---
title: "സ്നേഹ ബന്ധങ്ങൾ നിലനിർത്തിയ രാഷ്ട്രീയ നേതാവ്; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്"
english_title: "opposition leader condoles the demise of vk ibrahim kunj"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335029/opposition-leader-condoles-the-demise-of-vk-ibrahim-kunj"
published_at: "2026-01-06T18:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695d0d6d2c238_vd_satheesan.jpg"
keywords: []
---

# സ്നേഹ ബന്ധങ്ങൾ നിലനിർത്തിയ രാഷ്ട്രീയ നേതാവ്; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** മുസ്‌ലിംലീഗ് നേതാവും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. തങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രിയങ്കരനായ സഹപ്രവര്‍ത്തകനും ജ്യേഷ്ഠ സഹോദരനുമായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞ് എന്ന് വി.ഡി. സതീശൻ അനുസ്മരിച്ചു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** മുസ്‌ലിംലീഗ് നേതാവും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. തങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രിയങ്കരനായ സഹപ്രവര്‍ത്തകനും ജ്യേഷ്ഠ സഹോദരനുമായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞ് എന്ന് വി.ഡി. സതീശൻ അനുസ്മരിച്ചു.

മധ്യകേരളത്തില്‍ മുസ്ലിം ലീഗിന്റെ കരുത്തുറ്റ നേതാവും ഐക്യജനാധിപത്യ മുന്നണിയുടെ ജില്ലയിലെ മുഖവുമായിരുന്നു അദ്ദേഹം. പഴയ മട്ടാഞ്ചേരിയെയും ഇപ്പോഴത്തെ കളമശേരിയെയും നിരവധി തവണ പ്രതിനിധീകരിച്ച ജനകീയ എം.എല്‍.എ. സൗമ്യമായി ഇടപെടുകയും സ്‌നേഹ ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു വി.കെ. ഇബ്രാഹിം കുഞ്ഞ്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആര്‍ക്കും ഇഷ്ടപ്പെടുന്ന പൊതുപ്രവര്‍ത്തകനുമായിരുന്നു.

**മു**ന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മരണത്തിലൂടെ മുസ്ലിം ലീഗിന് ഉണ്ടായത് കനത്ത നഷ്ടമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഹൃദയങ്ങളിലേക്ക് സ്‌നേഹത്തിന്റെ പാലം പണിത വ്യക്തിയാണ് അദ്ദേഹം പാര്‍ട്ടിയുടെ മതേതര മുഖമായിരുന്നു. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നുവെന്നും ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു.

**പി.കെ. കുഞ്ഞാലിക്കുട്ടി**

വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണം വേദനിപ്പിക്കുന്നുവെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും അനുസ്മരിച്ചു. ഇന്ന് ആശുപത്രിയില്‍ നിന്ന് കണ്ടിട്ട് വരുമ്പോള്‍ നല്ല നിലയിലായിരുന്നു. അസുഖ ബാധിതനായതിനാല്‍ കുറച്ചുകാലമായി സജീവരാഷ്ട്രത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

കേരള രാഷ്ട്രീയത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ലീഗിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച നേതാവു കൂടിയാണ് അദ്ദേഹം. കേരളത്തിന്റെ വികസന പ്രക്രിയയില്‍ വലിയ പങ്കുവഹിച്ചു.

സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള വ്യക്തിയായിരുന്നു. പൊതുമരാമത്ത് മന്ത്രി ആയിരുന്ന കാലത്ത് കേരളത്തിലെ റോഡുകള്‍ നല്ല നിലയില്‍ പരാതി കൂടാതെ കൊണ്ടുനടന്ന് കഴിവ് പ്രകടിപ്പിച്ച മന്ത്രിയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അദ്ദേഹം പാര്‍ട്ടിക്ക് നല്‍കിയ സംഭാവന ചെറുതല്ല. ഉയര്‍ച്ചയും താഴ്ചയും വിമര്‍ശനങ്ങളുമെല്ലാം തന്റേതായ എളിമയിലൂടെ കൈകാര്യം ചെയ്തു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. നാളെ രാവിലെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ- പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല ലഭിച്ചപ്പോള്‍ മികച്ച മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മുസ്ലീംലീഗ് ജില്ലാ അധ്യക്ഷനായിരുന്ന കാലത്ത് ജില്ലയില്‍ ഐക്യജനാധിപത്യ മുന്നണിയെ ഊർജ സ്വലതയോടെ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹവുമുണ്ടായിരുന്നു. യു.ഡി.എഫ് കുടുംബത്തിലെ ഒരു അംഗത്തെയാണ് നഷ്ടമായതെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335029/opposition-leader-condoles-the-demise-of-vk-ibrahim-kunj)