---
title: "ഭക്ഷണത്തിലെ കൊഴുപ്പ് വില്ലനാകുന്നു; കരൾ ക്യാൻസർ സാധ്യതയെന്ന് എം.ഐ.ടി പഠനം"
english_title: "Dietary fat and liver cancer risk"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335359/dietary-fat-and-liver-cancer-risk"
published_at: "2026-01-08T15:19:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f7e0e259e2_TRU2.jpg"
keywords: []
---

# ഭക്ഷണത്തിലെ കൊഴുപ്പ് വില്ലനാകുന്നു; കരൾ ക്യാൻസർ സാധ്യതയെന്ന് എം.ഐ.ടി പഠനം

> **Lead Summary:** അമിതമായി കൊഴുപ്പടങ്ങിയ ആഹാരം കഴിക്കുന്നത് കരൾ കോശങ്ങൾ ക്യാൻസർ കോശങ്ങളായി മാറാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

## Article Content

അമിതമായി കൊഴുപ്പടങ്ങിയ ആഹാരം കഴിക്കുന്നത് കരൾ കോശങ്ങൾ ക്യാൻസർ കോശങ്ങളായി മാറാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ എൻജിനീയറിങ് ഡയറക്ടർ അലക്‌സ് കെ. ഷാലെക്കിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. സാധാരണ കോശങ്ങൾ ജനിതക മാറ്റങ്ങൾ സംഭവിച്ച് അനിയന്ത്രിതമായി വളരുകയും ക്യാൻസർ കോശങ്ങളായി മാറുകയും ചെയ്യുന്ന പ്രക്രിയയാണിത്.

കൊഴുപ്പ് കൂടിയ ഭക്ഷണം കരളിൽ വീക്കമുണ്ടാക്കുകയും 'സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ്' എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് പിന്നീട് സിറോസിസ്, കരൾ തകരാർ, ഒടുവിൽ ക്യാൻസർ എന്നിവയ്ക്ക് കാരണമാകുന്നു.

എലികളിലെ പരീക്ഷണം: കൊഴുപ്പ് കൂടിയ ഭക്ഷണം നൽകിയ എലികളിൽ നടത്തിയ നിരീക്ഷണത്തിൽ, അവയുടെ കരൾ കോശങ്ങൾ സമ്മർദ്ദകരമായ സാഹചര്യങ്ങളെ അതിജീവിക്കാൻ പ്രത്യേക രീതിയിൽ മാറുന്നതായി കണ്ടെത്തി.

 നശിച്ചുപോകേണ്ട കോശങ്ങൾ പോലും മരിക്കാതെ ഇരിക്കുകയും (Apoptosis Resistance) വേഗത്തിൽ പെരുകുകയും ചെയ്യുന്ന ജീനുകളെ പ്രവർത്തനക്ഷമമാക്കുന്നു. ഇതാണ് ക്യാൻസറിലേക്ക് നയിക്കുന്നത്.

പരീക്ഷണത്തിന് വിധേയമാക്കിയ മിക്കവാറും എല്ലാ എലികൾക്കും ഒരു വർഷത്തിനുള്ളിൽ ക്യാൻസർ ബാധിച്ചു. മനുഷ്യരിൽ ഈ പ്രക്രിയ പൂർത്തിയാകാൻ ഏകദേശം 20 വർഷത്തോളം സമയമെടുത്തേക്കാം.

അമിത മദ്യപാനം മൂലമുണ്ടാകുന്ന അത്രയും തന്നെ വലിയ ആഘാതമാണ് ഉയർന്ന കൊഴുപ്പുള്ള ഭക്ഷണക്രമം കരളിലുണ്ടാക്കുന്നതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335359/dietary-fat-and-liver-cancer-risk)