---
title: " ‘തൃശ്ശിവപേരൂരിന്റെ അരങ്ങിൽ പുത്തൻതലമുറയെഴുതുന്നു....’; കൗമാര കലോത്സവത്തിന് സ്വാഗതഗാന നൃത്താവിഷ്‌കരവുമായി കലാമണ്ഡലം വിദ്യാർത്ഥികൾ"
english_title: "Kalamandalam students perform a welcome song and dance at the State School Arts Festival."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336278/kalamandalam-students-perform-a-welcome-song-and-dance-at-the-state-school-arts-festival-new"
published_at: "2026-01-14T12:17:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69678723451d9_kalolsavam.jpg"
keywords: []
---

#  ‘തൃശ്ശിവപേരൂരിന്റെ അരങ്ങിൽ പുത്തൻതലമുറയെഴുതുന്നു....’; കൗമാര കലോത്സവത്തിന് സ്വാഗതഗാന നൃത്താവിഷ്‌കരവുമായി കലാമണ്ഡലം വിദ്യാർത്ഥികൾ

> **Lead Summary:** **തൃശ്ശൂർ : **‘തൃശ്ശിവപേരൂരിന്റെ അരങ്ങിൽ പുത്തൻ തലമുറയെഴുതുന്നു...കലയുടെ കാവ്യ ചരിത്രം അതിനായി നവകേരളമോ വിടരുന്നു‘.... സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് സ്വാഗതഗാന നൃത്താവിഷ്‌കരവുമായി കലാമണ്ഡലം വിദ്യാർത്ഥികൾ.

## Article Content

**തൃശ്ശൂർ : **‘തൃശ്ശിവപേരൂരിന്റെ അരങ്ങിൽ പുത്തൻ തലമുറയെഴുതുന്നു...കലയുടെ കാവ്യ ചരിത്രം അതിനായി നവകേരളമോ വിടരുന്നു‘.... സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് സ്വാഗതഗാന നൃത്താവിഷ്‌കരവുമായി കലാമണ്ഡലം വിദ്യാർത്ഥികൾ.

കേരള കലാമണ്ഡത്തിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളായ 35ഓളം പേർ ചേർന്നാണ് ചടുല ചുവടുകളുമായി ശ്രദ്ധയാകർഷിച്ചത്. കേരളത്തിന്റെ തനത് കലകളും യുവജനോത്സവത്തിൽ ഉൾപ്പെടുന്ന മറ്റ് കലകളെയും ഉൾക്കൊള്ളിക്കാൻ പരമാവധി ശ്രമിച്ചാണ് നൃത്തം ചിട്ടപ്പെടുത്തിയത്. 6 മിനിറ്റ് 30 സെക്കൻഡാണ് ഗാനത്തിൻ്റെ ദൈർഘ്യം.

കൗമാര ഉത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന് തൊട്ട് മുൻപായാണ് സ്വാഗതം ഗാനം അരങ്ങേറിയത്. നൃത്ത വിഭാഗങ്ങളായ മോഹിനിയാട്ടം, ഭരതനാട്യം എന്നീ വിഭാഗത്തിലെ വിദ്യാർത്ഥികളും കഥകളി തുള്ളൽ, കൂടിയാട്ടം തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുമാണ് രക്ഷിതാക്കളുടെയും മത്സരാർഥികളുടെയും മനസ്‌ കീഴടക്കിയത്.

പൂർണമായും പെൺകുട്ടികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് കലാമണ്ഡലം നൃത്തവിഭാഗം മേധാവി ഡോ.രചിത രവി, അദ്ധ്യാപകരായ കലാമണ്ഡലം ലതിക, കലാമണ്ഡലം പൂജ, കലാമണ്ഡലം വീണ, കലാക്ഷേത്ര രേവതി, ഡോ.വിദ്യാ റാണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.

ബി.കെ.ഹരിനാരായണൻ്റെ വരികൾക്ക് മണികണ്ഠൻ അയ്യപ്പനാണ് സംഗീതം നൽകിയത്. കഴിഞ്ഞവർഷവും സ്വാഗത ഗാനത്തിന് നൃത്തം ചിട്ടപ്പെടുത്തിയതും കലാമണ്ഡലം ആയിരുന്നു.

ചുരുങ്ങിയ സമയത്തിനുള്ളിൽ കലോത്സവത്തിൻ്റെ മുഴുവൻ കലകളെയും ഉൾക്കൊള്ളുന്ന രീതിയിലും സംസ്കാരത്തെ ഉൾക്കൊള്ളുന്ന രീതിയിലുമാണ് നൃത്തം തയ്യാറാക്കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336278/kalamandalam-students-perform-a-welcome-song-and-dance-at-the-state-school-arts-festival-new)