---
title: "'കഴിഞ്ഞദിവസമാണ് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്, പോലീസ് ഉദ്യോഗസ്ഥ എന്നതൊക്കെ കഴിഞ്ഞല്ലോ, ഒഴിപ്പിക്കാനുള്ള അധികാരമില്ലല്ലോ' - വി.കെ. പ്രശാന്ത് "
english_title: "RSreelekha, asked to vacate his office, was using Vattiyoorkavu MLA VKPrashanth"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333468/rsreelekha-asked-to-vacate-his-office-was-using-vattiyoorkavu-mla-vkprashanth"
published_at: "2025-12-28T11:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6950c433d47da_v_prashanth.jpg"
keywords: []
---

# 'കഴിഞ്ഞദിവസമാണ് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്, പോലീസ് ഉദ്യോഗസ്ഥ എന്നതൊക്കെ കഴിഞ്ഞല്ലോ, ഒഴിപ്പിക്കാനുള്ള അധികാരമില്ലല്ലോ' - വി.കെ. പ്രശാന്ത് 

> **Lead Summary:** **തിരുവനന്തപുരം: **ബിജെപി കൗൺസിലറായ ആർ. ശ്രീലേഖ തന്റെ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത് ശരിയായ രീതിയല്ലെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. കഴിഞ്ഞദിവസമാണ് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ വിളിച്ചതെന്നും എന്നാൽ, വാടകകാലാവധി കഴിയുന്നമുറയ്ക്ക് ആലോചിക്കാമെന്നാണ് അവർക്ക് മറുപടി നൽകിയതെന്നും വി.കെ. പ്രശാന്ത് പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **ബിജെപി കൗൺസിലറായ ആർ. ശ്രീലേഖ തന്റെ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത് ശരിയായ രീതിയല്ലെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. കഴിഞ്ഞദിവസമാണ് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ വിളിച്ചതെന്നും എന്നാൽ, വാടകകാലാവധി കഴിയുന്നമുറയ്ക്ക് ആലോചിക്കാമെന്നാണ് അവർക്ക് മറുപടി നൽകിയതെന്നും വി.കെ. പ്രശാന്ത് പറഞ്ഞു.

''നഗരസഭയുടെ കെട്ടിടത്തിലാണ് എംഎൽഎ ഓഫീസുള്ളത്. അതിന് മുൻഭാഗത്തെ കെട്ടിടത്തിൽ കൗൺസിലറുടെ ഓഫീസും. കഴിഞ്ഞ ഏഴുവർഷമായി കൗൺസിലർമാരും എംഎൽഎയും ഒരുമിച്ചാണ് ഓഫീസ് പ്രവർത്തനവുമായി മുന്നോട്ടുകൊണ്ടുപോകുന്നത്.

കഴിഞ്ഞദിവസമാണ് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. തന്റേത് ചെറിയ ഓഫീസാണെന്നും സൗകര്യം പോരെന്നും കുറച്ചുകൂടി സൗകര്യത്തിനായി എംഎൽഎയുടെ ഓഫീസ് മാറിത്തരണമെന്നും പറഞ്ഞു. വാടകകാലാവധിയുണ്ടെന്ന് ഞാൻ പറഞ്ഞു. അത് കഴിയുന്നമുറയ്ക്ക് ആലോചിക്കാമെന്നും മറുപടി പറഞ്ഞു.

ഇത് ശരിയായ രീതിയല്ല. മുൻ മേയറായ ആളാണ് ഞാൻ. കെട്ടിടം നിർമിച്ചതും ഉദ്ഘാടനംചെയ്തതും ഞാൻ തന്നെയാണ്. പക്ഷേ, അതൊരു അവകാശവാദമല്ല. പക്ഷേ, ഒരു സാമാന്യമര്യാദയുണ്ടല്ലോ. ഒരു നഗരസഭാ കൗൺസിലിന്റെ തീരുമാനമാണിത്.

അങ്ങനെയാണെങ്കിൽ ആ തീരുമാനം റദ്ദ് ചെയ്യണം. സെക്രട്ടറി ഞങ്ങൾക്ക് നോട്ടീസ് നൽകണം. ഇങ്ങനെ നിയമപരമായ നടപടി പാലിച്ചുകൊണ്ടാണ് വാടകക്കാരെ മാറ്റേണ്ടത്. ഇതൊന്നും പാലിക്കാതെ കൗൺസിലർ വിളിച്ച് എംഎൽഎ ഓഫീസ് ഒഴിയണമെന്ന് പറയുന്ന സ്ഥിതിയിലേക്ക് പോയത് ബന്ധപ്പെട്ടവർ പരിശോധിക്കണം. അത് ശരിയാണോ എന്ന് പരിശോധിക്കണം.

പോലീസ് ഉദ്യോഗസ്ഥ എന്നതൊക്കെ കഴിഞ്ഞല്ലോ. ഒഴിപ്പിക്കാനുള്ള അധികാരമില്ലല്ലോ. അത് അവർ മനസിലാക്കുന്നത് നന്നായിരിക്കും. കാലാവധി കഴിയട്ടെ, അപ്പോൾ ആലോചിക്കാം. അതിന് മുൻപ് ഒഴിപ്പിക്കണമെങ്കിൽ ഒഴിപ്പിച്ചോ എന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്.

ഇതെന്താ വെള്ളരിക്കാപ്പട്ടണമോ. ഒരു പ്രതിപക്ഷ ബഹുമാനം കൊടുക്കേണ്ടേ. അവർക്ക് അധികാരം കിട്ടിയെന്ന് പറഞ്ഞ് ഇനിമുതൽ ഇവിടെ ആരും ശബ്ദിക്കേണ്ട എന്നുപറയുന്ന നിലപാടൊന്നും അംഗീകരിക്കാനാകില്ല'', വി.കെ. പ്രശാന്ത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333468/rsreelekha-asked-to-vacate-his-office-was-using-vattiyoorkavu-mla-vkprashanth)