---
title: "മകളുടെ വിവാഹത്തിന് നാട്ടിലെത്തി,മോഷണക്കേസിൽ ആളുമാറി ജയിലിലടച്ചു; പ്രവാസിക്ക് സർക്കാർ നൽകേണ്ടത് 14 ലക്ഷം രൂപ"
english_title: "Government to pay Rs 14 lakh to expatriate who was jailed for theft"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335424/government-to-pay-rs-14-lakh-to-expatriate-who-was-jailed-for-theft"
published_at: "2026-01-09T07:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69605bc35d943_arrest.jpg"
keywords: []
---

# മകളുടെ വിവാഹത്തിന് നാട്ടിലെത്തി,മോഷണക്കേസിൽ ആളുമാറി ജയിലിലടച്ചു; പ്രവാസിക്ക് സർക്കാർ നൽകേണ്ടത് 14 ലക്ഷം രൂപ

> **Lead Summary:** **കൊച്ചി : ** മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ മാലമോഷണക്കേസില്‍ ആളുമാറി അറസ്റ്റുചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സര്‍ക്കാര്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പബ്ലിക് ലോ റെമഡി അനുസരിച്ചാണ് ജസ്റ്റിസ് പിഎം മനോജിന്റെ സുപ്രധാന ഉത്തരവ്.

## Article Content

**കൊച്ചി : ** മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ മാലമോഷണക്കേസില്‍ ആളുമാറി അറസ്റ്റുചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സര്‍ക്കാര്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പബ്ലിക് ലോ റെമഡി അനുസരിച്ചാണ് ജസ്റ്റിസ് പിഎം മനോജിന്റെ സുപ്രധാന ഉത്തരവ്.

കണ്ണൂര്‍ തലശ്ശേരി സ്വദേശി വികെ താജുദ്ദിനും കുടുംബത്തിനുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഈ തുക താജുദ്ദിനെ ജയിലിലടച്ച കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐയായിരുന്ന പി ബിജു, എഎസ്‌ഐമാര്‍ ആയിരുന്ന യോഗേഷ്, ടി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരില്‍ നിന്ന് ഈടാകുന്നത് സർക്കാരിന് തീരുമാനിക്കാം.

താജുദ്ദിനും കുടുംബവും അഡ്വ.ടി ആസഫലി വഴി ഫയല്‍ചെയ്ത ഹര്‍ജിയിലാണ് നടപടി. 10 ലക്ഷം രൂപ താജുദ്ദിനും ഒരു ലക്ഷം രൂപ വീതം ഭാര്യക്കും മൂന്ന് മക്കള്‍ക്കും നല്‍കാനാണ് ഉത്തരവ്. പൊലീസിന്റെ ഭഗത്തു നിന്ന് ഇത്തരത്തില്‍ ഉത്തരവാദിത്വമില്ലാത്ത നടപടിയുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

2018 ലാണ് താജുദ്ദിന്റെ ജീവിതം തകര്‍ത്ത ദുരനുഭവം ഉണ്ടായത്. ഖത്തറില്‍ റെൻ്റ് എ കാര്‍ കമ്പനി ജീവനക്കാരനായിരുന്നു താജുദ്ദിൻ. 2018 ജൂണ്‍ 25 ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ജൂലായ് 11 ന് രാത്രി സഹോദരിയുടെ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ താജുദ്ദിനെയും കുടുംബത്തെയും പൊലീസ് പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു. ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സിസിടിവി ദൃശ്യത്തിലുള്ളത് താജുദ്ദീൻ ആണെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്.

താജുദ്ദീൻ ഇത് നിഷേധിച്ചെങ്കിലും പൊലീസ് അംഗീകരിച്ചില്ല. സിസിടിവി ദൃശ്യത്തിലുള്ളത് താജുദ്ദീൻ തന്നയാണെന്നും അഞ്ചരപ്പവന്റെ മാല നഷ്ടപ്പെട്ട സ്ത്രീയടക്കം മൊഴി നൽകിയിട്ടുണ്ടെന്നായിരുന്നു പൊലീസ് നിലപാട്. തെളിവെടുക്കാനെന്ന പേരിൽ നൂറുകണക്കിനാളുകളുടെ മുന്നിലൂടെ ബന്ധുവീട്ടിലടക്കം കൊണ്ടുപോയി.

തൊണ്ടിമുതലൊന്നും കണ്ടെത്താനായില്ല. താജുദ്ദീന്റെ ഭാര്യ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ അന്വേഷണം കണ്ണൂർ ഡിവൈഎസ്‌പിക്കു കൈമാറി. തുടർന്ന് ശരത് വത്സരാജ് എന്നയാളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. താജുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ‌അറസ്റ്റിനെത്തുടർന്ന് മടങ്ങാൻ വൈകിയതിന് ഖത്തറിലും 23 ദിവസം താജുദ്ദീൻ ജയിലിലായി. ജോലിയും നഷ്ടപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335424/government-to-pay-rs-14-lakh-to-expatriate-who-was-jailed-for-theft)