---
title: "സംസ്ഥാന സ്കൂൾ കലോത്സവം; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ, ചരിത്ര വിജയമാക്കാൻ പൂർണ്ണ സജ്ജം"
english_title: "State School Arts Festival, preparations in final stages"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335720/state-school-arts-festival-preparations-in-final-stages"
published_at: "2026-01-10T16:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69623027c5516_64TH.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ കലോത്സവം; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ, ചരിത്ര വിജയമാക്കാൻ പൂർണ്ണ സജ്ജം

> **Lead Summary:** **തൃശ്ശൂർ :**ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ തൃശ്ശൂർ പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞു. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തൃശ്ശൂർ :**ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ തൃശ്ശൂർ പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞു. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രധാന സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിൽ നിന്നും ഇനി പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്:

* **അടിസ്ഥാന സൗകര്യങ്ങൾ**: വേദികളുടെയും പന്തലുകളുടെയും നിർമ്മാണം പൂർത്തിയായി വരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി ലഭ്യമാക്കും. പ്രധാന വേദികളിലെ ദീപാലങ്കാരം, കുറ്റമറ്റ ശബ്ദസംവിധാനം, ഇലക്ട്രിക്കൽ പരിശോധനകൾ എന്നിവ പൂർത്തിയായി.

* **ഭക്ഷണവും താമസവും**: കലോത്സവത്തിനെത്തുന്നവർക്ക് രുചികരമായ ഭക്ഷണം നൽകുന്നതിനായി ദിവസേനയുള്ള മെനു തയ്യാറാക്കി. ഭക്ഷണ വിതരണത്തിനുള്ള കൂപ്പണുകളും വിതരണ സംവിധാനവും സജ്ജമാണ്. താമസ സൗകര്യമൊരുക്കുന്ന സ്കൂളുകളിൽ വെളിച്ചം, കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.

*** മത്സര നടത്തിപ്പ്**: മത്സര ക്രമം സംബന്ധിച്ച ക്ലസ്റ്റർ ലിസ്റ്റുകൾ തയ്യാറാക്കി. വിധിനിർണ്ണയം സുതാര്യമാക്കാൻ വിപുലമായ ഐടി സംവിധാനങ്ങളും ടാബുലേഷൻ ക്രമീകരണങ്ങളും സജ്ജമാണ്. ഓരോ വേദികളിലും സ്റ്റേജ് മാനേജർമാർ ഉൾപ്പെടെയുള്ള അധ്യാപകരുടെ സേവനം ഉറപ്പാക്കി. മത്സര ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ മീഡിയ റൂം, പവലിയൻ എന്നിവ സജ്ജീകരിക്കും.

* **ഗതാഗതം & സുരക്ഷ**: മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും യാത്ര ചെയ്യാൻ ആവശ്യമായ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും ഫിറ്റ്നസ് പരിശോധനയും നടത്തി. വേദികളിലെ തിരക്ക് നിയന്ത്രിക്കാനും ക്രമസമാധാനം പാലിക്കാനും പോലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം 24 മണിക്കൂറും ലഭ്യമാക്കും.

* **ഹരിത കലോത്സവം**: 'ഉത്തരവാദിത്ത കലോത്സവം' എന്ന ആശയത്തിലൂന്നി ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും. മത്സരശേഷം വേദികൾ വൃത്തിയാക്കുന്നതുൾപ്പെടെയുള്ള ചുമതലകൾക്ക് പ്രത്യേക സംവിധാനമുണ്ട്.

സ്വർണ്ണക്കപ്പ് ഘോഷയാത്ര, വർണ്ണാഭമായ ഉദ്ഘാടന ചടങ്ങ്, സാംസ്കാരിക ഘോഷയാത്ര എന്നിവയോടെ കലോത്സവം വൻ വിജയമാക്കാൻ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുകയാണ്.

ഉത്തരവാദിത്ത കലോത്സവവും തുടർവിദ്യാഭ്യാസ പദ്ധതികളും ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം കേവലമൊരു കലാമേള എന്നതിലുപരി, സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഒരു 'ഉത്തരവാദിത്ത കലോത്സവം'എന്ന നിലയിലാണ് നമ്മൾ വിഭാവനം ചെയ്യുന്നത്. ഇതിനായി പ്രത്യേക പെരുമാറ്റച്ചട്ടം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വെക്കുകയാണ്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് നമ്മൾ ഇതിലൂടെ ലക്ഷ്യമിടുന്നത്: ഉത്തരവാദിത്ത ഉപഭോഗം, ഉത്തരവാദിത്ത ഭക്ഷണശീലം, ഉത്തരവാദിത്ത മത്സരം.

1. **ഉത്തരവാദിത്ത ഉപഭോഗം**

ഭൂമിയോട് ഉത്തരവാദിത്തമുള്ളവരായി നമ്മുടെ കുട്ടികളെ മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിന് രണ്ട് ഘടകങ്ങളുണ്ട്: മാലിന്യ ലഘൂകരണവും പുനരുപയോഗവും.

* മാലിന്യ ലഘൂകരണം: കലോത്സവ നഗരിയിൽ പ്ലാസ്റ്റിക് കുപ്പികൾ വഴിയുള്ള മാലിന്യം ഒഴിവാക്കാൻ നമ്മൾ നിർബന്ധമായും ചില കാര്യങ്ങൾ നടപ്പിലാക്കുന്നു.

* എല്ലാവരും അവരവരുടെ വീണ്ടും ഉപയോഗിക്കാവുന്ന വാട്ടർ ബോട്ടിലുകൾ കയ്യിൽ കരുതണം. ഒറ്റത്തവണ ഉപയോഗിക്കുന്ന മിനറൽ വാട്ടർ കുപ്പികൾ ഒഴിവാക്കണം. വെളളം നിറയ്ക്കാൻ എല്ലായിടത്തും വാട്ടർ കിയോസ്‌കുകൾ ഉണ്ടായിരിക്കും.

* പാക്കറ്റ് ഫുഡ് (ചിപ്‌സ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ്), ടെട്രാ പാക്ക് ജ്യൂസുകൾ തുടങ്ങിയവ കലോത്സവ നഗരിയിൽ പൂർണ്ണമായും ഒഴിവാക്കണം. ഇവ ആരോഗ്യത്തിനും പ്രകൃതിക്കും ദോഷകരമാണ്.

* പരിശോധന: പ്രവേശന കവാടങ്ങളിൽ പരിശോധനയുണ്ടാകും. മാലിന്യമാകാൻ സാധ്യതയുള്ള പ്ലാസ്റ്റിക് കവറുകളോ കുപ്പികളോ കൊണ്ടുവന്നാൽ അതിൽ 10 രൂപയുടെ സ്റ്റിക്കർ ഒട്ടിക്കും. തിരികെ പോകുമ്പോൾ ഈ സാധനം കൗണ്ടറിൽ കാണിച്ചാൽ മാത്രമേ ആ 10 രൂപ തിരികെ ലഭിക്കൂ. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ എല്ലാവരും സ്റ്റീൽ പാത്രങ്ങളിലോ ടിഫിൻ ബോക്സുകളിലോ ഭക്ഷണം കരുതുക.

* പുനരുപയോഗം - സ്വാപ്പ് ഷോപ്പ്:

* 'പഴമയാണ് ഫാഷൻ' എന്ന ആശയത്തിൽ ഒരു സ്വാപ്പ് ഷോപ്പ് നമ്മൾ സംഘടിപ്പിക്കുന്നുണ്ട്.

 ഉപയോഗയോഗ്യമായതും എന്നാൽ നിങ്ങൾക്ക് ഇപ്പോൾ ആവശ്യമില്ലാത്തതുമായ സാധനങ്ങൾ ഇങ്ങോട്ട് കൊണ്ടുവരാം. പകരം, അവിടെയുള്ള മറ്റൊരു സാധനം നിങ്ങൾക്ക് സൗജന്യമായി എടുക്കാം. വസ്തുക്കളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

2. **ഉത്തരവാദിത്ത ഭക്ഷണശീലം**

ജീവിതശൈലീ രോഗങ്ങൾ കുട്ടികളിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, പ്രോസസ്ഡ് ഫുഡ് ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം നൽകാനാണ് തീരുമാനം. അമിതമായ മധുരവും എണ്ണയും ഒഴിവാക്കി, പുഴുങ്ങിയതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ മാത്രമേ കലോത്സവത്തിൽ വിളമ്പുകയുള്ളൂ.

3. **ഉത്തരവാദിത്ത മത്സരം**

> ഇന്നത്തെ ലോകത്ത് ജീവിതമെന്നാൽ മത്സരമാണെന്ന തെറ്റായ ധാരണയുണ്ട്. കലോത്സവത്തിലെ തോൽവി ജീവിതത്തിലെ തോൽവിയല്ല, മറിച്ച് വലിയ പാഠങ്ങൾ പഠിക്കാനുള്ള അവസരമാണെന്ന് കുട്ടികളെ ഓർമ്മിപ്പിക്കുന്നു. "തോൽവിയെ മാന്യമായി അംഗീകരിക്കുന്നതാണ് ജീവിതത്തിലെ യഥാർത്ഥ വിജയം" എന്ന വലിയ പാഠം കുട്ടികളിലേക്ക് എത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം. അവരാണ് യഥാർത്ഥ വിജയികൾ.

തുടർപദ്ധതികൾ: നാരങ്ങാമിഠായി, തീമാറ്റിക് ആഴ്ചകൾ

കലോത്സവത്തിന് ശേഷം, കുട്ടികളിൽ മൂല്യങ്ങളും വ്യക്തിഗത കഴിവുകളും വളർത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് രണ്ട് പുതിയ ക്യാമ്പയിനുകൾക്ക് തുടക്കം കുറിക്കുകയാണ്.

* നാരങ്ങാമിഠായി: കുട്ടികളുടെ 'കളിക്കാനുള്ള അവകാശം' സംരക്ഷിക്കുന്ന പദ്ധതിയാണിത്. എല്ലാ കുട്ടികളും ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നിർബന്ധമായും കളിച്ചിരിക്കണം. ഇത് സ്പോർട്സ് മാത്രമല്ല, മറിച്ച് കുട്ടികൾക്ക് ഇഷ്ടമുള്ള, കൂട്ടുകൂടിയുള്ള കളികളാണ്. ട്യൂഷനും പഠനത്തിനും അപ്പുറം, കുട്ടികളുടെ വൈകാരിക വളർച്ചയ്ക്കും ഭാവിയിലെ കുടുംബജീവിതത്തിലടക്കം ആരോഗ്യകരമായ ബന്ധങ്ങൾക്കും ഈ കളി അനിവാര്യമാണ്.

* വിഷയാധിഷ്ഠിത ആഴ്ചകൾ: അടുത്ത 6 ആഴ്ചകളിൽ ഓരോ ആശയങ്ങൾ മുൻനിർത്തി വിദ്യാലയങ്ങളിൽ പ്രത്യേക ആഴ്ചകൾ ആചരിക്കും.

* ഇത് സംബന്ധിച്ച സർക്കുലർ തിങ്കളാഴ്ച സ്‌കൂളുകളിൽ എത്തും.

* ജനുവരി 12 മുതൽ 17 വരെയുള്ള തീയതികളിൽ എല്ലാ സ്‌കൂളുകളിലും പി.ടി.എ യോഗം ചേർന്ന് ഇതിന് പിന്തുണ നൽകണം.

ആ 6 ആഴ്ചകൾ ഇവയാണ്:

* ആഴ്ച 1: ശകാരിക്കാത്ത വാരം

* ആഴ്ച 2: അഭിനന്ദന വാരം

* ആഴ്ച 3: ഡിജിറ്റൽ അടിമത്വം ഉപേക്ഷിക്കൽ വാരം

* ആഴ്ച 4: നന്ദി പ്രകടന വാരം

* ആഴ്ച 5: ക്ഷമാപണ വാരം

* ആഴ്ച 6: LUV (ലവ്) വാരം (L - Listening, U - Understanding, V - Validating - കേൾക്കാം, മനസ്സിലാക്കാം, അംഗീകരിക്കാം).

മാധ്യമപ്രവർത്തകരും പൊതുസമൂഹവും സ്വന്തം കുടുംബങ്ങളിൽ ഉൾപ്പടെ ഈ ആശയങ്ങൾ നടപ്പിലാക്കി വിദ്യാഭ്യാസ വകുപ്പിന്റെ ഈ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335720/state-school-arts-festival-preparations-in-final-stages)