---
title: "'മത്സരിക്കാൻ കഴിയാതെ പോകുന്നവരുടെ കണ്ണീരൊപ്പാൻ നമുക്ക് സാധിച്ചു, അതാണ് യഥാർത്ഥ വിജയം' -വി. ശിവൻകുട്ടി"
english_title: "'We were able to wipe away the tears of those who were unable to compete,' - V. Sivankutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337021/we-were-able-to-wipe-away-the-tears-of-those-who-were-unable-to-compete-v-sivankutty"
published_at: "2026-01-18T21:00:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696cfdcd9c7eb_shivan.jpg"
keywords: []
---

# 'മത്സരിക്കാൻ കഴിയാതെ പോകുന്നവരുടെ കണ്ണീരൊപ്പാൻ നമുക്ക് സാധിച്ചു, അതാണ് യഥാർത്ഥ വിജയം' -വി. ശിവൻകുട്ടി

> **Lead Summary:** തൃശൂർ :**[**ഈ കലോത്സവ നഗരിയിൽ നിൽക്കുമ്പോൾ, ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം എന്ന വിശേഷണത്തേക്കാൾ ഉപരിയായി, എന്റെ മനസ്സ് നിറഞ്ഞുനിൽക്കുന്നത് മറ്റൊരു കാഴ്ചയാണ്.ചരിത്രത്തിൽ ആദ്യമായി ഒരു കലോത്സവ വേദി ഒരു കുട്ടിയുടെ വീട്ടുമുറ്റത്തേക്ക് എത്തിയ ആ നിമിഷം.

## Article Content

തൃശൂർ :**[**ഈ കലോത്സവ നഗരിയിൽ നിൽക്കുമ്പോൾ, ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം എന്ന വിശേഷണത്തേക്കാൾ ഉപരിയായി, എന്റെ മനസ്സ് നിറഞ്ഞുനിൽക്കുന്നത് മറ്റൊരു കാഴ്ചയാണ്.ചരിത്രത്തിൽ ആദ്യമായി ഒരു കലോത്സവ വേദി ഒരു കുട്ടിയുടെ വീട്ടുമുറ്റത്തേക്ക് എത്തിയ ആ നിമിഷം.

മാരക രോഗാവസ്ഥയിലായതുകൊണ്ട് വേദിയിലെത്താൻ കഴിയാതിരുന്ന കൊച്ചു മിടുക്കി സിയ ഫാത്തിമയ്ക്ക് വേണ്ടി, അവളുടെ വീട് തന്നെ വേദിയാക്കിയ ആ തീരുമാനം...അതാണ് ഈ കലോത്സവത്തിന്റെ യഥാർത്ഥ വിജയം. മത്സരിക്കാൻ കഴിയാതെ പോകുന്നവരുടെ കണ്ണീരൊപ്പാൻ നമുക്ക് സാധിച്ചു എന്നത് കിരീടനേട്ടത്തേക്കാൾ വലിയ കാര്യമാണ്.

അതുപോലെ തന്നെ, പ്രതികൂല സാഹചര്യങ്ങളോട് പോരാടി വിസ്മയകരമായ പ്രകടനം കാഴ്ചവെച്ച സച്ചുവിനെ നമ്മൾ കണ്ടു. സച്ചുവിന് സുരക്ഷിതമായ ഒരു വീട് നിർമ്മിച്ച് നൽകാനുള്ള നടപടികൾ സർക്കാർ ഏറ്റെടുക്കുകയാണെന്ന സന്തോഷവാർത്ത ഈ വേദിയിൽ വെച്ച് ഞാൻ പ്രഖ്യാപിക്കുന്നു.

അതൊരു ഔദാര്യമല്ല, ആ പ്രതിഭയ്ക്കുള്ള നമ്മുടെ ആദരവാണ്.ഈ രണ്ട് സംഭവങ്ങളും നമ്മളെ പഠിപ്പിക്കുന്നത് ഒരൊറ്റ കാര്യമാണ്;കല എന്നത് വെറുമൊരു മത്സരമല്ല, മറിച്ച് അത് മനുഷ്യത്വത്തിന്റെയും കരുതലിന്റെയും കൂടി അടയാളമാണ്. ജയപരാജയങ്ങൾക്കപ്പുറം, കലയെന്ന വികാരത്താൽ ഒന്നിച്ചുചേർന്ന വമ്പൻ ജനസഞ്ചയമാണ് ഈ കലോത്സവത്തിന്റെ ശക്തി.

നമ്മുടെ കുട്ടികളുടെ കലാപരമായ ഭാവിയെ കരുതി സുപ്രധാനമായ ചില പ്രഖ്യാപനങ്ങൾ കൂടി നടത്താൻ ഈ അവസരം ഞാൻ വിനിയോഗിക്കുന്നു:കായികരംഗത്തെ പ്രോത്സാഹിപ്പിക്കാൻ സ്‌പോർട്‌സ് ഡിവിഷനുകളും പരിശീലന കേന്ദ്രങ്ങളും ഉള്ളതുപോലെ, കലയെ ഗൗരവമായി കാണുന്ന കുട്ടികൾക്കായി 'ആർട്‌സ് പരിശീലന കേന്ദ്രങ്ങൾ' ആരംഭിക്കുന്ന കാര്യം.സർക്കാർ പരിഗണിക്കുകയാണ്.

കുട്ടികളിലെ കലാവാസന പരിപോഷിപ്പിക്കാൻ സ്‌കൂളുകളിൽ സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. കലയും കായികവും പഠിപ്പിക്കുന്ന അധ്യാപകർക്ക് ജോലി സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടികളും സർക്കാർ സ്വീകരിക്കുന്നതാണ്.അടുത്ത അധ്യയന വർഷം മുതൽ കലോത്സവ നടത്തിപ്പിൽ കാതലായ ചില മാറ്റങ്ങൾ വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നു.

അധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ സ്‌കൂൾ, സബ് ജില്ല, ജില്ല, സംസ്ഥാനതല കലോത്സവങ്ങളുടെ കൃത്യമായ ഷെഡ്യൂൾ പ്രഖ്യാപിക്കും. ഇത് കുട്ടികൾക്ക് പരിശീലനത്തിന് കൂടുതൽ സമയം നൽകും. സ്‌കൂൾ തലത്തിലുള്ള മത്സരങ്ങളിൽ പലപ്പോഴും പരാതികൾ ഉയരാറുണ്ട്. അത് ഒഴിവാക്കാൻ, സ്‌കൂൾ മത്സരങ്ങളിൽ പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയമിക്കാൻ നടപടി സ്വീകരിക്കും.

കലോത്സവ വിജയികൾക്കുള്ള ഗ്രേസ് മാർക്ക് സമ്പ്രദായം കൂടുതൽ ശാസ്ത്രീയവും നീതിയുക്തവുമാക്കാൻ വിദഗ്ധരുമായി ആലോചിച്ച് മാറ്റങ്ങൾ വരുത്തും. നമ്മുടെ സ്‌കൂൾ ഒളിമ്പിക്‌സ് വൻ വിജയമായിരുന്നു.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ആ മേള വലിയൊരു മാതൃകയായിരുന്നു.

അതേ മാതൃകയിൽ, വരും വർഷങ്ങളിൽ കലോത്സവവും 'ഇൻക്ലൂസീവ് ഫെസ്റ്റിവൽ' ആയി മാറ്റാനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കും.എല്ലാവർക്കും ഒരേ വേദിയിൽ തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ അവസരമൊരുങ്ങണം എന്നതാണ് സർക്കാരിന്റെ ആഗ്രഹം.വിജയികൾക്ക് അഭിനന്ദനങ്ങൾ.

മത്സരത്തിൽ പങ്കെടുക്കുക എന്നതാണ് ഏറ്റവും വലിയ വിജയം എന്ന് വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട കുട്ടികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.കലയുടെ ഈ വെളിച്ചം നിങ്ങളുടെ ജീവിതത്തിലുട നീളം കാത്തുസൂക്ഷിക്കാൻ നിങ്ങൾക്ക് കഴിയട്ടെ.

നമ്മുടെയെല്ലാം പ്രിയപ്പെട്ട ശ്രീ മോഹൻലാൽ ഈ കലോത്സവ നഗരിയിൽ എത്തിച്ചേർന്നത്, ഇവിടുത്തെ മത്സരാർത്ഥികളായ ഓരോ കുട്ടിക്കും ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ്.കലയുടെ ഈ മഹാമാമാങ്കത്തിന് തിരശ്ശീല വീഴുമ്പോൾ, അതിന് സാക്ഷിയാകാൻ അഭിനയകലയുടെ കുലപതി തന്നെ എത്തിയിരിക്കുന്നു എന്നത് നമുക്കേവർക്കും അഭിമാനകരമായ നിമിഷമാണ്.

തന്റെ സിനിമാ തിരക്കുകൾക്കിടയിലും, വരുംതലമുറയിലെ കലാപ്രതിഭകളെ കാണാനും അവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം കാണിച്ച ഈ മനസ്സിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും,

ഇവിടെ കൂടിയിരിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും പേരിൽ ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. പ്രിയ ലാലേട്ടൻ, മലയാളികൾക്ക് ശ്രീ. മോഹൻലാലിനെ അങ്ങനെ വിശേഷിപ്പിച്ചാലേ തൃപ്തിയാകൂ. അങ്ങയുടെ സാന്നിധ്യം ഈ കലോത്സവ വേദിക്ക് നൽകിയ ആവേശം ചെറുതല്ല.

ഈ കലോത്സവത്തെ മുന്നിൽ നിന്ന് നയിച്ച തൃശൂരിൽ നിന്നുള്ള മന്ത്രിമാരായ ശ്രീ. കെ. രാജൻ, ഡോ. ആർ. ബിന്ദു എന്നിവർക്ക് പ്രത്യേക നന്ദി.

ഉത്തരവാദിത്വ കലോത്സവം എന്ന ആശയം അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നിർദ്ദേശിച്ച പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോക്ടർ കെ വാസുകി ഐ എ എസ്, ഊണും ഉറക്കവും ഉപേക്ഷിച്ച് കലോത്സവ സംഘാടനത്തിൽ സജീവമായി നിലകൊണ്ട പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ് കെ ഐ എ എസ് എന്നിവർക്കും പ്രത്യേക നന്ദി.

തൃശൂരിൽ നിന്നുള്ള ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ, ഉദ്യോഗസ്ഥർ, മാധ്യമ സുഹൃത്തുക്കൾ, വിദ്യാർത്ഥികൾ, എല്ലാത്തിലുമുപരി ഈ കലോത്സവത്തെ നെഞ്ചിലേറ്റിയ തൃശൂരിലെ കലാസ്വാദകർക്കും നന്ദി അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337021/we-were-able-to-wipe-away-the-tears-of-those-who-were-unable-to-compete-v-sivankutty)