---
title: "ഓതേനൻ ഒരു സ്ത്രീലമ്പടനോ...? കെ മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ഉയരുന്നു; അറിയാം തച്ചോളി ഓതേനൻ ആരെന്ന്"
english_title: "Protests against K Muraleedharan statement We know who Thacholi Othenan is"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335942/protests-against-k-muraleedharan-statement-we-know-who-thacholi-othenan-is"
published_at: "2026-01-12T12:51:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964a2fe66c2c_thacholi_othenan_2.jpg"
keywords: []
---

# ഓതേനൻ ഒരു സ്ത്രീലമ്പടനോ...? കെ മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ഉയരുന്നു; അറിയാം തച്ചോളി ഓതേനൻ ആരെന്ന്

> **Lead Summary:** ** **ബലാത്സംഗ കേസിൽ പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാളുടെ കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കെ മുരളീധരൻ കൈയ്യൊഴിയുമ്പോഴും, പറഞ്ഞ പ്രസ്താവനകൾ സമൂഹത്തിൽ ന്യായീകരിക്കാൻ കഴിയാത്ത തെറ്റിലേക്കാണ് വിരൾ ചൂണ്ടുന്നത്.

## Article Content

** **ബലാത്സംഗ കേസിൽ പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാളുടെ കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കെ മുരളീധരൻ കൈയ്യൊഴിയുമ്പോഴും, പറഞ്ഞ പ്രസ്താവനകൾ സമൂഹത്തിൽ ന്യായീകരിക്കാൻ കഴിയാത്ത തെറ്റിലേക്കാണ് വിരൾ ചൂണ്ടുന്നത്.

> രാഹുലിനെ പാർട്ടിയിൽ നിന്ന് നേരത്തെ തന്നെ പുറത്താക്കിയതാണെന്നും ‘പുറത്താക്കൽ’ എന്ന ബ്രഹ്മസ്ത്രം കൃത്യസമയത്ത് തന്നെ പ്രയോഗിച്ചുവെന്നും വ്യക്തമാക്കിയ മുരളീധരൻ “ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല, അതിന് ഞങ്ങളെന്ത് പിഴച്ചു” എന്ന പരിഹാസരൂപേണയുള്ള ചോദ്യത്തിലൂടെ രാഹുലിന്റെ വ്യക്തിപരമായ പ്രവർത്തികൾക്ക് പാർട്ടിക്ക് പങ്കില്ലെന്ന് പറയുകയാണ്.

വടക്കൻ പാട്ടിലെ ഇതിഹാസ തുല്യനായ വീരനായകനായ തച്ചോളി ഒതേനനെയും ഇങ്ങനെ നാട് നീളെ നടന്ന് സ്ത്രീകളെ വഞ്ചിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന രാഹുൽ മാങ്കൂട്ടത്തിലുമായി കൂട്ടിയോജിപ്പിച്ചുള്ള പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വിവാദങ്ങൾക്ക് തിരി കൊളുത്തിയിട്ടുണ്ട്.

കെ മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി സ്റ്റാഫ് അംഗങ്ങളിലെ പി എം മനോജിന്റെ പ്രതിഷേധ സൂചകമായ കുറിപ്പ് അദ്ദേഹം തന്റെ ഫേസ് ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.

'പതിനാറാം നൂറ്റാണ്ടിൽ വടക്കൻ മലബാറിലെ കടത്തനാട് പ്രദേശത്താണ് തച്ചോളി ഒതേനൻ ജീവിച്ചിരുന്നത്. ധീരത, നീതിബോധം, അസാമാന്യ മെയ്യ്വഴക്കം എന്നിവയ്ക്ക് പേരുകേട്ട ഒതേനനെ പെൺകുട്ടികളെ ഓടിച്ചിട്ട് ബലാത്സംഗം ചെയ്തു ഗർഭിണികൾ ആക്കി ക്രൂരമായി തള്ളിക്കളയുന്ന ഒരു ഹാബിച്വൽ റേപ്പിസ്റ്റ് എന്ന ആരോപണ വിധേയനായ ഒരാളുമായി ചേർത്തുവയ്ക്കുന്നത് എത്ര വലിയ നേതാവായാലും കൊടും പാതകമാണ് എന്നാണ് അദ്ദേഹം തന്റെ ഫേസ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയത്. പോസ്റ്റിനെ അനുകൂലിച്ചതും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

അധികാരം തലക്ക് പിടിച്ച ഒരു യുഡിഎഫ് എംഎൽഎ യുടെ അഹങ്കാരം, സ്റ്റേറ്റിലെ സ്ത്രീകളുടെ സുരക്ഷയെ വരെ ബാധിക്കുന്ന നിലയിലേക്ക് വളർന്ന് വലുതായതിൻ്റെ, തെളിവ് സഹിതമുള്ള ഉദാഹരണങ്ങൾ നിറഞ്ഞതാണ് രാഹുൽ വിഷയം എന്ന് പ്രതികരണം ഉയരുന്നു.

നേതാവായി വളർന്ന് വലുതാകാനും, അധികാര സ്ഥാനങ്ങളിലേക്ക് എത്താനും ആദ്യം സഹായിച്ചത് കോൺഗ്രസ്സ് പാർട്ടിയാണ്. തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് എംഎൽഎ ആകാൻ പിന്നീട് സഹായിച്ചത് യുഡിഎഫ് പ്രസ്ഥാനം.

പല വഴിക്ക് വളർന്ന് വലുതായി, കൊടും ക്രിമിനൽ കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന നേതാവായി സമൂഹത്തിൽ അവതരിച്ചപ്പോ രക്ഷിതാക്കൾ ആയ കോൺഗ്രസ്സ്, യുഡിഎഫ് പ്രസ്ഥാനം പിതൃത്വത്തിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് പതുക്കെ ഒഴിഞ്ഞ് മാറുന്നത് ഈ സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതാണ്.

**തച്ചോളി ഓതേനൻ**

വടകരയ്ക്കടുത്തുള്ള മാണിക്കോത്ത് തറവാട്ടിലാണ് ഒതേനൻ ജനിച്ചത്. പുതുപ്പണത്ത് വാഴുന്നോരുടെയും മാണിക്കോത്ത് ഉപ്പാട്ടിയമ്മയുടെയും മകനായിരുന്നു അദ്ദേഹം. കോമപ്പക്കുറുപ്പ് എന്നൊരു ജ്യേഷ്ഠനും ഉണ്ണിച്ചാരു എന്ന സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രശസ്ത വീരനായകൻ തച്ചോളി ചന്തു ഒതേനന്റെ അനന്തരവനാണ്.***തച്ചോളി ഒതേനൻ എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ സുകുമാരിയും അംബികയും സത്യനും***

'ഒതേനൻ' എന്നത് 'ഉദയനൻ' എന്ന പേരിന്റെ ഗ്രാമ്യരൂപമാണെന്ന് വിശ്വസിക്കപ്പെടുന്നു. ലോകനാർകാവിലമ്മയുടെ പരമഭക്തനായിരുന്ന ഒതേനൻ കളരിപ്പയറ്റിലെ അഗ്രഗണ്യനായിരുന്നു. അശരണരുടെ സംരക്ഷകനായും അനീതിക്കെതിരെ പോരാടുന്ന വീരനായകനായും അദ്ദേഹം വാഴ്ത്തപ്പെടുന്നു.*

ചെറുപ്പത്തിൽ തന്നെ കളരിപ്പയറ്റിൽ അതീവ താല്പര്യം കാണിച്ചിരുന്ന ഒതേനൻ, മതിലൂർ ഗുരിക്കളിൽ നിന്നാണ് അഭ്യാസം പഠിച്ചത്. കണ്ടാച്ചേരി ചാപ്പൻ ഒതേനന്റെ ഉറ്റ സുഹൃത്തും സന്തത സഹചാരിയുമായിരുന്നു. കളരിപ്പയറ്റിലെ 18 അടവുകളും വശത്താക്കിയ അദ്ദേഹം ആയുധപ്രയോഗത്തിൽ നിപുണനായിരുന്നു. ലോകനാർകാവ് ക്ഷേത്രം ഒതേനന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന സ്ഥലമാണ്.**തച്ചോളി മാണിക്കോത്ത് ക്ഷേത്രം***

ഒതേനന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം കതിരൂർ ഗുരിക്കളുമായുള്ള അങ്കമായിരുന്നു. തന്റെ ഗുരുവായിരുന്നിട്ടും, ധർമ്മത്തിന് നിരക്കാത്ത പ്രവർത്തികൾ ചെയ്ത കതിരൂർ ഗുരിക്കളെ പൊന്നിയം ഏഴരക്കണ്ടത്തിൽ വെച്ച് നടന്ന അങ്കത്തിൽ ഒതേനൻ പരാജയപ്പെടുത്തി.

കതിരൂർ ഗുരിക്കളെ തോൽപ്പിച്ച ശേഷം തിരിച്ചു വരുമ്പോൾ, അങ്കത്തട്ടിൽ മറന്നുവെച്ച തന്റെ ചുരിക എടുക്കാൻ ഒതേനൻ തിരിച്ചുപോയി. ഈ സമയം ശത്രുക്കൾ ഒളിഞ്ഞിരുന്ന് വെടിവെച്ചതിനെത്തുടർന്നാണ് ഒതേനൻ മരിച്ചത്. 32-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം എന്ന് വിശ്വസിക്കപ്പെടുന്നു. ചതിപ്രയോഗത്തിലൂടെയല്ലാതെ ഒതേനനെ തോൽപ്പിക്കാൻ കഴിയില്ലായിരുന്നു എന്നത് അദ്ദേഹത്തിന്റെ വീരപരിവേഷം വർദ്ധിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335942/protests-against-k-muraleedharan-statement-we-know-who-thacholi-othenan-is)