---
title: "ഗുവാഹത്തി-കൊൽക്കത്ത; വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു"
english_title: "First route of Vande Bharat Sleeper announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334289/first-route-of-vande-bharat-sleeper-announced"
published_at: "2026-01-01T22:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6956acbc579c3_sss.jpg"
keywords: []
---

# ഗുവാഹത്തി-കൊൽക്കത്ത; വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു

> **Lead Summary:** ഇന്ത്യൻ റെയിൽവേ‌യുടെ പുതിയ ട്രെയിനായ വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു. ഗുവാഹത്തി-കൊൽക്കത്ത റൂട്ടിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുകയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എന്നുമുതലാണ് സർവീസ് ആരംഭിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.

## Article Content

ഇന്ത്യൻ റെയിൽവേ‌യുടെ പുതിയ ട്രെയിനായ വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു. ഗുവാഹത്തി-കൊൽക്കത്ത റൂട്ടിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുകയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എന്നുമുതലാണ് സർവീസ് ആരംഭിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണ ഓട്ടമടക്കമുള്ള എല്ലാ പരിശോധനകളും വിജയകരമായി പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു. ലോകോത്തര സൗകര്യങ്ങളും സുരക്ഷയും പ്രദാനം ചെയ്യുന്ന യാത്രാനുഭവമാവും വന്ദേ ഭാരത് സ്ലീപ്പറിന്റേതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തു തദ്ദേശീയമായി നിർമിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ അതിവേഗ പരീക്ഷണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിലടക്കം വന്നത്.

16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലുള്ളത്. 11 ത്രീ-ടയർ എസി കോച്ചുകൾ, 4 ടു-ടയർ എസി കോച്ചുകൾ, 1 ഫസ്റ്റ് എസി കോച്ചുള്ള ട്രെയിനിൽ ആകെ 823 യാത്രക്കാര്‍ക്കു സഞ്ചരിക്കാനാകും. യാത്രക്കാരുടെ സുരക്ഷയ്ക്കായി കൂട്ടിയിടി ഒഴിവാക്കുന്ന ‘കവച്’ സംവിധാനവും വന്ദേ ഭാരത് സ്ലീപ്പറിൽ ഘടിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334289/first-route-of-vande-bharat-sleeper-announced)