---
title: "ശബരിമല സ്വർണ്ണക്കൊള്ള കേസ്; കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്"
english_title: "Sabarimala gold robbery case; KP Shankaradas' remand proceedings today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336403/sabarimala-gold-robbery-case-kp-shankaradas-remand-proceedings-today"
published_at: "2026-01-15T07:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69684f45bc086_kp.jpg"
keywords: []
---

# ശബരിമല സ്വർണ്ണക്കൊള്ള കേസ്; കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്. മുൻ ദേവസ്വം ബോർഡ് അംഗമായ ശങ്കരദാസ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി എത്തി, റിമാൻഡ് നടപടികൾ പൂർത്തിയാക്കും. കേസിലെ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്.

## Article Content

**തിരുവനന്തപുരം: **ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്. മുൻ ദേവസ്വം ബോർഡ് അംഗമായ ശങ്കരദാസ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി എത്തി, റിമാൻഡ് നടപടികൾ പൂർത്തിയാക്കും. കേസിലെ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്.

ഇന്നലെ രാത്രിയോടെ ആയിരുന്നു, അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ശശിധരൻ ആശുപത്രിയിലെത്തി ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ തന്നെ പ്രോസിക്യൂട്ടർ വഴി അറസ്റ്റ് വിവരം കോടതിയെ അറിയിച്ചിരുന്നു.

പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം കെ പി ശങ്കരദാസിന്റെ അറസ്റ്റ് വൈകിയതിൽ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയത്.

ഒരാള്‍ പ്രതി ചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്‍പിയാണെന്നും, അതാണ് ആശുപത്രിയിൽ പോയതെന്നുമാണ് ജസ്റ്റിസ് ബദ്റുദ്ദീൻ തുറന്നടിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ജ്വല്ലറി വ്യാപാരി ഗോവര്‍ധൻ അടക്കം മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഇതിന് പിന്നാലെയായിരുന്നു ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336403/sabarimala-gold-robbery-case-kp-shankaradas-remand-proceedings-today)