---
title: "പൂരത്തിനെന്ന പോലെ അണിഞ്ഞൊരുങ്ങി; കൗമാരപ്രതിഭകൾക്ക് അരങ്ങ് തകർക്കാനായി തൂവെള്ള പന്തലൊരുക്കിയത് അച്ഛനും മകളും  "
english_title: "Kerala School Kalolsavam 26, Pandal prepared by father and daughter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336289/kerala-school-kalolsavam-26-pandal-prepared-by-father-and-daughter"
published_at: "2026-01-14T12:42:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696741f0e11d9_KALOLSAVAM.jpg"
keywords: []
---

# പൂരത്തിനെന്ന പോലെ അണിഞ്ഞൊരുങ്ങി; കൗമാരപ്രതിഭകൾക്ക് അരങ്ങ് തകർക്കാനായി തൂവെള്ള പന്തലൊരുക്കിയത് അച്ഛനും മകളും  

> **Lead Summary:** **തൃശ്ശൂർ: **പൂരത്തിനെന്നപോലെ അണിഞ്ഞൊരുങ്ങി തൃശ്ശൂർ. അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കുന്ന തൃശൂരിൽ കൗമാര പ്രതിഭകൾക്ക് അരങ്ങ് തകർക്കാനായി തൂവെള്ള കൊട്ടാരമൊരുക്കിയിരിക്ക്കുകയാണ് തിരുവനന്തപുരത്തു നിന്നുള്ളൊരു അച്ഛനും മകളും.

## Article Content

**തൃശ്ശൂർ: **പൂരത്തിനെന്നപോലെ അണിഞ്ഞൊരുങ്ങി തൃശ്ശൂർ. അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കുന്ന തൃശൂരിൽ കൗമാര പ്രതിഭകൾക്ക് അരങ്ങ് തകർക്കാനായി തൂവെള്ള കൊട്ടാരമൊരുക്കിയിരിക്ക്കുകയാണ് തിരുവനന്തപുരത്തു നിന്നുള്ളൊരു അച്ഛനും മകളും.

വെള്ളയമ്പലം സ്വദേശി വിജയ കുമാറും ആർക്കിടെക്ടായ ഗ്രീഷ്മയുമാണ് കലാ പുരത്തിന് ഇത്തവണത്തെ വേദികളൊരുക്കി ശ്രദ്ധയാകർഷിക്കുന്നത്. ഉത്ഘാടന വേദിയായ തേക്കിൻകാട് മൈതാനത്തും പരിസരത്തുമായി 25 വേദികളാണ് നിർമിച്ചിരിക്കുന്നത്.

പത്തുദിവസം മുമ്പ് ആരംഭിച്ച പണികൾ ജനുവരി പത്തിനാണ് പൂർത്തിയായത്. തൻ്റെ ഉടമസ്ഥതയിലുള്ള എസ്.വി.ഡെക്കറേഷൻ ഇ-ടെൻഡർ മുഖേനയാണ് പന്തൽപണിയുടെ കരാർ ഏറ്റെടുത്തതെന്നു വിജയകുമാർ പറഞ്ഞു.

പ്രധാന വേദി ഏകദേശം ഒരു ലക്ഷത്തോളം സ്ക്വയർ ഫീറ്റിലും ഭക്ഷണപ്പന്തൽ അമ്പതിനായിരം സ്ക്വയർ ഫീറ്റിലും മറ്റ് മത്സര വേദികൾ മുപ്പത്തിനായിരം, ഇരുപതിനായിരം സ്ക്വയർ ഫീറ്റിലുമാണ് നിർമിച്ചിട്ടുള്ളത്.

ഇരുനൂറോളം തൊഴിലാളികളാണ് പന്തൽനിർമാണത്തിനായി അച്ഛനും മകൾക്കും മകളുടെ ഭർത്താവിനൊപ്പവും പ്രവർത്തിച്ചത്. പിഡബ്ല്യുഡിയുടെ എ ക്ലാസ് ലൈസൻസുള്ള കോൺട്രാക്ടറാണ് വിജയകുമാർ. കഴിഞ്ഞ 45 വർഷമായി ഇദ്ദേഹം വലിയ ആഘോഷങ്ങൾക്കായി വമ്പൻ പന്തലുകളൊരുക്കുന്നു.

രണ്ടാം പിണറായി സർക്കാരിൻറെ സത്യപ്രതിജ്ഞാ ചടങ്ങിനൊരുക്കിയ പടുകൂറ്റൻ പന്തൽ, എൻ്റെ കേരളം പന്തൽ തുടങ്ങി ഒട്ടേറെ പന്തലുകളാണ് വിജയകുമാർ ഇതിനോടകം പണിതീർത്തിട്ടുള്ളത്. സിവിൽ എൻജിനീയറിംഗ് പൂർത്തിയാക്കി കഴിഞ്ഞ അഞ്ചുവർഷമായി മകൾ ഗ്രീഷ്‌മയും അച്ഛനൊപ്പമുണ്ട്.

ആധുനികരീതിയിലുള്ള അലുമിനിയം ജർമൻ ഹാംഗർ ടെന്റ് പന്തലുകളാണ് കലോത്സവത്തിനായി ഒരുക്കിയിട്ടുള്ളത്. നാല്പ‌തു മീറ്ററിൽ ഒരു തൂണുപോലുമില്ലാത്ത നിർമിതിയാണ് ഈ പന്തലിന്റെ പ്രത്യേകത. എവിടെനിന്നാലും അരങ്ങിലേക്ക് കാഴ്ചയെത്തും. കാറ്റത്തു മറിഞ്ഞുവീഴുകയോ തീ പിടിക്കുകയോ ചെയ്യില്ല എന്നത് സുരക്ഷയുടെ ശക്തി വർധിപ്പിക്കുന്നു. അലു

മിനിയം ചട്ടക്കൂടിൽ പിവിസി കോട്ടിംഗ് ഉള്ള ഷീറ്റ് ഉപയോഗിച്ചാണ് മേൽക്കൂര തീർത്തിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന കലോത്സവത്തിലും വിജയകുമാറും സംഘവുമാണ് ജർമൻ പന്തലുകൾ ഒരുക്കിയത്.

ഇക്കൊല്ലവും തനിക്ക് തന്നെ കോൺട്രാക്ട് കിട്ടിയത് സന്തോഷമുള്ള കാര്യമാണെന്നും കഴിഞ്ഞ വർഷത്തേക്കാൾ ഭംഗിയോടെ ഇത്തവണ പന്തൽ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ജോലിത്തിരക്കിൽ ഭാര്യ ശ്രീലജയാണ് കുടുംബകാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇളയ മകൾ രേഷ്‌മ ജോർജിയയിലെ ഡോക്ടർപഠനം കഴിഞ്ഞ് ഇപ്പോൾ നാട്ടിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336289/kerala-school-kalolsavam-26-pandal-prepared-by-father-and-daughter)