---
title: "ശബരിമല സ്വർണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും"
english_title: "Sabarimala gold theft: Scientific test results to be handed over to investigation team today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336763/sabarimala-gold-theft-scientific-test-results-to-be-handed-over-to-investigation-team-today-new"
published_at: "2026-01-17T07:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696ae7ad32df6_sabarimala.jpg"
keywords: []
---

# ശബരിമല സ്വർണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും

> **Lead Summary:** **കൊല്ലം: **ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്‌‍സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. ഇന്നലെയാണ് വിഎസ്എസ്‍സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്.

## Article Content

**കൊല്ലം: **ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്‌‍സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. ഇന്നലെയാണ് വിഎസ്എസ്‍സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്.

ആ റിപ്പോർട്ടാണ് ഇന്ന് കോടതി എസ്ഐടിക്ക് കൈമാറുന്നത്. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. പത്തൊൻപതാം തിയതി ഹൈക്കോടതിയിൽ കൊടുക്കുന്ന അന്വേഷണ പുരോഗതി റിപ്പോ‍ർട്ടിൽ ഈ ശാസ്ത്രീയ അന്വേഷണഫല റിപ്പോർട്ടും ഉൾപ്പെടുത്തും.

അന്വേഷണത്തിന്‍റെ ഗതി തന്നെ നിർണ്ണയിക്കുന്ന റിപ്പോർട്ടാണ് വിഎസ്എസ്‍സി കൈമാറിയിരിക്കുന്നത്. സ്വർണ്ണപാളികൾ മാറ്റിയോ, ശബരിമലയിൽ ഇപ്പോഴുള്ളത് പഴയപാളികളാണോ അതോ പുതിയ പാളികളാണോ, പാളികളിലെ സ്വർണ്ണത്തിന്‍റെ അളവ് തുടങ്ങിയവ നിർണ്ണയിക്കുന്ന പരിശോധനയാണ് നിലവിൽ നടത്തിയിട്ടുള്ളത്.

അതേസമയം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസിനെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാമെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

അതേസമയം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.

രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. മൂന്നാം കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടികൾ പുരോഗമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

എംഎൽഎക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും എസ്ഐടി വാദിച്ചു. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336763/sabarimala-gold-theft-scientific-test-results-to-be-handed-over-to-investigation-team-today-new)