---
title: "ഇന്ധനം നിറച്ച് മുങ്ങാൻ ശ്രമം: തടഞ്ഞ ജീവനക്കാരനെ വാഹനമിടിപ്പിച്ചുകൊന്നു"
english_title: "Attempt to drown by filling with fuel: Employee who stopped him was hit and killed by a vehicle"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336942/attempt-to-drown-by-filling-with-fuel-employee-who-stopped-him-was-hit-and-killed-by-a-vehicle"
published_at: "2026-01-18T08:02:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c468e1537a_ead.jpg"
keywords: []
---

# ഇന്ധനം നിറച്ച് മുങ്ങാൻ ശ്രമം: തടഞ്ഞ ജീവനക്കാരനെ വാഹനമിടിപ്പിച്ചുകൊന്നു

> **Lead Summary:** **ധാക്ക: ** ഇന്ധനംനിറച്ചശേഷം പണം നൽകാതെ പെട്രോൾപമ്പ് വിടാൻനോക്കിയവരെ തടഞ്ഞ ജീവനക്കാരനെ വാഹനമിടിപ്പിച്ചുകൊന്നു. ബംഗ്ലാദേശിലെ രാജ്ബാഡി ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.

## Article Content

**ധാക്ക: ** ഇന്ധനംനിറച്ചശേഷം പണം നൽകാതെ പെട്രോൾപമ്പ് വിടാൻനോക്കിയവരെ തടഞ്ഞ ജീവനക്കാരനെ വാഹനമിടിപ്പിച്ചുകൊന്നു. ബംഗ്ലാദേശിലെ രാജ്ബാഡി ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.

30 വയസ്സുള്ള ഹിന്ദുയുവാവ് റിപോൺ സാഹയാണ് മരിച്ചത്. സാഹ ജോലിചെയ്തിരുന്ന ഗോലണ്ട മോറിലെ കരീം ഫില്ലിങ് സ്റ്റേഷനിൽ പുലർച്ചെ നാലരയ്ക്കെത്തിയ വാഹനത്തിലുണ്ടായിരുന്നവർ 3710 രൂപയ്ക്ക് ഇന്ധനം നിറച്ചു.

പണം നൽകാതെ ഇവർ പോകാൻ ശ്രമിച്ചപ്പോൾ സാഹ വണ്ടിക്കുമുന്നിൽനിന്നു തടഞ്ഞു. ഇദ്ദേഹത്തിന്റെ ദേഹത്തിലൂടെ വണ്ടികയറ്റി ഓടിച്ചുപോയി. സാഹ സംഭവസ്ഥലത്തുതന്നെ മരിച്ചു.

വണ്ടിയുടമ അബ്ദുൾ ഹാഷിം (55), ഡ്രൈവർ കമാൽ ഹുസൈൻ (43) എന്നിവരെ പോലീസ് പിന്നീട് അറസ്റ്റുചെയ്തു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) രാജ്ബാഡി ജില്ലാ മുൻട്രഷററാണ് ഹാഷിം. ജുബോ ദാൽ ജില്ലയിലെ ബിഎൻപി മുൻ അധ്യക്ഷനുമാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കുനേരേയുള്ള അതിക്രമങ്ങൾ 2024 ഓഗസ്റ്റിൽ അവാമി ലീഗ് സർക്കാർ പുറത്തായതോടെ വർധിച്ചിരിക്കുകയാണ്. 2025 ഡിസംബറിൽമാത്രം 51 വർഗീയ അക്രമങ്ങളുണ്ടായെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ പറഞ്ഞു. ഡിസംബറിനുശേഷം പത്തോളം ഹിന്ദുസമുദായാംഗങ്ങൾ കൊല്ലപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336942/attempt-to-drown-by-filling-with-fuel-employee-who-stopped-him-was-hit-and-killed-by-a-vehicle)