---
title: "'തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നു' - കെ. മുരളീധരൻ"
english_title: "'Vote trading took place between CPM and BJP in Thiruvananthapuram' - KMuraleedharan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334513/vote-trading-took-place-between-cpm-and-bjp-in-thiruvananthapuram-kmuraleedharan"
published_at: "2026-01-03T10:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958a66c37399_k_muraleedharan.jpg"
keywords: []
---

# 'തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നു' - കെ. മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.

ബിജെപിയുടെ സംഘടനയിലുള്ളവരേക്കാൾ കൂടുതൽ സിപിഎമ്മുകാരാണ് ഈ വോട്ട് കച്ചവടത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും ഇതൊരു കൂട്ടുകച്ചവടമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പലയിടങ്ങളിലും ബിജെപിയുടെ ഭൂരിപക്ഷം കുറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വട്ടിയൂർക്കാവിൽ ബിജെപിക്കുണ്ടായിരുന്ന 8,000 വോട്ടിന്റെ ലീഡ് ഇത്തവണ 5,700 ആയി കുറഞ്ഞു.

നേമത്ത് കഴിഞ്ഞ തവണത്തെ 2,000 വോട്ടിന്റെ ലീഡ് നിലനിർത്താൻ അവർക്ക് സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 51 സീറ്റുകൾ ലഭിച്ചെങ്കിലും നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് വിഹിതത്തിൽ വലിയ കുറവുണ്ടാക്കാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പായി യുഡിഎഫിൽ കലഹം തുടങ്ങിയെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ തമാശയായിട്ടാണ് കാണുന്നതെന്ന് മുരളീധരൻ പറഞ്ഞു. മുസ്ലിം ലീഗുമായി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശൻ മാധ്യമ പ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ചത് അയാളുടെ പേര് നോക്കിയാകും. എല്ലാവരെയും ഒരുപോലെ കണ്ട ശ്രീനാരായണ ഗുരുവിന്റെ കസേരയിലാണ് ഇരിക്കുന്നതെന്ന് അദ്ദേഹത്തിന് ഓർമവേണം.

അത് അദ്ദേഹത്തേക്കൊണ്ട് തിരുത്തിക്കാൻ എന്തുകൊണ്ട് മുഖ്യമന്ത്രി ശ്രമിച്ചില്ല. വെള്ളാപ്പള്ളിക്ക് തെറ്റുപറ്റിയാൽ തിരുത്തേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്നും മുരളീധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334513/vote-trading-took-place-between-cpm-and-bjp-in-thiruvananthapuram-kmuraleedharan)