---
title: "കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപടി"
english_title: "KTet mandatory order frozen action taken following opposition from teachers unions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334520/ktet-mandatory-order-frozen-action-taken-following-opposition-from-teachers-unions"
published_at: "2026-01-03T11:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958abfe90236_v_sivankutty2.jpg"
keywords: []
---

# കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപടി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും സര്‍ക്കാര്‍ ഇതിനെതിരെ റിവ്യൂ ഹര്‍ജി നൽകുമെന്നും മന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും സര്‍ക്കാര്‍ ഇതിനെതിരെ റിവ്യൂ ഹര്‍ജി നൽകുമെന്നും മന്ത്രി പറഞ്ഞു.

ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. ചില സംഘടനകൾ കാര്യം എന്തെന്ന് മനസ്സിലാക്കും മുൻപ് എതിർപ്പ് ഉന്നയിച്ചു. സർക്കാർ അധ്യാപകർക്കൊപ്പമാണ്. സ്ഥാനക്കയറ്റത്തിൽ വ്യക്തത വരുമെന്നും വി ശിവൻകുട്ടി പറഞ്ഞു. കുറേപേർ രക്ഷപ്പെടുമെങ്കിൽ രക്ഷപെടട്ടെയെന്ന് അഭിപ്രായപ്പെട്ട മന്ത്രി നാൽപതിനായിരത്തോളം അധ്യാപകരെ ബാധിക്കുന്ന വിഷയമാണെന്നും കൂട്ടിച്ചേര്‍ത്തു.

**കേരളത്തിലെ** സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും പാസ്സായിരിക്കേണ്ട ഒരു യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ് (K-TET - Kerala Teacher Eligibility Test).

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (RTE), ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് കൃത്യമായ മാനദണ്ഡങ്ങൾ ഉറപ്പാക്കാനാണ് ഈ പരീക്ഷ നടത്തുന്നത്. കേരള പരീക്ഷാ ഭവനാണ് ഈ പരീക്ഷയുടെ ചുമതല വഹിക്കുന്നത്.

**കെ-ടെറ്റ് പരീക്ഷയെ പ്രധാനമായും നാല് വിഭാഗങ്ങളായി (Categories) തിരിച്ചിരിക്കുന്നു:**

**പരീക്ഷാ വിഭാഗങ്ങൾ (Categories)**

കാറ്റഗറി 1 (Lower Primary): ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ (LP School) പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക്. (യോഗ്യത: പ്ലസ് ടു + ടി.ടി.സി/ഡി.എൽ.എഡ്).

കാറ്റഗറി 2 (Upper Primary): ആറ് മുതൽ എട്ട് വരെ ക്ലാസുകളിൽ (UP School) പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക്. (യോഗ്യത: ബിരുദം + ബി.എഡ്/ഡി.എൽ.എഡ്).

കാറ്റഗറി 3 (High School): എട്ട് മുതൽ പത്ത് വരെ ക്ലാസുകളിൽ (High School) പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക്. (യോഗ്യത: ബിരുദം + ബി.എഡ്).

കാറ്റഗറി 4: സ്പെഷ്യലിസ്റ്റ് അധ്യാപകർ (ഭാഷാ അധ്യാപകർ - അറബിക്, ഹിന്ദി, സംസ്കൃതം, ഉറുദു; കായികം, കല, ക്രാഫ്റ്റ് തുടങ്ങിയവ).

**പ്രധാന വിവരങ്ങൾ**

പരീക്ഷാ രീതി: ഒബ്ജക്ടീവ് ടൈപ്പ് (Multiple Choice Questions) ചോദ്യങ്ങളാണ് ഉണ്ടാവുക.

ആകെ മാർക്ക്: 150 മാർക്കിനാണ് പരീക്ഷ.

വിജയശതമാനം: ജനറൽ വിഭാഗത്തിന് കുറഞ്ഞത് 60% (90 മാർക്ക്) ലഭിക്കണം. സംവരണ വിഭാഗങ്ങൾക്ക് (SC/ST/OBC/PH) മാർക്ക് ഇളവുണ്ട് (ഏകദേശം 55% അഥവാ 82 മാർക്ക്).

കാലാവധി: ഒരിക്കൽ കെ-ടെറ്റ് പാസ്സായിക്കഴിഞ്ഞാൽ അതിന് ആജീവനാന്ത കാലയളവ് (Lifetime Validity) ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334520/ktet-mandatory-order-frozen-action-taken-following-opposition-from-teachers-unions)