---
title: "ഉദയ്പൂരിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം; നാല് കൗമാരക്കാർക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്"
english_title: "Two cars collide in Udaipur; Four teenagers die, six injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337472/two-cars-collide-in-udaipur-four-teenagers-die-six-injured"
published_at: "2026-01-21T13:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697085e1c188f_accident.jpg"
keywords: []
---

# ഉദയ്പൂരിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം; നാല് കൗമാരക്കാർക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

> **Lead Summary:** ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് കൗമാരക്കാർ മരിച്ചു. മുഹമ്മദ് അയാൻ , ആദിൽ ഖുറേഷി , ഷേർ മുഹമ്മദ് , ഗുലാം ഖ്വാജ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ആറ് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

## Article Content

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് കൗമാരക്കാർ മരിച്ചു. മുഹമ്മദ് അയാൻ , ആദിൽ ഖുറേഷി , ഷേർ മുഹമ്മദ് , ഗുലാം ഖ്വാജ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ആറ് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

മരിച്ചവർ സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്ന വസീം (20), മുഹമ്മദ് കൈഫ് (19) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടാമത്തെ കാറിലുണ്ടായിരുന്ന മഹിപാൽ ജാട്ട് (48), രാജ്ബാല (45), രാജേഷ് (26), കർമ്മവീർ സിംഗ് (24) എന്നിവർക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.

അപകടത്തിന്റെ 9 മിനിട്ടോളം ദൈർഘ്യമുള്ള ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പിൻ സീറ്റിലിരുന്നവരിൽ ഒരാൾ ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കാർ ഒരു ഘട്ടത്തിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണാം. ഈ സമയം വാഹനത്തിനുള്ളിൽ മ്യൂസിക് പ്ലേ ചെയ്തിരുന്നു.

വാഹനം അമിത വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. വേഗത 120 കി.മീ എത്തുന്നത് മുൻ സീറ്റിലിരിക്കുന്നയാൾ ഫോണിൽ പകര്‍ത്തുന്നതും കാണാം. അലസമായി പുകവലിച്ചു കൊണ്ടാണ് 19കാരനായ ഷേര്‍ മുഹമ്മദ് അപകടകരമായ രീതിയിൽ വാഹനമോടിച്ചിരുന്നത്. കാറിന്റെ വേഗത മണിക്കൂറിൽ 100 ​​കിലോമീറ്റർ കടക്കുമ്പോഴും യുവാവ് പുകവലിക്കുന്നത് തുടരുകയാണ് ചെയ്തത്. വാഹനത്തിലുണ്ടായിരുന്നവരിൽ ഒരാൾ അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് വേഗത കുറയ്ക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337472/two-cars-collide-in-udaipur-four-teenagers-die-six-injured)