---
title: "സ്ത്രീധനം തിരികെ ചോദിച്ചു; യുവതിയെ ഭർത്താവും സഹോദരിയും ചേർന്ന് തലക്കടിച്ചു കൊലപ്പെടുത്തി"
english_title: "woman beaten to death by husband and sister in maharashtra for demanding dowry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333664/woman-beaten-to-death-by-husband-and-sister-in-maharashtra-for-demanding-dowry"
published_at: "2025-12-29T15:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69524cbf96f04_crime.jpg"
keywords: []
---

# സ്ത്രീധനം തിരികെ ചോദിച്ചു; യുവതിയെ ഭർത്താവും സഹോദരിയും ചേർന്ന് തലക്കടിച്ചു കൊലപ്പെടുത്തി

> **Lead Summary:** **മുംബൈ: [ ** സ്ത്രീധനം മടക്കിക്കൊടുക്കാൻ ആവശ്യപ്പെട്ടതിന് യുവതിയെ ഭർത്താവും ഭർതൃസഹോദരിയും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. കൽപന സോണി എന്ന മുപ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്.

## Article Content

**മുംബൈ: [ ** സ്ത്രീധനം മടക്കിക്കൊടുക്കാൻ ആവശ്യപ്പെട്ടതിന് യുവതിയെ ഭർത്താവും ഭർതൃസഹോദരിയും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. കൽപന സോണി എന്ന മുപ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്.

ഭർത്താവ് മഹേഷ് സോണിയെയും ഇയാളുടെ സഹോദരി ദീപാലി സോണിയെയും പോലീസ് അറസ്റ്റ് ചെയ്തു. വീരാർ വെസ്റ്റിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കും ഒപ്പമായിരുന്നു കൽപനയുടെ താമസം. 2015-ലാണ് കൽപനയും മഹേഷും വിവാഹിതരായത്. കൽപനയെ ഭർതൃവീട്ടുകാർ ശാരീകമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതേച്ചൊല്ലി വാക്കുതർക്കങ്ങളും പതിവായിരുന്നു.

ശനിയാഴ്ച, വഴക്കുണ്ടായതിന് പിന്നാലെ കൽപന, അവരുടെ സ്ത്രീധനം തിരികെ ആവശ്യപ്പെട്ടു. സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയാണെന്നും പറഞ്ഞു. ഇതോടെ മഹേഷും ദീപാലിയും കുപിതരാവുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൽപനയെ ആക്രമിക്കുകയുമായിരുന്നെന്ന് സീനിയർ ഇൻസ്‌പെക്ടർ പ്രകാശ് കവാലെ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ കൽപനയെ അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കൽപന കുളിമുറിയിൽ തെന്നിവീണ് പരിക്കേറ്റതാണെന്നായിരുന്നു മഹേഷും ദീപാലിയും ആദ്യം പറഞ്ഞത്. എന്നാൽ, ക്രൂരമായ മർദനത്തെ തുടർന്നാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

കൽപന-മഹേഷ് ദമ്പതികളുടെ ഏഴുവയസ്സുകാരി മകൾ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. കൽപനയുടെ അമ്മയുടെ സഹോദരന്റെ പരാതിയിലാണ് മഹേഷിനെയും ദീപാലിയെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി ഏഴുദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333664/woman-beaten-to-death-by-husband-and-sister-in-maharashtra-for-demanding-dowry)