---
title: " 2025-ൽ ഇന്ത്യയിൽ കടുവകളുടെ മരണസംഖ്യയിൽ വൻ വർധനവ് രേഖപ്പെടുത്തി"
english_title: "India records huge increase in tiger deaths"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334717/india-records-huge-increase-in-tiger-deaths"
published_at: "2026-01-04T20:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a7f6b6f609_TGRRR.jpg"
keywords: []
---

#  2025-ൽ ഇന്ത്യയിൽ കടുവകളുടെ മരണസംഖ്യയിൽ വൻ വർധനവ് രേഖപ്പെടുത്തി

> **Lead Summary:** **ന്യൂഡൽഹി: **ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ പുതിയ റിപ്പോർട്ടുകൾ പ്രകാരം 2025-ൽ ഇന്ത്യയിൽ കടുവകളുടെ മരണസംഖ്യയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഈ വർഷം ആകെ 166 കടുവകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചത്തത്.

## Article Content

**ന്യൂഡൽഹി: **ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ പുതിയ റിപ്പോർട്ടുകൾ പ്രകാരം 2025-ൽ ഇന്ത്യയിൽ കടുവകളുടെ മരണസംഖ്യയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഈ വർഷം ആകെ 166 കടുവകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചത്തത്.

ഇത് മുൻവർഷത്തെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 40 എണ്ണം കൂടുതലാണ്. ചത്ത കടുവകളിൽ 31 എണ്ണം കുഞ്ഞുങ്ങളാണ് എന്നത് വന്യജീവി സംരക്ഷകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു.

മരണസംഖ്യയിൽ ഏറ്റവും മുന്നിൽ മധ്യപ്രദേശാണ്. ഇവിടെ 55 കടുവകൾക്കാണ് ജീവൻ നഷ്ടമായത്. മഹാരാഷ്ട്ര-38, കേരളം-13, അസം-12 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.

കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് മരണങ്ങൾക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. സ്വാഭാവിക ആവാസവ്യവസ്ഥകൾ ചുരുങ്ങുന്നതും ഇരകളുടെ ദൗർലഭ്യവുമാണ് കടുവകളെ ഏറ്റുമുട്ടാൻ പ്രേരിപ്പിക്കുന്നത്.

സ്വന്തം പ്രദേശം സംരക്ഷിക്കാനും നിലനിൽപ്പിനുമായി കടുവകൾ തമ്മിൽ നടത്തുന്ന പോരാട്ടങ്ങൾ മരണത്തിലേക്ക് നയിക്കുന്നു.

2023-ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെ 3682 കടുവകളാണുള്ളത്. വന്യജീവി വിദഗ്ധനായ ജയറാം ശുക്ല നൽകുന്ന വിവരമനുസരിച്ച് മധ്യപ്രദേശിൽ 2014 മുതൽ കടുവകളുടെ എണ്ണത്തിൽ 60 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. നാലുവർഷത്തിലൊരിക്കൽ നടത്തുന്ന അഖിലേന്ത്യാ കടുവ സെൻസസും ഈ വർഷം ആരംഭിച്ചിരുന്നു. എന്നാൽ കടുവകളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ചുള്ള ആവാസവ്യവസ്ഥയുടെ ലഭ്യതക്കുറവാണ് തിരിച്ചടിയാകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334717/india-records-huge-increase-in-tiger-deaths)