---
title: "ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ"
english_title: "Sabarimala gold theft case: Verdict on Unnikrishnan Potty's bail plea tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337369/sabarimala-gold-theft-case-verdict-on-unnikrishnan-pottys-bail-plea-tomorrow"
published_at: "2026-01-20T20:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f97ffd26d3_unnikrishnan.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

> **Lead Summary:** കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി ഹർജി നൽകിയിരിക്കുന്നത്.

## Article Content

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി ഹർജി നൽകിയിരിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ഹർജിയെ പ്രോസിക്യൂഷൻ എതിർത്തില്ല. പക്ഷേ ശക്തമായ ജാമ്യവ്യവസ്ഥകൾ പ്രതിയ്ക്ക് മേൽ ചുമത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കട്ടിളപ്പാളി കേസിൽ റിമാൻ്റിൽ തുടരുന്നതിനാൽ ദ്വാരപാലക ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പുറത്ത് ഇറങ്ങാൻ കഴിയില്ല.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണപ്പാളികളുടെ അളവും തൂക്കവും അടക്കമുള്ള കാര്യങ്ങളിൽ വീണ്ടും പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങി.

കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധമുള്ള കാര്യങ്ങളെക്കുറിച്ചും സമഗ്രമായി അന്വേഷണം ഉണ്ടാകും. സന്നിധാനത്ത് രണ്ടുദിവസം തങ്ങി വിശദമായ വിവരങ്ങൾ ശേഖരിക്കാൻ ആണ് എസ്ഐടിയുടെ തീരുമാനം.

എസ് ഐ ടി തലവൻ എസ്പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ശബരിമലയിൽ എത്തി വീണ്ടും അന്വേഷണം നടത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനെ ഇന്നും കസ്റ്റഡിയിൽ വാങ്ങി എസ് ഐ ടി ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചാൽ ശബരിമല കേസിൽ ആദ്യം ജാമ്യം ലഭിക്കുന്നയാളാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337369/sabarimala-gold-theft-case-verdict-on-unnikrishnan-pottys-bail-plea-tomorrow)