---
title: "ആശുപത്രിയിലെത്തുന്നതിന് മുൻപെ കുഞ്ഞ് പുറത്തുവന്നു; കാറിൽ പ്രസവമെടുത്ത് ഡോക്ടറും സംഘവും"
english_title: "Baby came out before reaching hospital; Doctor and team deliver baby in car"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334676/baby-came-out-before-reaching-hospital-doctor-and-team-deliver-baby-in-car"
published_at: "2026-01-04T13:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a1e57076d3_hsptl.jpg"
keywords: []
---

# ആശുപത്രിയിലെത്തുന്നതിന് മുൻപെ കുഞ്ഞ് പുറത്തുവന്നു; കാറിൽ പ്രസവമെടുത്ത് ഡോക്ടറും സംഘവും

> **Lead Summary:** **കൊച്ചി: ** ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാറിനുള്ളിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി എറണാകുളം വിപിഎസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം. ഞായറാഴ്ച രാവിലെ 8.45 ഓടെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം.

## Article Content

**കൊച്ചി: ** ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാറിനുള്ളിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി എറണാകുളം വിപിഎസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം. ഞായറാഴ്ച രാവിലെ 8.45 ഓടെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം.

പ്രസവ വേദനയുമായി ആശുപത്രിയിലേക്ക് യാത്ര തിരിച്ച കണ്ണൂർ സ്വദേശിനിയുടെയും ആൺകുഞ്ഞിന്‍റെയും ജീവനാണ് കൃത്യസമയത്തെ ഉചിതമായ ഇടപെടലിലൂടെ അത്യാഹിത വിഭാഗത്തിലെ ഡോ. ആദിൽ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രക്ഷപ്പെടുത്തിയത്.

യുവതിയും കുടുംബവും അത്യാഹിത വിഭാഗത്തിന് മുന്നിലെത്തി കാർ നിർത്തുമ്പോൾ കുഞ്ഞ് പുറത്തുവന്ന് തുടങ്ങിയിരുന്നു. ഇതോടെ ഡോ. ആദിൽ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് ഓടിയെത്തി. സ്ട്രെച്ചറടക്കം സംവിധാനങ്ങളുമായി മറ്റ് ആരോഗ്യപ്രവർത്തകരുമെത്തി.

എന്നാൽ അവിടെ നിന്നും യുവതിയെ ആശുപത്രിക്കുള്ളിലേക്ക് മാറ്റാനാകുന്ന സാഹചര്യമല്ലെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ കാറിനുള്ളിൽ വെച്ച് തന്നെ പ്രസവത്തിനുള്ള സൗകര്യമൊരുക്കുകയായിരുന്നു. അങ്ങനെ കുടുംബത്തിന്‍റെ വോൾവോ കാറിൽ വെച്ച് തന്നെ സുരക്ഷിതമായി ഡോക്ടറും സംഘവും പ്രസവമെടുക്കുകയായിരുന്നു.

ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് തലശ്ശേരിയിൽ നിന്നും യുവതിയും ഭര്‍ത്താവും മാതാപിതാക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞ ദിവസം അരൂരിൽ എത്തിയത്. ജനുവരി 22നാണ് യുവതിക്ക് പ്രസവ തിയതി നിശ്ചയിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വേദന അനുഭവപ്പെട്ട് തുടങ്ങി.

ഇതോടെ ഇവർ അരൂരിലെ ഒരു ആശുപത്രിയിലെത്തി പരിശോധനകൾ നടത്തി തുടർനടപടികൾ സ്വീകരിച്ചിരുന്നു. വേദന കുറയുന്നതിനുള്ള മരുന്നുകൾ സ്വീകരിച്ച് മടങ്ങിയെങ്കിലും രാവിലെ എട്ട് മണിയോടെ വേദന ശക്തമായി. ഇതോടെ കുടുംബം എറണാകുളം ലേക്‌ഷോറിലേക്ക് പുറപ്പെടുകയായിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ കാറിൽ വെച്ച് കുഞ്ഞ് പുറത്തുവരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334676/baby-came-out-before-reaching-hospital-doctor-and-team-deliver-baby-in-car)