---
title: "രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ; അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്ന് സ്പീക്കർ"
english_title: "Legislative Assembly prepares to take strict action against RahulMangkootatil "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335799/legislative-assembly-prepares-to-take-strict-action-against-rahulmangkootatil"
published_at: "2026-01-11T12:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696348ac6630e_rahul_eswar.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ; അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്ന് സ്പീക്കർ

> **Lead Summary:** **തിരുവനന്തപുരം: **മൂന്നാം ബലാത്സം​ഗക്കേസിൽ അറസ്റ്റിലായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ.

## Article Content

**തിരുവനന്തപുരം: **മൂന്നാം ബലാത്സം​ഗക്കേസിൽ അറസ്റ്റിലായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ.

വിഷയം എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. അയോഗ്യത നടപടിക്ക് നിയമോപദേശം തേടും. തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ പ്രതികരിച്ചു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്പീക്കർ. മൂന്നാമത്തെ ബലാത്സം​ഗ കേസിൽ ഇന്നലെ അർദ്ധരാത്രി 12.30നാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആർ ക്യാംപിലെത്തിക്കുകയായിരുന്നു.

അതേസമയം, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും രം​ഗത്തെത്തി. ഏറെ പണിപ്പെട്ടാണ് രാഹുലിനെ വാഹനത്തിൽ നിന്നും പുറത്തിറക്കിയത്.

ആശുപത്രിയിൽ വലിയ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നതെങ്കിലും പ്രതിഷേധക്കാരെ തടയാൻ പൊലീസിനായില്ല. തുടർന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് രാഹുലിനെ ആശുപത്രിയുടെ അകത്തേക്ക് കയറ്റിയത്. എന്നാൽ പരിശോധനയ്ക്ക് ശേഷം രാഹുലിനെ പുറത്തിറക്കാനായിട്ടില്ല. ആശുപത്രിയിൽ നിന്ന് പുറത്തേക്കുള്ള രണ്ട് കവാടങ്ങളിലും പ്രതിഷേധക്കാർ നിലയുറപ്പിച്ചത് പൊലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335799/legislative-assembly-prepares-to-take-strict-action-against-rahulmangkootatil)