---
title: "ക്ലബ് 7 ഹോട്ടലിൽ എത്തിയത് യുവതിയുമായി സംസാരിക്കാൻ, ലാപ്ടോപ്പിനായി വടകരയിലും അന്വേഷണം"
english_title: "RahulMangkootathil has completed the evidence collection with the MLA."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336221/rahulmangkootathil-has-completed-the-evidence-collection-with-the-mla"
published_at: "2026-01-14T08:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696700c4612aa_mangootathil.jpg"
keywords: []
---

# ക്ലബ് 7 ഹോട്ടലിൽ എത്തിയത് യുവതിയുമായി സംസാരിക്കാൻ, ലാപ്ടോപ്പിനായി വടകരയിലും അന്വേഷണം

> **Lead Summary:** **പത്തനംതിട്ട: ** രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായുള്ള തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരികെ എ ആര്‍ ക്യാമ്പിലേക്ക് പൊലീസ് തിരിച്ചു. തല്‍ക്കാലം മറ്റ് ഇടങ്ങളില്‍ തെളിവെടുപ്പ് ഇല്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ക്യാമ്പില്‍ കൊണ്ടുപോയി വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

## Article Content

**പത്തനംതിട്ട: ** രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായുള്ള തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരികെ എ ആര്‍ ക്യാമ്പിലേക്ക് പൊലീസ് തിരിച്ചു. തല്‍ക്കാലം മറ്റ് ഇടങ്ങളില്‍ തെളിവെടുപ്പ് ഇല്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ക്യാമ്പില്‍ കൊണ്ടുപോയി വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ക്ലബ് 7 ഹോട്ടലില്‍ വന്ന കാര്യം രാഹുല്‍ സമ്മതിച്ചിട്ടുണ്ട്. 408ാം നമ്പര്‍ മുറിയും രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

എന്നാല്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മറുപടി നല്‍കിയിട്ടില്ല. അതിജീവിത നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ആരായാന്‍ ഇന്ന് വിശദമായി വീണ്ടും രാഹുലിനെ ചോദ്യം ചെയ്യും.

രാഹുല്‍ ബി ആര്‍ എന്ന രജിസ്റ്ററിലെ പേരും നിര്‍ണായക തെളിവായി എസ്‌ഐടിക്ക് സ്വീകരിച്ചിട്ടുണ്ട്. രാഹുല്‍ സഹകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

നിലവില്‍ രാഹുലിന്റെ ലാപ്പ്ടോപ്പ് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുകയാണ് അന്വേഷണ സംഘം. പാലക്കാടും വടകരയിലും പരിശോധന നടത്താനാണ് നീക്കം. രാഹുലുമായി ബന്ധമുള്ള മറ്റ് ചില സ്ഥലങ്ങളിലും പരിശോധന നടത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336221/rahulmangkootathil-has-completed-the-evidence-collection-with-the-mla)