---
title: "പെൺകുട്ടിയെ സഹപാഠി എന്തിന് കൊന്നു? പരിചയമില്ലാത്ത നമ്പറിൽ നിന്ന് അമ്മയ്ക്ക് കോൾ, ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല, ഞെട്ടിച്ച് 16കാരന്‍റെ മൊഴി"
english_title: "Murder of a 14-year-old girl in Malappuram update"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336764/murder-of-a-14-year-old-girl-in-malappuram-update"
published_at: "2026-01-17T07:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696aebfb6486d_case.jpg"
keywords: []
---

# പെൺകുട്ടിയെ സഹപാഠി എന്തിന് കൊന്നു? പരിചയമില്ലാത്ത നമ്പറിൽ നിന്ന് അമ്മയ്ക്ക് കോൾ, ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല, ഞെട്ടിച്ച് 16കാരന്‍റെ മൊഴി

> **Lead Summary:** **മലപ്പുറം: ** റെയിൽവെ പുറംപോക്ക് ഭൂമിയിൽ 14കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിരവധി ചോദ്യങ്ങൾ ബാക്കി. പെൺകുട്ടിയെ സഹപാഠി എന്തിന് കൊന്നു, പ്രതി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നോ, പതിനാറുകാരൻ ഒറ്റയ്ക്കാണോ ഈ ക്രൂരകൃത്യം നടത്തിയത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല.

## Article Content

**മലപ്പുറം: ** റെയിൽവെ പുറംപോക്ക് ഭൂമിയിൽ 14കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിരവധി ചോദ്യങ്ങൾ ബാക്കി. പെൺകുട്ടിയെ സഹപാഠി എന്തിന് കൊന്നു, പ്രതി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നോ, പതിനാറുകാരൻ ഒറ്റയ്ക്കാണോ ഈ ക്രൂരകൃത്യം നടത്തിയത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല.

ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞത്. ഇന്നലെ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ മിടുക്കിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. ഇന്നലെ സ്കൂളിലേക്ക് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സ്കൂളിലും എത്തിയില്ല. വൈകുന്നേരം 6 മണിയോടെ അമ്മയെ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് വിളിച്ച് വീടിനടുത്തെത്തിയെന്നും പെട്ടന്ന് വരാമെന്നും പെൺകുട്ടി പറഞ്ഞു.

പക്ഷെ രാത്രിയായിട്ടും അവൾ വീടെത്തിയില്ല. ആധിയിലായ വീട്ടുകാർ ഫോണിൽ പലതവണ തിരിച്ചുവിളിച്ചു. ഫോൺ സ്വിച്ച് ഓഫായതോടെ കുടുംബം പൊലീസിനെ അറിയിച്ചു. കരുവാരകുണ്ട് പൊലീസ് നാട് അരിച്ചുപെറുക്കി.

പരിസരവാസിയായ പ്ലസ് വൺ വിദ്യാർത്ഥിയുമായി പെൺകുട്ടിക്ക് അടുപ്പമുള്ളത് വീട്ടുകാർക്ക് അറിയാമായിരുന്നു. പൊലീസ് താക്കീത് ചെയ്ത് വിട്ടതാണ് കൗമാരക്കാരനെ. പെണ്‍കുട്ടി എവിടെയാണെന്ന് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാൻ പൊലീസ് 16 കാരന്‍റെ വീട്ടിലെത്തി.

അപ്പോഴും ഒന്നും അറിയില്ലെന്ന് മറുപടി. പെൺകുട്ടിയുടെ വീട്ടുകാർ വന്ന് ചോദിച്ചപ്പോഴും കൗമാരക്കാരൻ അതുതന്നെ ആവർത്തിച്ചു. മൊഴിയിലെ വൈരുദ്ധ്യം ശ്രദ്ധയിൽ പെട്ട പൊലീസ് 16 കാരനെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് ക്രൂര കൊലപാതകം നാടറിയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336764/murder-of-a-14-year-old-girl-in-malappuram-update)