---
title: "മുലപ്പാലില്ല, പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകി, ഇൻഡോറിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം"
english_title: "indore water crisis infant death sewage contamination"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334311/indore-water-crisis-infant-death-sewage-contamination"
published_at: "2026-01-02T09:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695749ce3fa21_child_death.jpg"
keywords: []
---

# മുലപ്പാലില്ല, പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകി, ഇൻഡോറിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

> **Lead Summary:** **ഇൻഡോർ: ( **[www.truevisionnews.com]** )** മുലപ്പാൽ കുറഞ്ഞതോടെ പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി കൊടുത്തു. പത്ത് വർഷം കാത്തിരിപ്പിന് ശേഷം ജനിച്ച ആൺകുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഇൻഡോറിൽ പൈപ്പ് വെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നത് മൂലമുണ്ടായ ദുരന്തത്തിൽ ഒടുവിലത്തെ മരണമാണ് ആറ് മാസം പ്രായമുള്ള ആൺകുഞ്ഞ്.

## Article Content

**ഇൻഡോർ: ( **[www.truevisionnews.com]** )** മുലപ്പാൽ കുറഞ്ഞതോടെ പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി കൊടുത്തു. പത്ത് വർഷം കാത്തിരിപ്പിന് ശേഷം ജനിച്ച ആൺകുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഇൻഡോറിൽ പൈപ്പ് വെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നത് മൂലമുണ്ടായ ദുരന്തത്തിൽ ഒടുവിലത്തെ മരണമാണ് ആറ് മാസം പ്രായമുള്ള ആൺകുഞ്ഞ്.

കുഞ്ഞിന് അമ്മയുടെ മുലപ്പാൽ തികയാതെ വന്നതോടെ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചാണ് പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകിയത്. ഇൻഡോറിലെ ഭഗീരത്പുരയിലെ സുനിൽ സാഹു– കിഞ്ചൽ ദമ്പതികളുടെ മകനാണ് അതിദാരുണമായി മരിച്ചത്. അഞ്ചര മാസം പ്രായമുള്ള അവ്യാനാണ് പനിയും വയറിളക്കവും ബാധിച്ച് മരിച്ചത്.

ഡിസംബർ 26നാണ് കുഞ്ഞിന് പനിയും വയറിളക്കവും ബാധിച്ചത്. ഉടൻ തന്നെ അവ്യാന് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗാവസ്ഥയിൽ കുറവുണ്ടായതിന് പിന്നാലെയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ലഭിച്ചത്.

എന്നാൽ തിരികെ വീട്ടിലെത്തി ഒരു ദിവസം പിന്നിട്ടതോടെ കുഞ്ഞിന് പനി കലശലായി. രാവിലെ ആശുപത്രിയിൽ കാണിക്കാമെന്ന ധാരണയിൽ മാതാപിതാക്കൾ മരുന്ന് നൽകി കാത്തിരുന്നു. പുലർച്ചയോടെ വയറിളക്കവും ഛർദ്ദിയും രൂക്ഷമായി അവ്യാൻ മരണപ്പെടുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന നിലയിൽ പ്രശസ്തമായ ഇൻഡോറിലാണ് കുടിവെള്ളം മരണ കാരണമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മലിനമായ വെള്ളം കുടിച്ച ആളുകൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സ തേടുന്ന കാഴ്ച ഇൻഡോറിലെ ആശുപത്രികളിൽ കാണാനുള്ളത്. മുഖ്യമന്ത്രി മോഹൻ യാദവ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളിലെത്തി സാഹചര്യം വിലയിരുത്തിയിരുന്നു. സംഭവത്തിൽ പ്രഥമ ദൃഷ്ട്യ കുറ്റക്കാരായ നാല് പേരെ ഇതിനോടകം സസ്പെൻഡ് ചെയ്തിട്ടുണ്ട്.

മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായവും രോഗികളായവർക്ക് സൌജന്യ ചികിത്സയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വിശദമാക്കി. സംഭവത്തിൽ മൂന്നംഗ സമിതിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നിരവധി തവണ പരാതി നൽകിയിട്ടും പൈപ്പ് ലൈനുകളിലെ തകരാറ് പരിഹരിക്കാൻ വൈകിയതാണ് നിലവിലെ അവസ്ഥയുടെ കാരണമെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഒക്ടോബർ മുതൽ പരാതി ഉയർന്നുവെങ്കിലും ചുമതലയിലുള്ള ഉദ്യോഗസ്ഥർ പരാതി പരിഹരിക്കാൻ താൽപര്യം കാണിക്കാത്തത് മൂലം കുടിവെള്ളം ഉപയോഗിച്ച 8 പേരാണ് നിലവിൽ മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334311/indore-water-crisis-infant-death-sewage-contamination)