---
title: "മൂത്തേടത്തച്ഛൻ്റെ കഥ പറഞ്ഞ് തുടക്കം; കഥാപ്രസംഗ വേദിയിലെ ഒരപൂര്‍വ്വ കാഥികന്റെ കുറിപ്പ്"
english_title: "A note from a rare speaker at the State School Arts Festival, Kathaprasanga stage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336729/a-note-from-a-rare-speaker-at-the-state-school-arts-festival-kathaprasanga-stage-"
published_at: "2026-01-16T18:21:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a352d91835_fj.jpg"
keywords: []
---

# മൂത്തേടത്തച്ഛൻ്റെ കഥ പറഞ്ഞ് തുടക്കം; കഥാപ്രസംഗ വേദിയിലെ ഒരപൂര്‍വ്വ കാഥികന്റെ കുറിപ്പ്

> **Lead Summary:** **തുശൂര്‍ : **കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി തന്റെ കഥകള്‍ അവതരിപ്പിക്കുന്നവര്‍ എ ഗ്രേഡോടെ വിജയിച്ചു വരുന്നതിന്റെ സന്തോഷം പങ്കിടുകയാണ് പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍.

## Article Content

**തുശൂര്‍ : **കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി തന്റെ കഥകള്‍ അവതരിപ്പിക്കുന്നവര്‍ എ ഗ്രേഡോടെ വിജയിച്ചു വരുന്നതിന്റെ സന്തോഷം പങ്കിടുകയാണ് പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍.

തന്റെ പതിനൊന്നാം വയസില്‍ നാട്ടിലെ ക്ഷേത്രത്തില്‍ ഒരു കഥാപ്രസംഗം അവതരിപ്പിച്ചത് മാത്രമാണ് ഇദ്ദേഹത്തിന് കഥാപ്രസംവുമായുള്ള ബന്ധം. എന്നാല്‍ ഇന്ന് ഓരോ വര്‍ഷവും നിരവധി കഥാപ്രസംഗങ്ങളാണ് ഇദ്ദേഹത്തിന്റെതായി ഉപജില്ലമുതല്‍ സംസ്ഥാന തലം വരെ അരങ്ങേറുന്നത്.

കഥാപ്രസംഗങ്ങള്‍ക്ക് കഥയും ഗാനങ്ങളും രചിച്ച് കലോത്സവത്തിന്റെ നിറസാന്നിധ്യമായ രമേശ് കാവില്‍ തന്റെ കഥാപ്രസംഗ ജീവിതത്തെ കുറിച്ചും കയറി വന്ന പടവുകളെകുറിച്ചും നമ്മോട് പങ്ക് വെക്കുന്നു

രമേശ് കാവില്‍ ;

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ കഥാപ്രസംഗ വേദിയില്‍ കയറിയത്. എന്റെ നാട്ടിലുള്ള മൂത്തേടത്തച്ഛന്റെ ക്ഷേത്രത്തില്‍ ആയിരുന്നു ആദ്യ അവതരണം. കഥ 'മൂത്തേടത്തച്ഛന്‍' വെറും പതിനൊന്നു വയസ്സായിരുന്നു അന്നെനിക്ക് പ്രായം. ആ കഥ പറഞ്ഞതിനാണ് എനിക്ക് ആദ്യമായി 20 രൂപ സമ്മാനമായി കിട്ടിയത്.

എന്റെ നാട്ടിലെ പോസ്റ്റ് മാഷായിരുന്ന തിരുപ്പുറത്ത് ദാമോദരന്‍ മാഷ് കവറിലിട്ട് നല്‍കിയ ആ ഇരുപത് രൂപയ്ക്ക് രണ്ട് ട്രൗസറും രണ്ട് ഷര്‍ട്ടും വാങ്ങിയിടാന്‍ കഴിഞ്ഞു. ജീവിതത്തിലാദ്യമായി ഏറ്റവും മനോഹരമായ കുപ്പായവും ട്രൗസറും ഞാനിട്ടത് മൂത്തേടത്തച്ഛന്‍ എന്ന കഥ പറഞ്ഞതിന് കിട്ടിയ സമ്മാനം കൊണ്ടായിരുന്നു.

ഞങ്ങളുടെ നാട്ടിലെ കുന്നുമ്മല്‍ സോമന്‍ ആയിരുന്നു എന്നെ കഥ പറയാന്‍ ഏല്‍പ്പിച്ചത്. സോമന്റെ പീടികയില്‍ വന്ന് സ്ഥിരമായി പത്രം വായിക്കുന്ന 11 വയസ്സുകാരനെ സോമന് അത്രയ്ക്ക് വിശ്വാസമായത് കൊണ്ടാവണം ഈ കഥ പറയാന്‍ എന്നെ ഏല്‍പ്പിച്ചത്.

ചെറിയ കഥയായിരുന്നില്ല അത്. ഒരു കൊച്ചുകുട്ടിക്ക് എളുപ്പത്തില്‍ പറഞ്ഞു തീര്‍ക്കാവുന്നതുമായിരുന്നില്ല. ഒന്നര മണിക്കൂര്‍ നീളമുള്ള വലിയ കഥയായിരുന്നു ഞാന്‍ പതിനൊന്നാം വയസ്സില്‍ പറഞ്ഞു തീര്‍ത്തത്. വിനോദ് കാവില്‍ ആയിരുന്നു പിന്നണിയില്‍ എനിക്ക് വേണ്ടി പാടിയത്.

കൂടെ ഇന്ദിരയും. കോട്ടൂര്‍ നാരായണന്‍ മാഷായിരുന്നു ആ കഥയെഴുതിയത്. സി.ടി. ഗോപാലന്‍ സംഗീതം നല്‍കുകയും ഹാര്‍മോണിയം വായിക്കുകയും ചെയ്തു. വടേക്കണ്ടി അമ്മതായിരുന്നു തബല വായിച്ചത്. ആ കഥ പറഞ്ഞു തന്നത് പി.എം രാജനായിരുന്നു. രമേശ് കാവില്‍ ആ കാലം ഓര്‍ത്തെടുക്കുകയായിരുന്നു..........

*രമേശ് വീണ്ടും കഥാപ്രസംഗത്തിന്റെ ലോകത്തേക്ക്*

ഇത്രയും ചെറിയ പ്രായത്തില്‍ വലിയ കഥ പറഞ്ഞിട്ടും വൈറലാവാന്‍ എനിക്കായില്ല. 20 രൂപയുടെ സമ്മാനത്തില്‍ അതവസാനിച്ചു പോയി. ആ മുറ്റത്താണ് പ്രദീപ് കുമാര്‍ കാവുന്തറയും നാടകത്തില്‍ അരങ്ങേറ്റം കുറിച്ചത്. കാവില്‍ പി.മാധവനായിരുന്നു സംവിധായകന്‍.

പിന്നീട് എപ്പോള്‍ എന്നെ കാണുന്നുവോ അപ്പോഴൊക്കെ പ്രദീപിന്റെ അച്ഛന്‍ ബാലന്‍ കിടാവ് ആ കഥയെ കുറിച്ച് എന്നോട് പറയുമായിരുന്നു. നിനക്ക് വേദികളില്‍ പ്രസംഗിക്കാന്‍ ആവുന്നത് അതിന്റെ കരുത്ത് കൊണ്ടാണ്, അവിടുത്തെ അനുഗ്രഹം കൊണ്ടാണ് എന്ന് എപ്പോഴും പറയുമായിരുന്നു.

സ്‌കൂളില്‍ എന്നെ ആരും കഥ പറയാന്‍ ഏല്‍പ്പിച്ചില്ല. പഠിപ്പിച്ചുമില്ല. മറ്റുള്ളവര്‍ കഥ പറയുന്നത് കേട്ട് വാ പൊളിച്ചിരുന്ന ഒരു കുട്ടിയായി ഞാന്‍. സങ്കടപ്പെട്ടത് മാത്രം ബാക്കി. പത്താം ക്ലാസ് കഴിഞ്ഞ് മെഴുവേലി പദ്മനാഭോദയം ബേസിക് ട്രെയിനിംഗ് സ്‌കൂളില്‍ ടി.ടി.സി യ്ക്ക് പഠിക്കുമ്പോഴാണ് ഞാന്‍ സാംബശിവനെയും കെടാമംഗലത്തിനെയും നന്ദന്‍കോട് സുകുമാരനെയും വെളിനെല്ലൂര്‍ വസന്തകുമാരിയെയും ഒക്കെ നേരിട്ട് കേട്ടത്.

അവര്‍ കഥ പറയുന്നത് കേട്ട് അത്ഭുതപ്പെട്ടു സദസ്സില്‍ കോരിത്തരിച്ച് നിന്നത് ഇപ്പോഴും ഓര്‍മ്മയില്‍ നിന്നിറങ്ങി പോയിട്ടില്ല. കാവുവട്ടം മാപ്പിള യു.പി.സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നപ്പോഴാണ് അവിടെ ഉണ്ടായിരുന്ന കുട്ടികളെ കഥാപ്രസംഗം പഠിപ്പിക്കാന്‍ അവസരം വന്നത്.

ഇപ്പോള്‍ കൂടെയില്ലാത്ത ഇബ്രാഹിംകുട്ടി മാഷും സോമശേഖരനും ടി.കെ.ദാമോദരന്‍ മാഷും ഒക്കെ തന്ന പ്രോത്സാഹനമായിരുന്നു കഥാപ്രസംഗം പഠിപ്പിക്കാന്‍ ഉള്ള ധൈര്യം. സുഹൃത്തുക്കളായ എ.ശ്രീധരനും കെ.കെ. മനോജും എനിക്ക് പിന്തുണയുമായി വന്നു. ഗുരുമുഖത്ത് നിന്ന് കഥാപ്രസംഗം പഠിക്കാത്ത, കലോത്സവങ്ങളില്‍ ഒരിക്കലും കഥ പറയാത്ത ഞാന്‍ ആ സാഹസത്തിന് മുതിര്‍ന്നു.

അന്ന് മുംതസ് എന്ന വിദ്യാര്‍ത്ഥിനിക്ക് വേണ്ടിയായിരുന്നു ഞാന്‍ ആദ്യമായി കഥ എഴുതിയത്. 'സ്ത്രീധനം' എന്നായിരുന്നു അതിന് പേര് നല്‍കിയത്. അതിന് ഉപജില്ലയില്‍ നിന്ന് സമ്മാനവും മികച്ച അഭിപ്രായവും കിട്ടി. പിന്നീട് എല്ലാവര്‍ഷവും മുടങ്ങാതെ കഥയെഴുതി. ഫിറോസും ഷാജഹാനും ആ കഥകള്‍ പറഞ്ഞു സമ്മാനം നേടി. കഥാപ്രസംഗ രചയിതാവെന്ന നിലയില്‍ ഞാന്‍ അല്പസ്വല്‍പം ശ്രദ്ധേയനായി.

1992 ലാണ് കേശവദേവിന്റെ 'ഗുസ്തി 'എന്ന ചെറുകഥ ഞാന്‍ കഥാപ്രസംഗമാക്കിയത്. ആ കഥ പറഞ്ഞ കൂട്ടുകാരിയുടെ പേര് ബഷീറ എന്നാണെന്നാണ് എന്റെ ഓര്‍മ്മ. അതിനും സമ്മാനം കിട്ടിയെന്ന് മാത്രമല്ല വിലകൂടിയ അഭിനന്ദനങ്ങളും ലഭിച്ചു. പലരും അതിന്റെ സ്‌ക്രിപ്റ്റ് ചോദിച്ചുവന്നു. അങ്ങനെ ഞാന്‍ പിന്നെയും കൊച്ചു കൊച്ചു കഥാപ്രസംഗങ്ങള്‍ എഴുതിക്കൊണ്ടേയിരുന്നു. ആ മേഖലയില്‍ ആത്മ വിശ്വാസത്തോടെ ചുവടുവച്ചു.

എന്‍.എസ് മാധവന്റെ മുയല്‍ വേട്ട എന്ന കഥയാണ് ഞാന്‍ കഥാപ്രസംഗമാക്കി. വിഷ്ണു മോഹന്‍ ആ കഥ പറഞ്ഞ് ജില്ലാ തലത്തില്‍ സമ്മാനം വാങ്ങിയത് എന്നെ കൂടുതല്‍ ആവേശഭരിതനാക്കി. തുടര്‍ന്നായിരുന്നു.

ഒ.വി. വിജയന്റെ കടല്‍ത്തീരത്ത് ഞാന്‍ കഥാപ്രസംഗമാക്കിയത്. മീഞ്ചന്ത ആര്‍ട്‌സ് ഏന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥിയായ ദീപ്തിഷ് ആയിരുന്നു ആ കഥ പറഞ്ഞത്. അതിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയത് അക്കാലത്തെ ഏറ്റവും മികച്ച സംഗീതസംവിധായകരില്‍ ഒരാളായ പുതുപ്പാടി കൃഷ്ണന്‍കുട്ടി മാഷായിരുന്നു.

മാഷ് എന്റെ കഥകള്‍ക്ക് ഏറ്റവും പ്രിയമോടെ സംഗീതം നല്‍കിയത് ഞാനിപ്പോഴും വലിയൊരനുഗ്രഹമായി കാണുകയാണ്.കഥാപ്രസംഗ രംഗത്ത് തിളങ്ങി നിന്ന കെ.കെ നിഷാദിന്റെയും ആതിരയുടെയും പിതാവ് കൂടിയായിരുന്നു അദ്ദേഹം. രണ്ടുപേരും പില്‍ക്കാലത്ത് കേരളത്തിലെ അറിയപ്പെടുന്ന പാട്ടുകാരായി. നിഷാദ് എന്റെ പാട്ടുപാടി മികച്ച ഗായകനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡും കഴിഞ്ഞ വര്‍ഷം നേടി.

ദീപ്തിഷ് പറഞ്ഞ 'കടല്‍ത്തീരത്ത്'എന്ന കഥ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കഥാപ്രസംഗ മത്സരത്തില്‍ തുടര്‍ച്ചയായി ഒന്നാം സമ്മാനം നേടി. അതെന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. പിന്നീട് കഥകള്‍ നിരവധിയായി എഴുതി. കഥ പറയാന്‍ കുട്ടികള്‍ ഒഴുകി. രാധികാ നാരായണന്‍ മീര പാടുന്നു എന്ന കഥ തിരൂരില്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ അവളെ നേരിട്ട് കണ്ട് അഭിനന്ദിച്ചു. കലാപത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടുപോയ ഒരു മുത്തച്ഛന്റെയും കൊച്ചുമകളുടെയും കഥയായിരുന്നു അത്.

അജയ് വിഷ്ണു പെരുന്തച്ചന്റെ കഥ പറഞ്ഞു സദസ്സിനെ കോരിത്തരിപ്പിച്ചു. സ്വാതിയും അനഘ വിശ്വനാഥും തുടര്‍ച്ചയായി കഥകള്‍ പറഞ്ഞു.അജയ് ജിഷ്ണു തുടര്‍ച്ചയായി മൂന്നുവര്‍ഷമാണ് കലോത്സവത്തില്‍ നിന്ന് ഒന്നാം സ്ഥാനം കൊണ്ടുവന്നത്. അനുനന്ദ സര്‍വ്വകലാശാല യുവജനോത്സവത്തില്‍ നിന്നും തുടര്‍ച്ചയായി വിജയം കൊയ്തു.

പ്രിയംവദ 'വൈശാലി' എന്ന കഥ പറഞ്ഞു സദസ്സിനെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. 'കള്ളിയങ്കാട്ട് നീലി' യുടെ കഥ പുതിയ കാലത്തിനനുസരിച്ച് തീര്‍ഥ എ.ആര്‍. ഭംഗിയായി അവതരിപ്പിച്ചു. സ്‌നേഹ നന്‍മിണ്ട സംഗീത സാന്ദ്രമായി ത്യാഗരാജ സ്വാമികള്‍ അവതരിപ്പിച്ചു. കഥാപ്രസംഗ രംഗത്ത് ശ്രദ്ധേയയായ പാര്‍വണയും എന്റെ കഥ പറഞ്ഞു.

പുതിയ കാലത്ത് ശ്രദ്ധേയനായ യുവ ഗായകന്‍ ദീപക് ജെ ആറും എന്റെ കഥ പറഞ്ഞിരുന്നു. 'ചരിത്രം മറന്നുപോയ മനുഷ്യന്‍' എന്ന കഥയായിരുന്നു അന്ന് ദീപക് പറഞ്ഞത്. ആനന്ദും ആഗ്‌നസും പറഞ്ഞ 'ദുരന്തങ്ങള്‍ അവസാനിക്കുന്നില്ല' 'അഴകുള്ളവള്‍ അഭിരാമി' എന്നീ കഥകളും എന്റെ പ്രിയപ്പെട്ടവയാണ്. എനിക്ക് വിദൂരപരിചയം പോലും ഇല്ലാത്ത എത്രയോ കുട്ടികള്‍ എന്റെ കഥകള്‍ പറഞ്ഞിട്ടുണ്ടാവണം.

പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ഥിനിയായ ഗൗരീ ചന്ദ്ര കടാങ്കടയുടെ കഥ പറഞ്ഞ് സംസ്ഥാനതലത്തില്‍ വിജയിയായി. തുടര്‍ന്ന് സുധാമേനോന്റെ ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍ എന്ന പുസ്തകത്തിലെ ജീവലതയുടെ ജീവിതകഥ പറഞ്ഞു രണ്ടാംതവണയും സംസ്ഥാനതലത്തില്‍ വിജയം നേടി. എന്നാല്‍ മൂന്നാം വര്‍ഷത്തില്‍ അവള്‍ പറയാന്‍ പഠിച്ച 'രാംധുന്‍ നിലയ്ക്കുന്നില്ല' എന്ന കഥ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഭംഗിയായി പറഞ്ഞു തീര്‍ക്കാന്‍ കഴിഞ്ഞില്ല.

അതുകൊണ്ട് ആ കഥ പിന്നീട് ഞാന്‍ പറയാന്‍ എടുത്തുമില്ല. 'അരങ്ങിലെ അനാര്‍ക്കലി 'എന്ന കഥ ഡോക്ടര്‍ കെ ശ്രീകുമാറിന്റെ പള്ളുരുത്തി കെ.എന്‍ ലക്ഷ്മിയെ കുറിച്ചുള്ള ഒരു കുറിപ്പില്‍ നിന്നാണ് ഞാന്‍ തുടങ്ങിവച്ചത്. കണ്ണൂരിലെ പ്രിയപ്പെട്ട കൂട്ടുകാരി വൈഗ അത് മനോഹരമാക്കി അവതരിപ്പിച്ച് സംസ്ഥാനതലത്തില്‍ വിജയിയായി.അനാമിക ടി.ആര്‍.ഉം ആ കഥ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ അവതരിപ്പിച്ചു എ. ഗ്രേഡ് നേടി. കണ്ണൂരിലെ മറ്റൊരു മിടുക്കി ആയ

ശ്രീമയി 'ജീവലത 'എന്ന കഥയെ വീണ്ടും ശ്രദ്ധേയമാക്കി. 'ഖയാലുകള്‍ നിലയ്ക്കുന്നില്ല'എന്ന പേരില്‍ അന്നപൂര്‍ണ്ണാദേവിയെ കുറിച്ച് ഞാന്‍ എഴുതിയ മറ്റൊരു കഥാപ്രസംഗം ഇത്തവണ സംസ്ഥാനതലത്തില്‍ എത്തിയില്ല. ശ്രീമയി ആ കഥ പറഞ്ഞത് കേട്ട് ഞാന്‍ ഏറെ നേരം നിശബ്ദനായി നിന്നു പോയി.ചില സന്ദര്‍ഭങ്ങള്‍ അങ്ങനെയാണ്. നമ്മള്‍ വിചാരിച്ചത് പോലെ മത്സരത്തില്‍ വിജയം ലഭിക്കണമെന്നില്ല, പക്ഷേ ആ ആ കഥകള്‍ അവസാനിച്ചു പോവുകയുമില്ല.

കഥാപ്രസംഗ രംഗത്തെ മികച്ച പരിശീലകില്‍ ഒരാളായ കെ.എന്‍.കീപ്പേരി മാഷ് എന്റെ കഥകള്‍ക്ക് ജീവന്‍ നല്‍കിയവരില്‍ പ്രധാനിയാണ്. പെരുന്തച്ചന്‍,മീര പാടുന്നു,ഗുരുപര്‍വ്വം,സത്യം വദ: ധര്‍മ്മം ചര: , ചരിത്രം നേരു പറയുന്നു, കാക്കശ്ശേരി ഭട്ടതിരി, കഥയുടെ രാജകുമാരി, ചപേക്കര്‍മാരുടെ അമ്മ, വൈശാലി പറയാതിരുന്നത്, ദ്രൗപദി, മഹാദാനം, കടാങ്കട, അരങ്ങിലെ അനാര്‍ക്കലി, ജീവലത, എന്തൊരു മഹാനുഭാവുലു, കല്‍പ്പനാ ചൗള, കാളിദാസന്‍ കഥകള്‍ നീളുകയാണ്. എഴുതിയ കഥകളെല്ലാം സംസ്ഥാനത്ത് മികച്ച വിജയം നേടി. പലതും ഒന്നാമതെത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കഥ പറഞ്ഞ കൂട്ടുകാരെല്ലാം സംസ്ഥാനതലത്തില്‍ എ ഗ്രേഡും ഉയര്‍ന്ന സ്ഥാനവും ഉറപ്പിച്ചു.

ഇത്തവണത്തെ കലോല്‍സവത്തില്‍ നാലു കഥകള്‍ എന്റെ അറിവില്‍ കഥകള്‍ പറഞ്ഞിട്ടുണ്ട്. ചന്ദ്രശേഖരന്‍ തിക്കോടി എഴുതി ശശി പട്ടാനൂര്‍ സംവിധാനം ചെയ്ത ഒരു കഥയ്ക്ക് ഞാന്‍ പാട്ടും എഴുതിയിട്ടുണ്ട്. എന്റെ അറിവിലില്ലാത്ത ചില കഥകളും അവിടെ പറഞ്ഞിട്ടുണ്ടാവാം. കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ രണ്ടു കഥാപ്രസംഗങ്ങള്‍ തൃശ്ശൂരില്‍ ഉണ്ടായിരുന്നു. രണ്ടുപേരും എ ഗ്രേഡോടുകൂടി മികച്ച നേടി വിജയം നേടി. പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ

ഗൗരീ ചന്ദ്ര 'കടാങ്കട' എന്ന കഥ പറഞ്ഞു വിജയിയായപ്പോള്‍ നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഋതുമിത്ര 'എന്തൊരു മഹാനു ഭാവുലു ' എന്ന കഥ പറഞ്ഞ് എ.ഗ്രേഡ് നേടി. ശ്രീ പപ്പന്‍ കാവിലാണ് ഈ കഥയെ ജീവസ്സുറ്റതാക്കിയത്. അദ്ദേഹത്തിന്റെ കൊച്ചു മകളാണ് ഋതു മിത്ര. മലപ്പുറം അരിയല്ലൂര്‍ ഹൈസ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനി പാര്‍വ്വണ ജീവലതയുടെ കഥ പറഞ്ഞ് എ.ഗ്രേഡ് നേടി. വയനാട്ടിലെ കൊച്ചു മിടുക്കി ശേഹ അരങ്ങിലെ അനാര്‍ക്കലി പറഞ്ഞ് എ ഗ്രേഡ് സ്വന്തമാക്കി.

കൈരളി ടിവിയിലെ 'കഥപറയുമ്പോള്‍ ' എന്ന റിയാലിറ്റി ഷോയില്‍ ഹരിത ഹര്‍ഷ വര്‍ധനു വേണ്ടി ധാരാളം കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അവയെല്ലാം ഏറ്റവും ഹൃദ്യമായ രീതിയില്‍ ഹരിത അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തീപ്പൊരിയില്‍ നിന്ന്,പെരുന്തച്ചന്‍,കാളി ദാസന്‍, കല്പനാ ചൗള എന്നിവ അക്കൂട്ടത്തില്‍ ചിലതാണ്. എന്റെ കഥാപ്രസംഗത്തെ കൂടുതല്‍ പേരില്‍ എത്തിക്കുന്നതില്‍ ഹരിത വഹിച്ച പങ്ക് ചെറുതല്ല. ശ്രീ യുകെ കുമാരന്റെ 'അബ്ദുറഹിമാനും അമര്‍നാഥും

'എന്ന കഥയ്ക്ക് കഥാപ്രസംഗാവിഷ്‌കാരം നിര്‍വ്വഹിക്കാനായത് എനിക്ക് സന്തോഷം പകരുന്ന ഒരനുഭവമാണ്. ശ്രീ. അംബികാസുതന്‍ മാങ്ങാടിന്റെ 'മുച്ചിലോട്ടമ്മ 'എന്ന കഥ പറഞ്ഞത് കഥാപ്രസംഗത്തില്‍ ഡോക്ടറേറ്റുള്ള അധ്യാപികയും പ്രശസ്ത കാഥികയുമായ ശ്രീമതി ധന്യ കീപ്പേരിയായിരുന്നു. അതും ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുകയാണ്. റിനിഷ അഴീക്കോട് യുവകാഥികമാരില്‍ ശ്രദ്ധേയയാണ്. 'അരങ്ങിലെ അനാര്‍ക്കലി ' എന്ന എന്റെ കഥാപ്രസംഗം സംഗീത നാടക അക്കാദമിക്ക് വേണ്ടി റിനിഷ പറഞ്ഞിട്ടുണ്ട്. എന്റെ നിരവധി കഥകള്‍ക്ക് ജീവന്‍ പകര്‍ന്നത് റിനിഷയാണ്.അതിഭാവുകത്വമില്ലാതെ മനോഹരമായ റിനിഷയുടെ ആഖ്യാന ശൈലി കഥകളെ വേറിട്ടതാക്കുന്നു.ജീവലതയും അരങ്ങിലെ അനാര്‍ക്കലിയും, രണധീരനായ പടനായകനും,കല്‍പ്പന ചൗളയും,ഖയാലുകള്‍ നിലയ്ക്കുന്നില്ല എന്ന കഥയും റിനിഷയുടെ സംവിധാനത്തില്‍ ശ്രദ്ധേയമായതാണ്. പുതുപ്പാടി കൃഷ്ണന്‍ കുട്ടി,പ്രേം കുമാര്‍ വടകര,പ്രേം രാജ് പാലക്കാട്, സുനില്‍ കുമാര്‍ തിരുവങ്ങൂര്‍,വിനോദ് കാവില്‍, ഡോ.പ്രശാന്ത് കൃഷ്ണന്‍ എന്നിവരാണ് എന്റെ കഥകള്‍ക്ക് സംഗീതം നല്‍കിയത്. വിനോദ് കാവിലും ബാലന്‍ മാഷും ബാലകൃഷ്ണന്‍ കരുവണ്ണൂരും, അഖിലേഷ് ചന്ദ്ര മാഷും പശ്ചാത്തലമൊരുക്കി കൂടെ നിന്നവരാണ്.

പതിനൊന്നാം വയസ്സില്‍ കഥ പറഞ്ഞു തുടങ്ങിയ ഒരു കുട്ടി സാംബശിവനെപ്പോലെ വലിയൊരു കാഥികനാവുമെന്നു ചിലരെങ്കിലും വിചാരിച്ചിരുന്നു. പക്ഷേ പിന്നീട് ഞാന്‍ കഥ പറയാന്‍ വേദിയിലെത്തിയില്ല. ഓരോരോ വിധികള്‍ നമ്മെ കാത്ത് നില്ക്കുന്നുണ്ടാവും. ഒരിക്കല്‍ കാഥികനായി വരാന്‍ ഇപ്പോഴും ഇടയ്ക്ക് ആഗ്രഹിക്കാറുണ്ട്. പ്രസംഗവേദിയില്‍ അന്നത്തെ കഥാനുഭവം തനിക്ക് വലിയൊരൂര്‍ജ്ജമായിട്ടുണ്ടായിട്ുണ്ടെന്ന് രമേശ് കാവില്‍ പറഞ്ഞു.

നൂറിലധികം കഥാപ്രസംഗങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്.അവ പുസ്തകമാക്കാനുള്ള പല അവസരങ്ങളും താന്‍ തന്നെ ഉപേക്ഷിച്ചു കളഞ്ഞിട്ടുമുണ്ട്. ശ്രീനാരായണഗുരുദേവനും മഹാകവി കുമാരനാശാനും ഡോക്ടര്‍ പല്‍പ്പുവും പണ്ഡിറ്റ് കെ.പി കറുപ്പനും സത്യദേവനും എല്ലാം ചേര്‍ന്ന് 101 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ഒരുക്കിയിറക്കിയ ഈ കലാരൂപത്തിന്റെ എളിയ കണ്ണിയാവാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്ന്നും രമേശ് പറഞ്ഞു. ഈ വര്‍ഷം തന്നെ എന്റെ കഥാപ്രസംഗങ്ങള്‍ പുസ്തകരൂപത്തില്‍ ഇറക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതായും ട്രുവിഷന്‍ ന്യൂസിനെ അറിയിച്ചു. നിരവധി പുതിയ കഥകള്‍ ഇദ്ദേഹം എഴുതി തയ്യാറാക്കുന്നുമുണ്ട്. സാമൂഹ്യ വിമര്‍ശനത്തിനുള്ള ഏറ്റവും നല്ല ഉപാധിയായി ശ്രീനാരായണ ഗുരുദേവന്‍ തന്നെ നിര്‍ദ്ദേശിച്ച ഈ കലാരൂപം ഏറ്റവും മികവോടെ ഏറ്റെടുക്കാന്‍ കഴിയുന്ന ധാരാളം കൊച്ചു കാഥികര്‍ വിദ്യാലയങ്ങളില്‍ ഉണ്ട്. അവര്‍ നമ്മുടെ കഥാസഞ്ചാര വഴികളെ തിളക്കമുള്ളതാക്കുമെന്ന് ഉറപ്പിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336729/a-note-from-a-rare-speaker-at-the-state-school-arts-festival-kathaprasanga-stage-)