---
title: "കർണാടകയിൽ റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; യുവതിക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്"
english_title: "Crime Branch files case against woman who cheated crores by promising jobs in railway posts in Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334724/crime-branch-files-case-against-woman-who-cheated-crores-by-promising-jobs-in-railway-posts-in-karnataka-NEW"
published_at: "2026-01-04T21:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a92eb1d8c0_SIREN.jpg"
keywords: []
---

# കർണാടകയിൽ റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; യുവതിക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

> **Lead Summary:** **ബെംഗളൂരു:** റെയിൽവേ ടിക്കറ്റ് കലക്ടർ, ക്ലർക്ക് തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് 5.3 കോടി രൂപ തട്ടിയെടുത്ത കേസിൽ ഷംഷാദ് ബീഗം എന്ന യുവതിക്കെതിരെ കേസെടുത്ത് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച്.

## Article Content

**ബെംഗളൂരു:** റെയിൽവേ ടിക്കറ്റ് കലക്ടർ, ക്ലർക്ക് തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് 5.3 കോടി രൂപ തട്ടിയെടുത്ത കേസിൽ ഷംഷാദ് ബീഗം എന്ന യുവതിക്കെതിരെ കേസെടുത്ത് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച്.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) മഹിളാ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയാണെന്ന് അവകാശപ്പെട്ടായിരുന്നു ഷംഷാദ് ബീഗത്തിന്റെ തട്ടിപ്പ്. വിജയപുര സ്വദേശിയായ സംഗമേഷ് രാച്ചയ്യ നൽകിയ പരാതിയിലാണ് നടപടി.

ഷംഷാദിന്‍റെ പിതാവ് എം.എം. മൻസൂർ അഹമ്മദും തട്ടിപ്പിൽ പങ്കാളിയാണെന്ന് പൊലീസ് അന്വേഷണത്തിൽ‌ കണ്ടെത്തി.

തട്ടിപ്പിന് ഇരയായവർക്ക് വ്യാജ അപ്പോയ്മെന്റ് ലെറ്ററുകൾ ഷംഷാദ് ഇമെയിൽ വഴി അയച്ചുനൽകിയിരുന്നു. സാധാരണ നടക്കുന്ന പരീക്ഷയ്ക്ക് ശേഷം ഇവർക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് വിശ്വസിപ്പിച്ച് വ്യാജ അഡ്മിറ്റ് കാർഡുകളും നൽകി.

കൊൽക്കത്തയിലും മുംബൈയിലും മൂന്നു മാസത്തെ പരിശീലനം നൽകുമെന്നും വിശ്വസിപ്പിച്ചു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനെന്നും കർണാടക എക്സാമിനേഷൻ അതോറിറ്റിയിലെ ജീവനക്കാരനെന്നും പരിചയപ്പെടുത്തി മറ്റു ചിലരെയും യുവതി തട്ടിപ്പിനായി ഉപയോഗിച്ചതായാണ് വിവരം.

ബെംഗളൂരുവിലെ ഹോട്ടലുകളിൽ വച്ചായിരുന്നു ഉദ്യോഗാർഥികളെ കണ്ടിരുന്നതും പണം വാങ്ങിയിരുന്നതും. രാഷ്ട്രീയ നേതാക്കളുമായും മന്ത്രിമാരുമായും അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിക്കാനായി അവർക്കൊപ്പമുള്ള ചിത്രങ്ങൾ ഇവർ ഉദ്യോഗാർഥികളെ കാണിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334724/crime-branch-files-case-against-woman-who-cheated-crores-by-promising-jobs-in-railway-posts-in-karnataka-NEW)