---
title: "'സർക്കാർ ജോലിയും നഷ്ടപരിഹാരവും വേണം, ഇല്ലെങ്കിൽ നിയമനടപടി'; വയറ്റിൽ ഗൈഡ് വയർ കുടുങ്ങിയ സുമയ്യ"
english_title: "guide wire medical negligence case sumaiya demands government job and compensation prepares for legal action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334834/guide-wire-medical-negligence-case-sumaiya-demands-government-job-and-compensation-prepares-for-legal-action"
published_at: "2026-01-05T15:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b897741fea_sumayya.jpg"
keywords: []
---

# 'സർക്കാർ ജോലിയും നഷ്ടപരിഹാരവും വേണം, ഇല്ലെങ്കിൽ നിയമനടപടി'; വയറ്റിൽ ഗൈഡ് വയർ കുടുങ്ങിയ സുമയ്യ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **സർക്കാരിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്ന് അറിയിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന ചികിത്സാപ്പിഴവിനെ തുടർന്ന് നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സുമയ്യ. സർക്കാർ ജോലിക്കും നഷ്ടപരിഹാരത്തിനും താൻ അർഹയാണെന്നും എന്നാൽ സർക്കാർ ഇക്കാര്യത്തിൽ നടപടിയൊന്നും എടുക്കാത്തതുകൊണ്ടുതന്നെ താൻ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സുമയ്യ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **സർക്കാരിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്ന് അറിയിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന ചികിത്സാപ്പിഴവിനെ തുടർന്ന് നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സുമയ്യ. സർക്കാർ ജോലിക്കും നഷ്ടപരിഹാരത്തിനും താൻ അർഹയാണെന്നും എന്നാൽ സർക്കാർ ഇക്കാര്യത്തിൽ നടപടിയൊന്നും എടുക്കാത്തതുകൊണ്ടുതന്നെ താൻ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സുമയ്യ വ്യക്തമാക്കി.

സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ കീഹോൾ വഴി പുറത്തെടുക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഗൈഡ് വയറിന്റെ ഭാഗങ്ങൾ ഞരമ്പുമായി ഒട്ടിച്ചേർന്ന നിലയിലാണ് ശരീരത്തിനുള്ളിൽ ഇരിക്കുന്നത്. ഇത് ശരീരത്തിനുള്ളിൽ ഇരിക്കുന്നതുകൊണ്ട് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകില്ല എന്ന അഭിപ്രായത്തിലാണ് ഡോക്ടർമാർ. എന്നാൽ ഈ വിഷയത്തിൽ ആശങ്കയുണ്ട് എന്ന് സുമയ്യയുടെ കുടുംബം പറയുന്നു.

**സുമയ്യയുടെ വാക്കുകൾ;** 'ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് സർജറിക്ക് വിധേയമായി അഡ്മിറ്റ് ചെയ്തു. അഞ്ചുദിവസം കഴിഞ്ഞ് സർജറി നടന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞ് മുന്നോട്ടുപോയപ്പോൾ സ്‌കാനിങ് ചെയ്തപ്പോൾ എന്റെ നെഞ്ചിനുള്ളിൽ 50 സെന്റിമീറ്റർ നീളമുള്ള ഗൈഡ് വെയർ തെളിഞ്ഞു കണ്ടതായി സ്‌കാനിങ് റിപ്പോർട്ടിൽ കാണിച്ചു.

അതിനുശേഷം എന്നെ സർജറി ചെയ്ത രാജീവ് കുമാർ ഡോക്ടറെ കാണുകയും ഡോക്ടർ സർജറിക്ക് ഇടയിൽ കൈയബദ്ധം പറ്റിയതാണെന്ന് പറയുകയും ചെയ്തു. ചികിത്സയുടെ ഭാഗമായിട്ട് രാജീവ് കുമാർ ഡോക്ടർ തന്നെ ശ്രീചിത്രയിലും മെഡിക്കൽ കോളേജിലും ഗെയ്ഡ് വയർ തിരിച്ചെടുക്കുന്നതിന് വേണ്ടിയുള്ള വിദഗ്ദ്ധ ഡോക്ടർമാരെ പല പ്രാവശ്യം കാണുകയും ചെയ്തു.

അതിനുശേഷം ആരോഗ്യവകുപ്പോ ഡോക്ടർമാരോ ഒരു ഇടപെടൽ നടത്താതെ വന്നപ്പോൾ ഞാൻ മാധ്യമങ്ങളെ അറിയിക്കുകയും എന്നെ ചികിത്സിച്ച ഡോക്ടർ രാജീവ് കുമാറിനെതിരെ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കു കയും ചെയ്തു. മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി എന്നിവർക്കും, പ്രതിപക്ഷ നേതാവിനെയും മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും കണ്ട് നേരിട്ട് പരാതി കൊടുക്കുകയും ചെയ്തു.

അതിനുശേഷം നിയമസഭയിൽ ഇക്കാര്യം ചർച്ചാവിഷയമാകുകയും ചെയ്തു. ഡോക്ടറിന് വീഴ്ച്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞിട്ടും ഇതുവരെയും യാതൊരുവിധ നടപടിയും ഡോക്ടറിനെതിരെ എടുത്തിട്ടില്ല. എന്റെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ എടുക്കാൻ മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ ഡോക്ടർമാർ ശ്രമിച്ചിട്ടും നടന്നില്ല.

ഇനിയും അത് എടുക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. ഞാൻ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങളിൽ എനിക്ക് സർക്കാർ ജോലിയോ നഷ്ടപരിഹാരമോ തരാൻ ആരോഗ്യവകുപ്പോ സർക്കാരോ തയ്യാറായില്ല. ഈ സാഹചര്യത്തിൽ ഒരു സർക്കാർ ജോലിക്കും നഷ്ടപരിഹാരത്തിനും എനിക്ക് അർഹതയുണ്ട്. സർക്കാർ ജോലി നൽകുന്നതിനെക്കുറിച്ചോ, നഷ്ടപരിഹാരത്തുക നൽകുന്നതിനെക്കുറിച്ചോ സർക്കാർ ഇപ്പോഴും ഒന്നും പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ നിയമപരമായി കോടതിയിൽ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.' സുമയ്യ വ്യക്തമാക്കി.

ഗൈഡ് വയറുമായി ബന്ധപ്പെട്ട് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് സുമയ്യ ഡോക്ടർമാരെ അറിയിച്ചിരുന്നു. എന്നാൽ ഈ വിഷയങ്ങളിലൊന്നും ആശുപത്രി അധികൃതരോ സർക്കാരോ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല എന്നാണ് സുമയ്യയുടെയും കുടുംബത്തിന്റെയും പരാതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334834/guide-wire-medical-negligence-case-sumaiya-demands-government-job-and-compensation-prepares-for-legal-action)