---
title: "കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി"
english_title: "Prevention activities intensified after one person died of amoebic encephalitis in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335067/prevention-activities-intensified-after-one-person-died-of-amoebic-encephalitis-in-kozhikode"
published_at: "2026-01-07T08:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695dc7f713027_calicut.jpg"
keywords: []
---

# കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

> **Lead Summary:** വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ലാ ആരോഗ്യ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും.

## Article Content

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ലാ ആരോഗ്യ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും.

ഇതിന്റെ ഭാഗമായി കോഴിക്കോട് പുതിയങ്ങാടിയിലെ വീടുകളിൽ സൂപ്പർ ക്ലോറിനേഷൻ തുടങ്ങി. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പുതിയങ്ങാടി പള്ളിക്കണ്ടി തെക്കെതൊടി സച്ചിദാനന്ദൻ(72) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും ആശാ വർക്കർമാരുടെയും നേതൃത്വത്തിലാണ് ക്ലോറിനേഷൻ നടത്തിയത്. ഒരാഴ്ചയോളമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് സച്ചിദാനന്ദന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതും മരണം സംഭവിച്ചതും സച്ചിദാനന്ദന്റെ പുതിയങ്ങാടിയിലെ വീടിന്റെ പരിസരത്താണ് ചൊവ്വാഴ്ച ഊർജിതമായി ക്ലോറിനേഷൻ യജ്ഞം നടത്തിയത്.

മരിച്ച സച്ചിദാനന്ദന്റെ വീട്ടിലെ കിണറ്റിലെ വെള്ളവും അതോടൊപ്പം തന്നെ ടാങ്കിലെ വെള്ളവും പരിശോധനയ്ക്കായി അയച്ചു. രണ്ടാഴ്ചയ്ക്കുളളിൽ ഇതിന്റെ ഫലം ലഭിക്കും. സച്ചിദാനന്ദന് രോഗം പിടിപെട്ടത് എവിടെ നിന്നെന്നത് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.

ഇക്കഴിഞ്ഞ ഓഗസ്റ്റിലും കോർപറേഷൻ ആരോഗ്യ വിഭാഗം നഗരത്തിൽ ക്ലോറിനേഷൻ നടപടികൾ സ്വീകരിച്ചിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിലും മറ്റും അടുത്തിടെ കുടിവെള്ള സ്രോതസ്സിൽ നിന്നുള്ള രോഗബാധയെ തുടർന്ന് നിരവധി മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരത്തിലെ വിവിധ ഇടങ്ങളിലെ പൈപ്പുകൾ ഉൾപ്പെടെ കുടിവെള്ള സ്രോതസ്സുകൾ കേന്ദ്രീകരിച്ച് ശുചിത്വ പരിശോധന നടപടികളും മറ്റും നടത്താനും കോർപറേഷൻ ആരോഗ്യ വിഭാഗം പദ്ധതിയിടുന്നുണ്ട്.

ഈ വർഷം ഇതുവരെ സംസ്ഥാനത്ത് കോഴിക്കോടും തിരുവനന്തപുരത്തും ഉൾപ്പെടെ രണ്ടു പേരാണ് അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ വർഷം 201 പേർക്ക് രോഗം ബാധിക്കുകയും 47 പേർ മരിക്കുകയും ചെയ്തിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

2024 ൽ ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ അൻപതിൽ താഴെപ്പേർക്കു മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ 2025 ൽ അത് മൂന്നിരട്ടിയിൽ ഏറെയായി. 2025 ൽ മരണസംഖ്യ അൻപതിനോട് അടുത്തെങ്കിലും ഉറവിടം എവിടെ നിന്നാണ് എന്ന് കണ്ടെത്താൻ ഇനിയും ആരോഗ്യ വകുപ്പിന് കഴിയാത്തതാണ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നത്. ഇത് സംബന്ധിച്ച് പഠനം നടത്തിയിരുന്നെങ്കിലും മലിന ജലത്തിൽ നിന്നാകാം രോഗബാധ എന്നത് ഒഴികെ മറ്റു കാര്യങ്ങൾ സ്ഥിരീകരിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335067/prevention-activities-intensified-after-one-person-died-of-amoebic-encephalitis-in-kozhikode)