---
title: "പരിശീലനത്തിന് എത്താതായതോടെ അന്വേഷിച്ചെത്തി, പിന്നാലെ കണ്ടത് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ; പോക്കറ്റുകളിൽ ആത്മഹത്യാ കുറിപ്പ്"
english_title: "Suicide note in pockets, death of female students in Kollam hostel, suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336573/suicide-note-in-pockets-death-of-female-students-in-kollam-hostel-suicide"
published_at: "2026-01-16T08:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969a37fd33dc_KOLLAM.jpg"
keywords: []
---

# പരിശീലനത്തിന് എത്താതായതോടെ അന്വേഷിച്ചെത്തി, പിന്നാലെ കണ്ടത് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ; പോക്കറ്റുകളിൽ ആത്മഹത്യാ കുറിപ്പ്

> **Lead Summary:** **കൊല്ലം: **സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.

## Article Content

**കൊല്ലം: **സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.

കോഴിക്കോട് കടലുണ്ടി സ്വദേശിനി പേടിയാട്ടുകുന്ന് അമ്പാളി രവിയുടെ മകൾ സാന്ദ്ര (18), തിരുവനന്തപുരം മുദാക്കൽ സ്വദേശിനി വാളക്കാട് ഇളമ്പത്തടം വിഷ്ണു ഭവനിൽ വേണുവിന്റെ മകൾ വൈഷ്ണവി (15) എന്നിവരാണു മരിച്ചത്.

സ്വകാര്യ സ്കൂളിൽ വൈഷ്ണവി 10ാം ക്ലാസിലും സാന്ദ്ര പ്ലസ് വണ്ണിനും ആണു പഠിച്ചിരുന്നത്. രണ്ട് പേരുടെയും പോക്കറ്റുകളിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നു പൊലീസ് പറഞ്ഞു.

കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മരിച്ച കുട്ടികളുടെ മുറിയിലെ താമസക്കാരായ കുട്ടികളുടെയും ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവരുടെയും മൊഴി രേഖപ്പെടുത്തി.

പൊലീസ് നിർദേശപ്രകാരം അഞ്ച് കൗൺസലർമാർ ഹോസ്റ്റലിൽ എത്തി കുട്ടികളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം അതിന്റെ വിവരങ്ങൾ കൂടി ശേഖരിച്ചു സംഭവമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരുടെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്നും സിറ്റി പൊലീസ് അറിയിച്ചു.

വൈഷ്ണവിയുടെ മുറി താഴത്തെ നിലയിലും സാന്ദ്രയുടെ മുറി മൂന്നാം നിലയിലുമാണ്. പുലർച്ചെ അഞ്ചുമണിക്ക് പരിശീലനം ആരംഭിച്ചപ്പോൾ വൈഷ്ണവിയും സാന്ദ്രയും എത്തിയിരുന്നില്ല.

ഇവരെ അന്വേഷിച്ചു സാന്ദ്രയുടെ മുറിയിൽ എത്തിയപ്പോൾ അകത്ത് നിന്നു കുറ്റി ഇട്ടിരുന്നു. തുടർന്നു സെക്യൂരിറ്റിയും പരിശീലകരും എത്തി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ ആണ് ഇരുവരെയും രണ്ട് ഫാനുകളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം ഈസ്റ്റ് സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനു ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വൈഷ്ണവിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

സാന്ദ്രയുടെ പോസ്റ്റ്മോർട്ടം ഇന്നു പൂർത്തിയാക്കി വൈകിട്ടു സംസ്കാരം നടത്തും. വൈഷ്ണവിയുടെ അമ്മ അനീഷ, സഹോദരൻ വിഷ്ണു. സാന്ദ്രയുടെ അമ്മ സിന്ധു. സഹോദരൻ ശ്രീദിൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336573/suicide-note-in-pockets-death-of-female-students-in-kollam-hostel-suicide)