---
title: "27 വർഷത്തെ ഐതിഹാസിക യാത്രയ്ക്ക് സമാപനം; സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു"
english_title: "27 year epic journey ends Sunita Williams retires from NASA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337411/27-year-epic-journey-ends-sunita-williams-retires-from-nasa"
published_at: "2026-01-21T10:25:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69705c750a7d7_sunitha_williaoms.jpg"
keywords: []
---

# 27 വർഷത്തെ ഐതിഹാസിക യാത്രയ്ക്ക് സമാപനം; സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു

> **Lead Summary:** **കാലിഫോര്‍ണിയ: **ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു. നീണ്ട 27 വര്‍ഷക്കാലം നാസയില്‍ പ്രവര്‍ത്തിച്ച സുനിത വില്യംസ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ചിട്ടുണ്ട്.

## Article Content

**കാലിഫോര്‍ണിയ: **ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു. നീണ്ട 27 വര്‍ഷക്കാലം നാസയില്‍ പ്രവര്‍ത്തിച്ച സുനിത വില്യംസ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ചിട്ടുണ്ട്.

2006ലായിരുന്നു സുനിത വില്യംസിന്‍റെ കന്നി ഐഎസ്എസ് യാത്ര. ഇക്കഴിഞ്ഞ 2025 ഡിസംബര്‍ 27ന് സുനിത വില്യംസ് ഔദ്യോഗികമായി വിരമിച്ചതായി നാസ വൃത്തങ്ങള്‍ വ്യക്തമാക്കി.

മനുഷ്യ ബഹിരാകാശ യാത്രകളില്‍ സുനിത വില്യംസ് ഒരു വഴികാട്ടിയാണെന്നും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ തന്‍റെ നേതൃത്വത്തിലൂടെ പര്യവേക്ഷണത്തിന്‍റെ ഭാവി രൂപപ്പെടുത്തുകയും താഴ്ന്ന ഭൂമി ഭ്രമണപഥത്തിലേക്കുള്ള വാണിജ്യ ദൗത്യങ്ങൾക്ക് സുനി വില്യംസ് വഴിയൊരുക്കുകയും ചെയ്‌തതായി നാസ അഡ്‌മിനിസ്‌ട്രേറ്റര്‍ ജെറഡ് ഐസക്‌മാന്‍ വ്യക്തമാക്കി.

ചന്ദ്രനിലേക്ക് നടക്കാനിരിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിനും ഭാവി ചൊവ്വാ ദൗത്യങ്ങള്‍ക്കും അടിസ്ഥാനമൊരുക്കിയതില്‍ സുനിതയുടെ ശാസ്ത്ര, സാങ്കേതിക വിജ്ഞാനത്തിന് വലിയ പങ്കുള്ളതായും, സുനിത വില്യംസ് തലമുറകള്‍ക്ക് പ്രചോദനമാകുമെന്നും ഐസക്‌മാന്‍ കൂട്ടിച്ചേര്‍ത്തു. നാസയിലെ സേവനങ്ങള്‍ക്ക് സുനിത വില്യംസിന് ജെറഡ് ഐസക്‌മാന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337411/27-year-epic-journey-ends-sunita-williams-retires-from-nasa)