---
title: "'ഭൂരിപക്ഷ,ന്യൂനപക്ഷ വർഗീയതയെ മാറിമാറി താലോലിക്കുന്നു, മുഖ്യമന്ത്രി കേരളത്തെ രൂപപ്പെടുത്തുന്നത് ബിജെപിയുടെ അജണ്ടയ്ക്ക് അനുസരിച്ച്' - രമേശ് ചെന്നിത്തല"
english_title: "ramesh chennithala criticises cm pinarayi vijayan and cpim"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335481/ramesh-chennithala-criticises-cm-pinarayi-vijayan-and-cpim"
published_at: "2026-01-09T12:16:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960a526b3355_ramesh_chennithala.jpg"
keywords: []
---

# 'ഭൂരിപക്ഷ,ന്യൂനപക്ഷ വർഗീയതയെ മാറിമാറി താലോലിക്കുന്നു, മുഖ്യമന്ത്രി കേരളത്തെ രൂപപ്പെടുത്തുന്നത് ബിജെപിയുടെ അജണ്ടയ്ക്ക് അനുസരിച്ച്' - രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് കേരളത്തിൽ ഒരു വർഗീയതയും ഉണ്ടായിരുന്നില്ല. മാറാട് കലാപം കേരളത്തിനേറ്റ മുറിവാണെന്നും ഈ മുറിവിൽ മുളക് പുരട്ടുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേതെന്ന് ചെന്നിത്തല വിമർശിച്ചു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് കേരളത്തിൽ ഒരു വർഗീയതയും ഉണ്ടായിരുന്നില്ല. മാറാട് കലാപം കേരളത്തിനേറ്റ മുറിവാണെന്നും ഈ മുറിവിൽ മുളക് പുരട്ടുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേതെന്ന് ചെന്നിത്തല വിമർശിച്ചു.

മുഖ്യമന്ത്രി കേരളത്തെ ബിജെപിക്ക് വേണ്ടി രൂപപ്പെടുത്തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ബിജെപിയുടെ അജണ്ടയ്ക്ക് അനുസരിച്ചാണ് മുഖ്യമന്ത്രി കേരളത്തെ രൂപപെടുത്തുന്നത്.  വർഗീയ പരാമർശം കൊണ്ട് മാത്രമേ അടുത്ത തെരഞ്ഞെടുപ്പിൽ പിടിച്ച് നിൽക്കാൻ കഴിയൂ എന്നാണ് മുഖ്യമന്ത്രി ചിന്തിക്കുന്നത്.

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ മുഖ്യമന്ത്രി മാറി മാറി താലോലിക്കുകയാണ്. ബിജെപിയുമായും ആർഎസ്എസുമായും സിപിഐഎമ്മിന് കാലങ്ങളായുള്ള ബന്ധമുണ്ട്. ഇതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് എം.വി. ഗോവിന്ദൻ പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു.

മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മോദി തന്ത്രമാണ് പിണറായി വിജയൻ ഇവിടെ പകർത്തുന്നത്. മോദിയും പിണറായിയും തമ്മിൽ ഇക്കാര്യത്തിൽ മത്സരമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്ക് പറയാൻ കഴിയാത്തതാണ് ബിജെപി പറയുന്നത്. ബിജെപിക്ക് പറയാനാകാത്തത് മുഖ്യമന്ത്രി പറയും. കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കാൻ പോകുന്നത് കോമഡി സമരമാണെന്നും ചെന്നിത്തല പരിഹസിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335481/ramesh-chennithala-criticises-cm-pinarayi-vijayan-and-cpim)