---
title: "18 രൂപ ഗൂഗിള്‍ പേ ചെയ്യാനായില്ല; യുവതിയെ രാത്രി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നടുറോഡിൽ ഇറക്കിവിട്ടതായി പരാതി"
english_title: "ksrtc conductor forces woman off bus vellarada google pay issue complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333679/ksrtc-conductor-forces-woman-off-bus-vellarada-google-pay-issue-complaint"
published_at: "2025-12-29T16:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69525942ce4ea_women_complaint.jpg"
keywords: []
---

# 18 രൂപ ഗൂഗിള്‍ പേ ചെയ്യാനായില്ല; യുവതിയെ രാത്രി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നടുറോഡിൽ ഇറക്കിവിട്ടതായി പരാതി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** രാത്രി യാത്രയ്ക്കിടയിൽ യുവതിയെ കെഎസ്ആർടിസി ബസ്സിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിൾ പേ വർക്ക് ചെയ്യാത്തതാണ് ബസ്സിൽ നിന്ന് ഇറക്കിവിടാൻ കാരണമെന്നാണ് പറയുന്നത്. രണ്ടര കിലോമീറ്ററോളം നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയത്. പരാതിയുമായി യുവതി രംഗത്ത് എത്തി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** രാത്രി യാത്രയ്ക്കിടയിൽ യുവതിയെ കെഎസ്ആർടിസി ബസ്സിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിൾ പേ വർക്ക് ചെയ്യാത്തതാണ് ബസ്സിൽ നിന്ന് ഇറക്കിവിടാൻ കാരണമെന്നാണ് പറയുന്നത്. രണ്ടര കിലോമീറ്ററോളം നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയത്. പരാതിയുമായി യുവതി രംഗത്ത് എത്തി.

26-ാം തീയതി രാത്രി 9 മണിക്കായിരുന്നു സംഭവം. വെള്ളറട സ്വദേശിയും , കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ ദിവ്യ ആണ് പരാതി നൽകിയത്. പതിവായി ഡ്യൂട്ടി കഴിഞ്ഞ് രാത്രി 9:45 നെയ്യാറ്റിൻകരയിൽ നിന്നുള്ള ഉള്ള അവസാന ബസ്സിലാണ് ദിവ്യ വീട്ടിൽ പോകാറുള്ളത്.

ആരോഗ്യപ്രശ്‌നം ഉള്ളതിനാൽ, സംഭവദിവസം രാത്രി 8:30ന് വീട്ടിലേക്ക് മടങ്ങിയ ദിവ്യ കൂനമ്പനയിൽ നിന്ന് ബസ്സുകയറി. ഇതിനിടെ പഴ്‌സെടുക്കാൻ മറന്നതായി ദിവ്യ പറയുന്നു. ഗൂഗിൾ പേ ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന വിശ്വാസത്തിലാണ് ബസ്സിൽ കയറിയത്. 18 രൂപയുടെ ടിക്കറ്റ് എടുത്ത് ഗൂഗിൾ പേ ഉപയോഗിച്ചില്ലെങ്കിലും സെർവർ തകരാർ കാരണം യഥാക്രമം ഇടപാട് നടത്താൻ കഴിഞ്ഞില്ല. പ്രകോപിതനായ കണ്ടക്ടർ തോലടിയിൽ ഇറക്കിവിടുകയായിരുന്നു എന്നാണ് പരാതി.

'സർവറിന്റെ തകരാറാണെന്നും, അല്പസമയത്തിനകം കാശ് അയക്കാൻ കഴിയുമെന്നും പറഞ്ഞിരുന്നു. ഇല്ലെങ്കിൽ സർവീസ് അവസാനിപ്പിക്കുന്ന വെള്ളറടയിൽ ഇറങ്ങേണ്ട തനിക്ക് അവിടെനിന്നും കാശ് തരപ്പെടുത്തി നൽകാൻ കഴിയും എന്നും കണ്ടക്ടറോട് പറഞ്ഞു. എന്നാൽ കണ്ടക്ടർ ഇതിന് വഴങ്ങിയില്ല. ഇത്തരം തട്ടിപ്പുകാരെ തനിക്കറിയാമെന്നും, ബസ്സിൽ നിന്ന് ഇറങ്ങെടീ എന്ന് ആക്രോശിച്ചുകൊണ്ട്

ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു' ദിവ്യയുടെ പരാതിയിൽ പറയുന്നു. തെരുവു വിളക്കുകൾ പോലും ഇല്ലാത്ത തോലടിയിൽ നിൽക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനെ തുടർന്ന് ഭർത്താവിനെ വിവരമറിയിച്ച ശേഷം രണ്ടര കിലോമീറ്റർ നടക്കുകയായിരുന്നുവെന്നും ദിവ്യ പറഞ്ഞു. പിന്നീട് ഭർത്താവ് എത്തിയതായും ദിവ്യ വ്യക്തമാക്കി.

കെഎസ്ആർടിസി ബസിലെ സ്ഥിരം യാത്രകയായ ദിവ്യ പലപ്പോഴും ഗൂഗിൾ പേ ഉപയോഗിച്ച് തന്നെയാണ് ടിക്കറ്റുകൾ എടുക്കാറുള്ളത്. സംഭവത്തിൽ ദിവ്യ വകുപ്പ് മന്ത്രിക്കും, വെള്ളറട സ്റ്റേഷൻ മാസ്റ്റർക്കും പരാതി നൽകിയിട്ടുണ്ട്. ദിവ്യയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും വകുപ്പുതല അന്വേഷണം നടത്തുമെന്നും ഡിപ്പോ അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333679/ksrtc-conductor-forces-woman-off-bus-vellarada-google-pay-issue-complaint)