---
title: "എല്ലാം എല്ലാം അയ്യപ്പൻ... അപ്പോൾ പാർട്ടിയോ?' സിപിഐ എം മുൻ എംഎൽഎ പത്മകുമാറിൻ്റെ മറുപടി, ശബരിമല കൊളളയിൽ പാർട്ടിക്ക് മുമ്പിൽ മറ്റൊരു ചോദ്യം"
english_title: "Everything is Ayyappan then what about the party replied former CPI(M) MLA Padmakumar Another question before the party in Sabarimala gold theft case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333879/everything-is-ayyappan-then-what-about-the-party-replied-former-cpim-mla-padmakumar-another-question-before-the-party-in-sabarimala-gold-theft-case"
published_at: "2025-12-30T15:39:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953a66d920da_sabarimala1.jpg"
keywords: []
---

# എല്ലാം എല്ലാം അയ്യപ്പൻ... അപ്പോൾ പാർട്ടിയോ?' സിപിഐ എം മുൻ എംഎൽഎ പത്മകുമാറിൻ്റെ മറുപടി, ശബരിമല കൊളളയിൽ പാർട്ടിക്ക് മുമ്പിൽ മറ്റൊരു ചോദ്യം

> **Lead Summary:** **( **[www.truevisionnews.com]** )** 'എല്ലാം അയ്യപ്പന്‍ നോക്കിക്കോളും'. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാര്‍. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴാണ് മാധ്യമങ്ങളോട് പത്മകുമാറിന്റെ പ്രതികരണം. ദൈവതുല്യന്‍ ആരാണെന്ന ചോദ്യത്തിന് 'വേട്ടനായ്ക്കള്‍ അല്ലെ'ന്ന് പത്മകുമാര്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ ആണോ ദൈവതുല്യന്‍ എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, 'ഏതായാലും ശവംതീനികള്‍ അല്ല' എന്നായിരുന്നു മറുപടി.

## Article Content

**( **[www.truevisionnews.com]** )** 'എല്ലാം അയ്യപ്പന്‍ നോക്കിക്കോളും'. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാര്‍. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴാണ് മാധ്യമങ്ങളോട് പത്മകുമാറിന്റെ പ്രതികരണം. ദൈവതുല്യന്‍ ആരാണെന്ന ചോദ്യത്തിന് 'വേട്ടനായ്ക്കള്‍ അല്ലെ'ന്ന് പത്മകുമാര്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ ആണോ ദൈവതുല്യന്‍ എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, 'ഏതായാലും ശവംതീനികള്‍ അല്ല' എന്നായിരുന്നു മറുപടി.

അയ്യനാണോ പാർട്ടിയാണോ എം വി ഗോവിന്ദന് വലുത് എന്ന ചോദ്യം ഉയരുകയാണ്. 'എന്തുകൊണ്ടാണ് പത്മകുമാറിനെതിരെ പാർട്ടി നടപടിയെടുക്കാത്തത്, മറ്റാരെയൊക്കെയോ സംരക്ഷിക്കാനാണോ ?. കേസ് അന്വേഷിക്കുന്നത് കേന്ദ്രത്തിന്റെ അന്വേഷണ സംഘമോ എൻഐഎ(NIA) യോ അല്ല. സംസ്ഥാന സർക്കാരിന്റെ തന്നെ അന്വേഷണ സംഘമായ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം( എസ് ഐ ടി) തന്നെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിൽ അടച്ചിട്ടുള്ള നേതാവാണ് എ പത്മകുമാർ.

**വൻ സ്രാവുകൾക്ക് കവചമാകുന്നത് ആര്.?**

അയ്യപ്പൻറെ ഒരു തരി സ്വർണം നഷ്ടപ്പെടാൻ അനുവദിക്കില്ല എന്നുള്ള സ്ഥിര നിലപാടിലാണ് പാർട്ടി ഉള്ളതെങ്കിലും നടപടിയിൽ മൗനം കാണിക്കുന്നത് നിരാശാജനകമാണ്. 'ആരാണോ ഉത്തരവാദി അവരെയെല്ലാം നിയമത്തിന് മുൻപിൽ കൊണ്ടുവരണം. ഒരാളെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ല.

അറസ്റ്റിലായവർക്ക് ഇതിലുള്ള പങ്ക് എന്താണെന്ന് കൃത്യമായി തിരിച്ചറിയാത്തത് കൊണ്ടാണ് പാർട്ടി നടപടി സ്വീകരിക്കാത്തത്. അത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നോട്ടക്കുറവ് ഉണ്ടായോ എന്ന് കുറ്റപത്രം ലഭിച്ചാൽ മാത്രമേ മനസ്സിലാകൂ. കുറ്റപത്രം സമർപ്പിച്ചാൽ കഴിഞ്ഞാൽ കൃത്യമായ നിലപാട് സ്വീകരിക്കുമെന്നുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞത്.

എസ്ഐടി അങ്ങനെ ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത ആളെ അറസ്റ്റ് ചെയ്ത് തടവിൽ വെക്കുമോ എന്നത് ചിന്തിക്കേണ്ടതല്ലേ?. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം എ പത്മകുമാർ സംസ്ഥാന കമ്മറ്റി അംഗമോ കേന്ദ്ര കമ്മറ്റി അംഗമോ ആയ ഒരു വലിയ നേതാവല്ല. ഒരു തവണ മാത്രം തെരഞ്ഞെടുപ്പിൽ വിജയിച്ച് മുപ്പത്തിനാലാം വയസ്സിൽ, 1991ൽ കോന്നി എംഎൽഎ ആയ ഇദ്ദേഹത്തിനെതിരെ അനങ്ങാൻ പോലും പാർട്ടി തയ്യാറാകുന്നില്ല.

പക്ഷെ 42 വർഷത്തോളമായി എന്നും പിണറായി പക്ഷത്ത് നിലകൊള്ളുന്ന തലയെടുപ്പുള്ള ആളായതുകൊണ്ടാണോ നടപടി പാർട്ടിയെ കുരുക്കുന്നത് .? ഈ നിതാന്ത മൗനത്തിന് കാരണം മറ്റാരെയൊക്കയോ ഉന്നതരെ 'വലിയ സ്രാവുകളെ' സംരക്ഷിക്കാനാണെന്ന കോടതിയുടെ ചോദ്യം പോലും മുന്നിൽ കാണേണ്ടതുണ്ട്. അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദം സൃഷ്ടിച്ച് ഉന്നതരിലേക്കുള്ള അന്വേഷണം മരവിപ്പിക്കുന്നതാണ് തുടർന്നുകൊണ്ടിരിക്കുന്നത് എന്നത് പറയാതെ വയ്യ.

കേസില്‍ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടിയിട്ടുള്ളത്. ഇതോടെ പത്മകുമാര്‍ ജയിലില്‍ തുടരും. എല്ലാം ചെയ്തിരുന്നത് പത്മകുമാറാണെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു, എല്ലാം അയ്യപ്പന്‍ നോക്കിക്കോളുമെന്ന് പത്മകുമാര്‍ പറഞ്ഞത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിനെ പൂര്‍ണമായും പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന മൊഴിയാണ് അവസാനം അറസ്റ്റിലായ എന്‍. വിജയകുമാര്‍ നൽകുന്നത്. ഇന്നലെയാണ് പത്മകുമാറിന്റെ ബോര്‍ഡിലെ അംഗമായ വിജയകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ തനിക്ക് ഒന്നും അറിയില്ല എന്നായിരുന്നു വിജയകുമാറിന്റെ മൊഴി.

പത്മകുമാര്‍ സഖാവാണ് ബോര്‍ഡിലെ പ്രധാനകാര്യങ്ങള്‍ നോക്കുന്നതും ചെയ്യുന്നതും. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുപോകുന്നു എന്ന് ബോര്‍ഡ് യോഗത്തില്‍ അറിയിച്ചതും അദ്ദേഹമാണ്. തീരുമാനം എടുത്തതും അദ്ദേഹമാണ്. സഖാവ് പറഞ്ഞത് അനുസരിച്ച് മിനിട്സ് വായിച്ചുനോക്കാതെ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തത്.

ഇത് പ്രശ്നമാകുമെന്ന് കരുതിയില്ല. വലിയ സ്വര്‍ണക്കൊളളയാണ് ലക്ഷ്യമെന്ന് അറിയില്ലായിരുന്നു എന്നും വിജയകുമാര്‍ മൊഴി നല്‍കി.നേരത്തെ വിജയകുമാറിനെയും മറ്റൊരു ബോര്‍ഡ് അംഗമായിരുന്ന കെ.പി. ശങ്കര്‍ദാസിനെയും എസ്ഐടി ചോദ്യംചെയ്തിരുന്നു. ഇതേ മൊഴി തന്നെയാണ് അന്നും ഇരുവരും നല്‍കിയത്. ഇതോടെയാണ് എ പത്മകുമാറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ വേഗത്തില്‍ കടന്നത്.

2019ലെ ഭരണസമിതിയില്‍ പത്മകുമാറിന്റെ അപ്രമാദിത്വമായിരുന്നു എന്ന് അംഗങ്ങള്‍ മൊഴി നല്‍കുമ്പോള്‍ അത് ആരുടെ പിന്തുണയിലാണ് എന്ന ചോദ്യവും പ്രസക്തമാണ്. സിപിഎം പ്രതിനിധിയായി എത്തിയിട്ടും വിജയകുമആറിനെ പോലും അറിയിക്കാതെ പത്മകുമാര്‍ ഇതെല്ലാം ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയിലേയോ സര്‍ക്കാരിലേയോ ഉന്നതരുടെ പിന്തുണ ഉറപ്പായും ഉണ്ടാകണം. ഈ സംശയമാണ് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സംശയനിഴലില്‍ നിര്‍ത്തുന്നത്.

**പാർട്ടിക്ക് കുരുക്കായി വാസുവും**

ശബരിമല സ്വർണമോഷണ കേസിൽ അഞ്ചാമനായി അറസ്റ്റിലായത് സിപിഐഎം നേതാവായ എൻ വാസു. 27ാമത്തെ വയസിൽ പഞ്ചായത്ത് പ്രസിഡന്റ്,67ാമത്തെ വയസിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്,ഒടുവിൽ സ്വർണക്കൊള്ളയിൽ പ്രതി . ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപ്പട്ടികയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തി‌യാണ് നവംബർ പതിനൊന്നിന് അറസ്റ്റിലായ എൻ വാസു. അറസ്റ്റിലേക്ക് നയിച്ചത് മുരാരി ബാബുവിന്റെയും സുധീഷ് കുമാറിന്റയും മൊഴികളാണ്. പഞ്ചായത്ത് പ്രസിഡന്റ് മുതൽ‌ ദേവസ്വം ബോർഡ് പ്രസിഡന്റ് വരെയുള്ള പദവിയിലെത്തിയ വാസുവിന്റെ സർവീസ് യാത്ര അപൂർവതകൾ നിറഞ്ഞതാണ്.

ഒരു രക്ഷയെന്നോണം സ്വര്‍ണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നാണ് എന്‍.വാസു അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. തന്‍റെ അറിവോടെയല്ല സ്വര്‍ണം പൂശാനായി കൊണ്ടുപോയതെന്നും വാസു മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നാണ് വാസു മൊഴി നൽകിയത്.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി വ്യക്തിപരമായ ഒരു ബന്ധമില്ലെന്നും സ്വർണ പാളി കൊണ്ട് പോകുന്നത് തന്റെ കാലയളവിൽ അല്ലെന്നും നേരത്തെ വാസു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.സ്വർണ പാളി കൊണ്ട് പോകുന്നത് തന്റെ കാലയളവിൽ അല്ലെന്നും അതുകൊണ്ടാണ് വിഷയത്തിൽ അഭിപ്രായം പറയാതിരുന്നതെന്നും എൻ.വാസു പറഞ്ഞു. സ്പോൺസർ എന്ന നിലയിലാണ് പോറ്റിയെ പരിചയമുള്ളത്. നിരവധി സ്പോൺസർമാർ ശബരിമലയിൽ ഉണ്ടാകാറുണ്ട്.അവരെ പറ്റി കൂടുതൽ അന്വേഷണം നടത്തൽ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ, കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയില്‍ അപേക്ഷ നല്‍കി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ഡി മണിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333879/everything-is-ayyappan-then-what-about-the-party-replied-former-cpim-mla-padmakumar-another-question-before-the-party-in-sabarimala-gold-theft-case)