---
title: "‘പാർട്ടി പറഞ്ഞാൽ യുഡിഎഫിനായി കണ്ണൂരിൽ മത്സരിക്കും, പാർട്ടിയാണ് തീരുമാനിക്കേണ്ടത്’; മുല്ലപ്പള്ളിക്കു പിന്നാലെ കെ. സുധാകരനും"
english_title: "Former KPCC President K. Sudhakaran reacts to contesting the assembly elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334217/former-kpcc-president-k-sudhakaran-reacts-to-contesting-the-assembly-elections"
published_at: "2026-01-01T14:51:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69563cc77e3c3_k_sudhakaran.jpg"
keywords: []
---

# ‘പാർട്ടി പറഞ്ഞാൽ യുഡിഎഫിനായി കണ്ണൂരിൽ മത്സരിക്കും, പാർട്ടിയാണ് തീരുമാനിക്കേണ്ടത്’; മുല്ലപ്പള്ളിക്കു പിന്നാലെ കെ. സുധാകരനും

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** )** മുല്ലപ്പള്ളി രാമചന്ദ്രനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള പ്രതികരണവുമായി മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** )** മുല്ലപ്പള്ളി രാമചന്ദ്രനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള പ്രതികരണവുമായി മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

''ഇക്കാര്യം തീരുമാനിക്കേണ്ടത് ഞാനല്ല, പാർട്ടിയാണ്. എനിക്ക് ഒരു പാർട്ടിയുണ്ട്. എന്റെ പാർട്ടി പറയുന്നത് ഞാൻ കേൾക്കും. പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കും. ഇല്ലെങ്കിൽ ഇല്ല. വ്യക്തിപരമായി എനിക്ക് മത്സരിക്കണമെന്നോ വേണ്ടെന്നോ ഇല്ല'' - സുധാകരൻ പറഞ്ഞു.

നേരത്തേ മത്സരിക്കേണ്ടത് അനിവാര്യമാണെന്ന് പാർട്ടി നിർദേശിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു. തനിക്ക് മത്സരിക്കാനൊന്നും ഒരു കാലത്തും പ്രയാസമുണ്ടായിട്ടില്ലെന്നും മത്സരിക്കുകയാണെങ്കിൽ എവിടെ വേണമെങ്കിലും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സ്വാഗതംചെയ്യുമെന്ന വിശ്വാസവുമുണ്ട്. ഇതിൽ തന്റെ തീരുമാനമാണ് ഏറ്റവും പ്രധാനമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുൻ എം.പിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മുല്ലപ്പള്ളിയെ കോഴിക്കോട്ട് മത്സരിപ്പിക്കണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഏത് മണ്ഡലത്തിൽനിന്ന് മത്സരിക്കണമെന്നത് മുല്ലപ്പള്ളിയുടെ താൽപര്യം കൂടി പരിഗണിച്ചായിരിക്കും തീരുമാനിക്കുക.

ബംഗാൾ, അസം, കേരളം, തമിഴ്നാട് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ അസം, ബംഗാൾ, കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയായി.

ബിഹാറിലേതിന് സമാനമായ രാഷ്ട്രീയ അടിയൊഴുക്കുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടിത്തട്ടിലെ പ്രവർത്തനം ശക്തമാക്കാൻ നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334217/former-kpcc-president-k-sudhakaran-reacts-to-contesting-the-assembly-elections)