---
title: "സൂക്ഷിക്കുക! ചൂടുവെള്ളത്തിലെ കുളി നിങ്ങളുടെ ചർമ്മത്തിന്റെ യൗവനം കവർന്നെടുക്കും"
english_title: "Hot water bath"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336145/hot-water-bath"
published_at: "2026-01-13T14:30:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696609fa5b479_tru4.jpg"
keywords: []
---

# സൂക്ഷിക്കുക! ചൂടുവെള്ളത്തിലെ കുളി നിങ്ങളുടെ ചർമ്മത്തിന്റെ യൗവനം കവർന്നെടുക്കും

> **Lead Summary:** **[[truevisionnews.com] ] ** ചൂട് വെള്ളത്തിലെ കുളി ചർമ്മത്തിന് ദീർഘകാല നാശവും അകാല വാർദ്ധക്യവും നൽകുമെന്ന് ചർമ്മരോഗ വിദഗ്‌ധർ പറയുന്നു. ശരീരത്തിലെ പ്രകൃതിദത്ത എണ്ണയും ലിപിഡുകളും ചർമ്മത്തിലെ ഈർപ്പം നിലനിർത്തുമെന്നും ഇത് പുറത്ത് നിന്നുള്ള അപകടകരമായ വസ്‌തുക്കളെ തടയുന്ന കവചമായി നിൽക്കുമെന്നും ചർമ്മരോഗവിദഗ്ധ ഡോ. ശ്വേത മൻചന്ദ പറയുന്നു.

## Article Content

**[[truevisionnews.com] ] ** ചൂട് വെള്ളത്തിലെ കുളി ചർമ്മത്തിന് ദീർഘകാല നാശവും അകാല വാർദ്ധക്യവും നൽകുമെന്ന് ചർമ്മരോഗ വിദഗ്‌ധർ പറയുന്നു. ശരീരത്തിലെ പ്രകൃതിദത്ത എണ്ണയും ലിപിഡുകളും ചർമ്മത്തിലെ ഈർപ്പം നിലനിർത്തുമെന്നും ഇത് പുറത്ത് നിന്നുള്ള അപകടകരമായ വസ്‌തുക്കളെ തടയുന്ന കവചമായി നിൽക്കുമെന്നും ചർമ്മരോഗവിദഗ്ധ ഡോ. ശ്വേത മൻചന്ദ പറയുന്നു.

എന്നാൽ ദീർഘനേരം ചൂട് വെള്ളവുമായി ഉണ്ടാക്കുന്ന സമ്പർക്കം ഈ എണ്ണകളെ ഒഴുക്കി കളയും. ഇത് ദിവസവും ആവർത്തിക്കുന്നത് ചർമ്മം വരണ്ടതും വലിഞ്ഞു മുറുകിയതും ചൊറിച്ചിലും നീർക്കെട്ടും അണുബാധയും എളുപ്പം പിടികൂടുന്നതുമാക്കി മാറ്റും.

പിന്നീട് മോയിസ്‌ചറൈസർ ഉപയോഗിച്ചാൽ പോലും ചൊറിച്ചിൽ, വരൾച്ച, ചർമ്മം അടർന്നു പോകൽ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാം. ചർമ്മത്തിലെ ഉപയോഗപ്രദമായ സൂക്ഷ്‌മ ജീവികളെ ചൂട് വെള്ളം നശിപ്പിക്കുന്നത് പ്രതിരോധ സന്തുലനം നഷ്ട‌പ്പെടുത്തി വിനാശകരങ്ങളായ ബാക്‌ടീരിയ അമിതമായി തൊലിപ്പുറത്ത് വളരാൻ ഇടയാക്കും.

ചർമ്മ പ്രതലത്തിൻ്റെ പിഎച്ച് മൂല്യം മാറ്റുന്ന ചൂട് വെള്ളം മുൻപ് ഉണ്ടായിരുന്ന ചർമ്മ പ്രശ്‌നങ്ങളെയും അധികരിപ്പിക്കും. എക്‌സീമ, സോറിയാസിസ്, റൊസാസിയ, സംവേദനത്വം അധികമുള്ള ചർമ്മം തുടങ്ങിയ ചർമ്മ പ്രശ്ന‌ങ്ങൾ ഉള്ളവർക്ക് ലക്ഷണങ്ങൾ രൂക്ഷമാകാനും ചൂട് വെള്ളം ഇടയാക്കും.

ചൂട് വെള്ളത്തിലെ കുളിക്ക് ശേഷം ചർമ്മത്തിലെ ഈർപ്പം വേഗം ആവിയായി പോകുന്നതിനാൽ നിർജലീകരണം സംഭവിക്കാനും ഇടയുണ്ട്. നിരന്തരമായ ഈ നിർജലീകരണം ചർമ്മത്തിന്റെ പ്രായം വർധിപ്പിക്കും.

ചൂട് വെള്ളം തൊലിപ്പുറത്തിന് ചേർന്നുള്ള സൂക്ഷ്മ‌രക്തവാഹിനികളെ വികസിപ്പിക്കുന്നത് താത്ക്കാലികമായി ചുവന്ന നിറം ചർമ്മത്തിന് നൽകുമെങ്കിലും നിരന്തരമായ ഈ വികാസം രക്തക്കുഴലുകളുടെ ഭിത്തികൾ ദുർബലമാകാൻ ഇടയാകും.

ഇത് നിരന്തരമായ ചുവപ്പിലേക്കും സൂക്ഷ്മരക്തവാഹിനികളുടെ നാശത്തിലേക്കും നയിച്ചെന്നും വരാം. ശിരോചർമ്മത്തിലെ പ്രകൃതിദത്ത എണ്ണമയം നഷ്‌ടപ്പെടാനും ചൂട് വെള്ളത്തിലെ കുളി കാരണമാകാം.

ഇത് ശിരോചർമ്മം വരണ്ടതാകാനും ശിരോചർമ്മത്തിൽ നിന്ന് പാളികൾ അടരാനും ഇടയാക്കും. മുടി ചുരുളാനും നിറം മങ്ങാനും എളുപ്പം പൊട്ടിപ്പോകാനുമൊക്കെ ഇത് മൂലം സാധ്യതയുണ്ട്.

ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ചൂട് വെള്ളത്തിന് പകരം ഇളം ചൂട് വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കേണ്ടതാണെന്നും ഡോ. ശ്വേത കൂട്ടിച്ചേർക്കുന്നു. കുളിയുടെ ദൈർഘ്യം കുറയ്ക്കുന്നതും ഗുണം ചെയ്യും. കുളി കഴിഞ്ഞ് മോയിസ്‌ചറൈസറോ എണ്ണയോ ചെറുതായി ചർമ്മത്തിൽ തടവുന്നതും ഈർപ്പം നിലനിർത്താൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336145/hot-water-bath)