---
title: "'മാന്യമായ വിരമിക്കലിനുള്ള സമയമാണിത്, നൽകാവുന്ന എല്ലാ സ്ഥാനങ്ങളും ഇതിനകം പാർട്ടി എ കെ ശശീന്ദ്രന് നൽകി' - എൻസിപി കോഴിക്കോട് ജില്ലാ നേതൃത്വം"
english_title: "mukkam muhamamd against ak saseendran candidateship on coming legislative assembly election"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334314/mukkam-muhamamd-against-ak-saseendran-candidateship-on-coming-legislative-assembly-election"
published_at: "2026-01-02T10:15:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69574e9b65ca2_ak_saseendran.jpg"
keywords: []
---

# 'മാന്യമായ വിരമിക്കലിനുള്ള സമയമാണിത്, നൽകാവുന്ന എല്ലാ സ്ഥാനങ്ങളും ഇതിനകം പാർട്ടി എ കെ ശശീന്ദ്രന് നൽകി' - എൻസിപി കോഴിക്കോട് ജില്ലാ നേതൃത്വം

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന് എന്‍സിപി കോഴിക്കോട് ജില്ലാ നേതൃത്വം. എലത്തൂരില്‍ പുതിയ സ്ഥാനാര്‍ത്ഥി വേണമെന്ന് എന്‍സിപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദ് പറഞ്ഞു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന് എന്‍സിപി കോഴിക്കോട് ജില്ലാ നേതൃത്വം. എലത്തൂരില്‍ പുതിയ സ്ഥാനാര്‍ത്ഥി വേണമെന്ന് എന്‍സിപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദ് പറഞ്ഞു.

നിരവധി തവണ എംഎല്‍എയും രണ്ട് തവണ തുടര്‍ച്ചയായി മന്ത്രിയുമായ എ കെ ശശീന്ദ്രന് മാന്യമായ വിരമിക്കലിനുള്ള സമയമാണിത്. നൽകാവുന്ന എല്ലാ സ്ഥാനങ്ങളും ഇതിനകം പാർട്ടി ശശീന്ദ്രന് നൽകി. രാജി ആവശ്യം ഉയര്‍ന്നപ്പോള്‍ പിന്തുണച്ചത് ഇത്തവണ മാറിനില്‍ക്കുമെന്ന ഉറപ്പിലാണെന്നും മുക്കം മുഹമ്മദ് പറഞ്ഞു.

'എ കെ ശശീന്ദ്രന്‍ പത്ത് വര്‍ഷക്കാലം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മന്ത്രിയായി. അദ്ദേഹം ഇനി അവിടെ മത്സരിക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും കരുതുന്നില്ല. പാര്‍ലമെന്ററി ജീവിതത്തില്‍ നിന്ന് ഇനി ആവശ്യമുള്ളത് മാന്യമായ ഒരു യാത്രയയപ്പാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകള്‍ തങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയാണ്. അദ്ദേഹത്തിന്റെ സഹകരണത്തോടെയും പിന്തുണയോടെയും കൂടി മറ്റൊരാളെ ജില്ലയില്‍ നിന്ന് മത്സരിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്', മുക്കം മുഹമ്മദ് പറഞ്ഞു.

എല്‍ഡിഎഫില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുന്‍പേയാണ് ശശീന്ദ്രന്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാട് വ്യക്തമാക്കി ജില്ലാ അധ്യക്ഷന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശശീന്ദ്രന്‍ ഇതിനോടകം ഏഴ് തവണ മത്സരിച്ചിട്ടുണ്ട്. ആറ് തവണ എംഎല്‍എയും രണ്ട് തവണ തുടര്‍ച്ചയായി മന്ത്രിയാകുകയും ചെയ്തു.

അങ്ങനെയുള്ളയാള്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യമാണ് എന്‍സിപി ജില്ലാ അധ്യക്ഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിമാറ്റ വിഷയത്തിലടക്കം മുന്‍പ് രാജി ആവശ്യം ഉയര്‍ന്നപ്പോഴെല്ലാം ശശീന്ദ്രനെ ചേര്‍ത്തുപിടിക്കുന്ന നിലപാടായിരുന്നു ജില്ലാ നേതൃത്വം സ്വീകരിച്ചത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുനിന്ന് ശശീന്ദ്രന്‍ മാറിനില്‍ക്കുമെന്ന ഉറപ്പിലാണ് പിന്തുണച്ചതെന്നും മുക്കം മുഹമ്മദ് നിലപാട് വ്യക്തമാക്കുന്നു. അതേസമയം എ കെ ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടി ജില്ലാ അധ്യക്ഷന്റെ നിലപാട് പുറത്തുവന്നതോടെ ശശീന്ദ്രന്‍ പ്രതികരിച്ചേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334314/mukkam-muhamamd-against-ak-saseendran-candidateship-on-coming-legislative-assembly-election)