---
title: "15-കാരനായ സ്കൂൾ വിദ്യാർഥിയെ സമപ്രായക്കാരായ നാലുപേർ ചേർന്നു ക്രൂരമായി മർദ്ദിച്ചതായി പരാതി, ദൃശങ്ങൾ പുറത്തുവന്നു, നാല് പേർക്കെതിരെ കേസ്"
english_title: "brutal school assault in paingottoor leads to police action against four students"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337475/brutal-school-assault-in-paingottoor-leads-to-police-action-against-four-students"
published_at: "2026-01-21T13:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697087b34b9c0_beaten.jpg"
keywords: []
---

# 15-കാരനായ സ്കൂൾ വിദ്യാർഥിയെ സമപ്രായക്കാരായ നാലുപേർ ചേർന്നു ക്രൂരമായി മർദ്ദിച്ചതായി പരാതി, ദൃശങ്ങൾ പുറത്തുവന്നു, നാല് പേർക്കെതിരെ കേസ്

> **Lead Summary:** **കൊച്ചി : ( **[www.truevisionnews.com]** ) **പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർഥിയെ സമപ്രായക്കാരായ നാലുപേർ ചേർന്നു ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവത്തിന്റെ വിഡിയോ പുറത്തു വന്നതോടെ പോത്താനിക്കാട് പൊലീസ് നാലു പേർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 325ാം വകുപ്പു പ്രകാരം കേസെടുത്തു.

## Article Content

**കൊച്ചി : ( **[www.truevisionnews.com]** ) **പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർഥിയെ സമപ്രായക്കാരായ നാലുപേർ ചേർന്നു ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവത്തിന്റെ വിഡിയോ പുറത്തു വന്നതോടെ പോത്താനിക്കാട് പൊലീസ് നാലു പേർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 325ാം വകുപ്പു പ്രകാരം കേസെടുത്തു.

നാലു പേരെയും ഇവരുടെ മാതാപിതാക്കളെയും ഇന്നു രാവിലെ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നടപടി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ പൊലീസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മർദ്ദിച്ചവരെ വിളിപ്പിക്കും. കോതമംഗലത്തിനടുത്ത് പൈങ്ങോട്ടൂരിൽ വിദ്യാർഥിയായ 15കാരനാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. ഒരാഴ്ച മുമ്പാണ് സംഭവം.

പൈങ്ങോട്ടൂർ ബസ് സ്റ്റാന്‍ഡിനു സമീപം ഉപയോഗിക്കാതെ കിടക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിനുള്ളിൽ വച്ചായിരുന്നു മർദ്ദനം. ഏതോ വിഷയത്തിൽ 3 പേർ ചേർന്ന് വിദ്യാർഥിയെ ചോദ്യം ചെയ്യുന്നതും ഇടക്കിടെ മർദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഒരു ഘട്ടത്തിൽ മൂന്നു പേരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നാലാമനാണ് ദൃശ്യം പകർത്തിയതെന്നു കരുതുന്നു.

തുടർന്ന് കുട്ടി ഇവിടെ നിന്ന് ഇറങ്ങിപ്പോകുന്നത് വരെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് മർദ്ദിച്ച കുട്ടികളെയും രക്ഷിതാക്കളെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ചില കുട്ടികളുടെ മാതാപിതാക്കൾ കരച്ചിലും മറ്റുമായതോടെ പരാതി പറഞ്ഞു തീർക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് മർദ്ദന വിഡിയോ പ്രചരിച്ചത്. ഇതോടെ വീണ്ടും പരാതിയുമായി മുന്നോട്ടു പോകാന്‍ മർദനമേറ്റ വിദ്യാർഥിയുടെ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. മർദ്ദിച്ചവരിൽ 2 പേർ വിദ്യാർഥികളും മറ്റു രണ്ടു പേർ പഠനം നിർത്തിയവരുമാണെന്നാണു വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337475/brutal-school-assault-in-paingottoor-leads-to-police-action-against-four-students)