളുമായി ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തിരുന്നതായി വിശ്വാസികൾ പറയുന്നു. ദേവാലയത്തിലേക്കുള്ള വൈദ്യുതിയും വെള്ളവും ഇവർ വിച്ഛേദിച്ചതായും ആരോപണമുണ്ട്. പൊലീസെത്തിയാണ് ഇവ പുന:സ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337514/explosive-thrown-at-women-search-underway-for-unidentified-man)