---
title: "തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ല, ആന്റണി രാജു അയോഗ്യൻ ; നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഉടൻ പുറത്തിറക്കും"
english_title: "antony raju is unfit assembly secretariat will issue notification soon "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334588/antony-raju-is-unfit-assembly-secretariat-will-issue-notification-soon"
published_at: "2026-01-03T18:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69590eb999b49_antony_raju.jpg"
keywords: []
---

# തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ല, ആന്റണി രാജു അയോഗ്യൻ ; നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഉടൻ പുറത്തിറക്കും

> **Lead Summary:** തിരുവനന്തപുരം : തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ കുറ്റക്കാരനായ ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻതന്നെ പുറത്തിറക്കും. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ് ആന്‍റണി രാജുവിന് വലിയ തിരിച്ചടിയാകുന്നത്. 2 വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി.

## Article Content

തിരുവനന്തപുരം : തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ കുറ്റക്കാരനായ ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻതന്നെ പുറത്തിറക്കും. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ് ആന്‍റണി രാജുവിന് വലിയ തിരിച്ചടിയാകുന്നത്. 2 വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി.

ഇത് പ്രകാരം ആന്‍റണി രാജുവിന് എം എൽ എ സ്ഥാനം നഷ്ടമാകും. വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയില്ല. മേൽ കോടതികളിലേക്ക് പോയി വിധിക്ക് സ്റ്റേ നേടിയാലും അയോഗ്യത നിലനിൽക്കുമെന്നതാണ് മറ്റൊരു കാര്യം.

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 19 വർഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കോടതി വിധിയിൽ പ്രതികരിച്ച് ആന്റണി രാജു രംഗത്തെത്തിയിരുന്നു.കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നായിരുന്നു മുൻ മന്ത്രി ആന്റണി രാജു പറഞ്ഞത്.

ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. 1990 ഏപ്രിൽ ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായത്.

ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരത്ത് അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതിയിലെ ക്ലർക്കിനെ സ്വാധീനിച്ച് തൊണ്ടിമുതൽ മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334588/antony-raju-is-unfit-assembly-secretariat-will-issue-notification-soon)