---
title: "വായ തുറന്നാൽ കൊന്നുകളയും! ബിജെപി  കൗൺസിലറുടെ ഭർത്താവ് കത്തിമുനയിൽ ബലാത്സംഗം ചെയ്‌തു, വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി, പരാതി"
english_title: "BJP councilor's husband raped her at knifepoint, woman complains"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333495/bjp-councilors-husband-raped-her-at-knifepoint-woman-complains"
published_at: "2025-12-28T14:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6950f18cb85be_case.jpg"
keywords: []
---

# വായ തുറന്നാൽ കൊന്നുകളയും! ബിജെപി  കൗൺസിലറുടെ ഭർത്താവ് കത്തിമുനയിൽ ബലാത്സംഗം ചെയ്‌തു, വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി, പരാതി

> **Lead Summary:** **ഭോപ്പാൽ: **ബിജെപി കൗൺസിലറുടെ ഭർത്താവ് കത്തിമുനയിൽ ബലാത്സംഗം ചെയ്‌തെന്നും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയെന്നും സ്ത്രീയുടെ പരാതി. മധ്യപ്രദേശിലെ രാംപുർ ഭഗേലാൻ നഗർ പരിഷത്തിലെ ബിജെപി കൗൺസിലറുടെ ഭർത്താവായ അശോക് സിങ്ങിനെതിരെയാണ് സ്ത്രീ പരാതിയുമായി രംഗത്തെത്തിയത്. അശോക് സിങ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോദൃശ്യങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.

## Article Content

**ഭോപ്പാൽ: **ബിജെപി കൗൺസിലറുടെ ഭർത്താവ് കത്തിമുനയിൽ ബലാത്സംഗം ചെയ്‌തെന്നും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയെന്നും സ്ത്രീയുടെ പരാതി. മധ്യപ്രദേശിലെ രാംപുർ ഭഗേലാൻ നഗർ പരിഷത്തിലെ ബിജെപി കൗൺസിലറുടെ ഭർത്താവായ അശോക് സിങ്ങിനെതിരെയാണ് സ്ത്രീ പരാതിയുമായി രംഗത്തെത്തിയത്. അശോക് സിങ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോദൃശ്യങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.

ആറുമാസം മുൻപാണ് അശോക് സിങ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് സ്ത്രീയുടെ പരാതിയിലുള്ളത്. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി, കത്തിമുനയിൽ ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ തന്നെയും കുടുംബത്തെയും കൊന്നുകളയുമെന്നും വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

ഭീഷണിയെത്തുടർന്ന് സംഭവം ആരോടും പറഞ്ഞില്ല. എന്നാൽ, ഡിസംബർ 20-ന് വീണ്ടും പ്രതി പീഡിപ്പിച്ചു. സമാനരീതിയിൽ ഭീഷണിയും ആവർത്തിച്ചെന്നും പരാതിയിൽ പറയുന്നു. അശോക് സിങ്ങിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പരാതിക്കാരിയുടെ ആരോപണം. കേസുകളിൽ ഉൾപ്പെട്ടതിനാൽ ഇയാളെ ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. തന്റെ കടയിൽ പതിവായി വന്നിരുന്ന പ്രതി, പരസ്യമായി ഭീഷണി മുഴക്കാറുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

ഇത്തരത്തിൽ അശോക് സിങ് ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളാണ് പരാതിക്കാരി പുറത്തുവിട്ടിട്ടുള്ളത്. എവിടെയും പരാതി കൊടുത്തോളൂ എന്നും തനിക്കൊന്നും സംഭവിക്കില്ലെന്നും അശോക് സിങ് പറയുന്നത് വീഡിയോയിൽ കേൾക്കാം. പരാതിക്കാരി കരയുന്നതും വീഡിയോയിലുണ്ട്.

സംഭവത്തിൽ സത്‌ന പോലീസ് സൂപ്രണ്ടിനാണ് സ്ത്രീ പരാതി നൽകിയിട്ടുള്ളതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. പോലീസ് സൂപ്രണ്ട് ഇത് ഡിഎസ്പിക്ക് കൈമാറിയതായും പോലീസ് അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളിലുണ്ട്. അതേസമയം, പ്രതിയെ ഇതുവരെ അറസ്റ്റ്‌ചെയ്തിട്ടില്ല. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333495/bjp-councilors-husband-raped-her-at-knifepoint-woman-complains)